തൃശൂര്‍: 12 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ ബംഗാള്‍ സ്വദേശിയെ മൂന്നു മണിക്കൂറിനകം പിടികൂടി നെടുപുഴ പോലീസ്. പശ്ചിമ ബംഗാള്‍ മഞ്ചാര്പുര് സ്വദേശി റിജുവാന്‍ മല്ലി(24) ക്കാണ് പിടിയിലായത്. കണിമംഗലം പനമുക്ക് ഓവര്‍ ബ്രിഡ്ജിന് സമീപം കോണ്‍വെന്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബപന് യഷുവിന്റെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്ന് ഇന്നലെ രാവിലെയാണ് ജോലിക്കാരനായ റിജുവാന്‍ മല്ലിക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച നടത്തി മുങ്ങിയത്.
ഉടമസ്ഥനായ ബപന് യഷു തലേന്ന് രാത്രി പണി പൂര്‍ത്തിയാക്കി ആഭരണങ്ങള്‍ അലമാരയില്‍ പൂട്ടി വെച്ചിട്ടാണ് മടങ്ങിയത്. പുലര്‍ച്ചെ അഞ്ചിന് വീണ്ടും ജോലി ആരംഭിക്കാനായി എത്തിയപ്പോഴാണ് ആഭരണങ്ങള്‍ കളവുപോയ കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജോലിക്കാരന് റിജുവാന്‍ മല്ലിക്ക് മുങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടു. നെടുപുഴ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.ജി. ദിലീപ് ഉടന്‍തന്നെ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് പ്രതിയുടെ ലൊക്കേഷന്‍ പരിശോധിക്കുകയും പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടുകയുമായിരുന്നു. രാവിലെ ഏഴു മണിയോടെ പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ആയിരുന്നു അവസാന ലൊക്കേഷന്‍ വ്യക്തമായിരുന്നത്.
പ്രതി കേരളം വിട്ടിട്ടില്ലെന്നു മനസിലായതോടെ പോലീസ് ചങ്ങരംകുളം ഭാഗത്തുള്ള സ്വര്‍ണ പണിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുമായി പരാതിക്കാരുടെ സഹായത്തോടെ ബന്ധപ്പെട്ടു. പ്രതിയുടെ ഫോട്ടോയും വിശദാംശങ്ങളും കൈമാറി. ഇതിനിടെ പ്രതി റിജുവാന്‍ ബംഗാളില്‍ ഉള്ള തന്റെ സുഹൃത്തിനോട് താന്‍ മലപ്പുറം ജില്ലയിലെ വേങ്ങരയിലേക്ക് പോയികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞതായി വിവരം ലഭിച്ചു. എന്നാല്‍ മോഷണം ചെയ്ത സ്വര്‍ണവുമായാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ ബംഗാളില്‍ ഉള്ള പ്രതിയുടെ സുഹൃത്തുക്കളുമായും പരാതിക്കാരുടെയും സഹായത്തോടെ പോലീസ് ഇതിനകം ബന്ധപ്പെട്ടിരുന്നു.
മലപ്പുറം വേങ്ങരയിലുള്ള ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോയിലാണ് പോകുന്നത് എന്ന വിവരം കൂടി ലഭിച്ചതോടെ ഉടന്‍ തന്നെ ഇന്‍സ്പെക്ടര്‍ ദിലീപ് വേങ്ങര പോലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെട്ട് പ്രതിയുടെ വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് നെടുപുഴ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അനുദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സന്തോഷ് ജോര്‍ജ് എന്നിവര്‍ പിന്നാലെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച 255 ഗ്രാം സ്വര്‍ണാഭരണങ്ങളും പരാതിയില്‍ നിന്ന് കണ്ടെടുത്തു. മോഷണവിവരം അറിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളിലാണ് അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടാനായത്. മലപ്പുറത്ത് സ്വര്‍ണം വില്പന നടത്തി ബംഗാളിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്വര്‍ണപ്പണി മേഖലയില്‍ ബഹുഭൂരിപക്ഷം പേരും ബംഗാളികള്‍ ആണ്. അവര്‍ക്കിടയില്‍ ഇത്തരത്തില്‍ പണിക്കായി ഏല്‍പ്പിച്ച സ്വര്‍ണം തിരികെ കൊടുക്കാതെ മുങ്ങുന്നതും മോഷണം ചെയ്തു കൊണ്ടുപോകുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. മുന്‍പും സമാന രീതിയില്‍ മോഷണം നടത്തിയത് പോലീസിന്റെ അടിയന്തര ഇടപെടലില്‍ കണ്ടെടുത്തിരുന്നു. സ്ഥാപന ഉടമകള്‍ പുലര്‍ത്തുന്ന ജാഗ്രത കുറവാണ് മോഷണം വര്‍ധിക്കാന്‍ പ്രധാന കാരണം. കിലോക്കണക്കിന് സ്വര്‍ണം ഒരു രേഖയും ഇല്ലാതെയാണ് അവരെ ഏല്‍പ്പിക്കുന്നത്. ഇവര്‍ മുങ്ങിയാല്‍ ബംഗാളിലാണ് കൊള്ള മുതലുമായി പൊങ്ങുക. അവിടെ എത്തിച്ചേര്‍ന്നാല്‍ പിന്നീട് അവരില്‍ നിന്നും സ്വര്‍ണം തിരികെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. നെടുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.ജി. ദിലീപ്, സബ് ഇന്‍സ്പെക്ടര്‍ അനുദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ജോര്‍ജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയന്തി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: