സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ഇന്നത്തെ സുദിനം രേഖപ്പെടുത്തുന്നത് ദേശസ്നേഹികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ്. വര്‍ഷംതോറും ആഗസ്ത് പതിനഞ്ചിന് സ്വാതന്ത്ര്യത്തിന്റെ മധുരമാണ് നുണഞ്ഞിരുന്നതെങ്കിലും ഇക്കുറി രാജ്യത്തെ ഓരോ പൗരനും അമൃത് ഭുജിക്കുകയാണ്. ലഭ്യമായതില്‍ ഏറ്റവും ആസ്വാദ്യകരമായതിനെയാണല്ലോ അമൃതെന്ന് വിശേഷിപ്പിക്കുന്നത്. ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ രാജ്യമെമ്പാടും അതിന്റെ സന്തോഷം അലയടിക്കുകയാണ്. നൂറ്റിമുപ്പതുകോടി ജനതയുടെയും അഭിമാനത്തിന്റെ ആകാശത്ത് ത്രിവര്‍ണ പതാക പാറിക്കളിക്കുന്നു. എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ആസേതു ഹിമാചലം ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ പതിവുചടങ്ങുകളിലൊന്നായി മാറിയിരുന്ന പതാക ഉയര്‍ത്തല്‍ എല്ലാം പരിധികളും ലംഘിച്ച് എല്ലാവരുടെയും കൈകളിലേക്ക് എത്തുകയാണ്. പതാകയുടെ ആകൃതിയിലും ഇന്ത്യന്‍ ഭൂപടത്തിന്റെ രൂപത്തിലുമെല്ലാം എണ്ണമറ്റ ‘മനുഷ്യ പതാകകള്‍’ പ്രത്യക്ഷപ്പെടുന്നു. ഭാരതമെന്ന വിശാല ഭൂഭാഗത്തിന്റെ വിദൂരകോണുകളില്‍പ്പോലും ദേശീയ പതാകകള്‍ ഉയരുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്, മഹത്വത്തിലേക്കും കരുത്തിലേക്കുമുള്ള രാഷ്ട്രത്തിന്റെ പ്രയാണത്തില പുതിയൊരധ്യായം കുറിച്ചിരിക്കുന്നു. കൂടുതല്‍ അര്‍ത്ഥപൂര്‍ണവും അഭിമാന നിര്ഭരവുമായ ഭാവിയിലേക്കാണ് ഈ യാത്ര. പോരാ പോരാ നാളില്‍ നാളില്‍, ദൂരദൂരമുയരട്ടെ ഭാരതക്ഷ്മ ദേവിയുടെ തൃപ്പതാകകള്‍ എന്ന കവി വാക്യം അന്വര്‍ത്ഥമാവുകയാണ്.
സ്വാതന്ത്ര്യലബ്ധിയുടെ ഈ അമൃതോത്സവം നല്കുന്ന അനുഭൂതി തികച്ചും വ്യത്യസ്തമാണ്. ഇതിനു മുന്‍പ് സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവും അന്‍പതാം വാര്‍ഷികവുമൊക്കെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികള്‍ എന്നതിനുമപ്പുറം അധികമൊന്നും പോകാന്‍ അന്നൊന്നും കഴിഞ്ഞിരുന്നില്ല. ആ ആഘോഷത്തില്‍ ആഹ്ലാദത്തോടെ പങ്കുചേരാന്‍ ജനങ്ങള്‍ മടിച്ചുനിന്നു, അല്ലെങ്കില്‍ അതിനുള്ള അവസരം അവര്‍ക്ക് ലഭിച്ചില്ല. ആകാശവാണിയിലൂടെയും പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിച്ചേര്‍ന്ന അന്നത്തെ ഭരണാധികാരികളുടെ വാക്കുകള്‍ക്കും, അധികാരിത്തിളക്കത്തില്‍ അവര്‍ പങ്കെടുക്കുന്ന പരിപാടികളുടെ ദൃശ്യങ്ങള്‍ക്കും ജനമനസ്സുകളെ സ്പര്ശിക്കാനായില്ല. ഈ ഭരണാധികാരികള്‍ അവകാശപ്പെട്ട നേട്ടങ്ങളും, അവര്‍ നല്കിയ വാഗ്ദാനങ്ങളും യാഥാര്‍ത്ഥ്യവുമായി പൊ
രുത്തപ്പെടുന്നതായിരുന്നില്ല. ജന്മനാടിനോടും അതിന്റെ സംസ്കാരത്തോടും അഭിമാനം വളര്‍ത്തുന്നതൊന്നും ചെയ്യാന്‍ ഭരണനേതൃത്വത്തിന് താല്‍പ്പര്യവുമില്ലായിരുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം മുദ്രാവാക്യത്തിലൊതുങ്ങി. ഒരു മേല്‍ക്കൂരയ്ക്കു കീഴെ സമാധാനത്തോടെ കിടന്നുറങ്ങാനുള്ള അവസരം കോടാനുകോടി മനുഷ്യര്‍ക്ക് നിഷേധിക്കപ്പെട്ടു. പട്ടിണിപ്പാവങ്ങളുടെ ആരോഗ്യ പരിരരക്ഷ പരിഗണനയിലോ മുന്‍ഗണയിലോ വരുന്ന പ്രശ്നമേയായിരുന്നില്ല. ശിശുമരണ നിരക്ക് കുറയ്ക്കാനോ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനോ ഫലപ്രദമായ ശ്രമങ്ങളുണ്ടായില്ല. രാജവാഴ്ച അവസാനിക്കുകയും, പ്രിവിപേഴ്സുപോലുള്ളവ നിര്‍ത്തലാക്കുകയും, ചെയ്തിരുന്നെങ്കിലും രാജവാഴ്ചയുടെ സ്ഥാനം രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ഏറ്റെടുത്തു. ജനങ്ങളെ ഭരിക്കുന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന് ധരിച്ചവരായിരുന്നു കുടുംബവാഴ്ചക്കാര്‍.
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഉജ്വലമായ ഒരു ആഘോഷമായിരിക്കുമ്പോള്‍ തന്നെ മഹത്തായൊരു തുടക്കവുമാണ്. 2047 ല്‍ ഭാരത സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയാഘോഷിക്കും. ഇന്നു മുല് അടുത്ത 25 വര്‍ഷം അമൃതകാലമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു കഴിഞ്ഞു. താന്‍ ഭാവി പ്രവചിക്കുന്നയാളല്ലെന്നും, എന്നാല്‍ കഠിനാധ്വാനത്തിന്റെ ഫലത്തില്‍ വിശ്വസിക്കുന്നയാളാണെന്നും പറഞ്ഞ പ്രധാനമന്ത്രി, ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ കഴിയുന്ന തലമുറയാണിതെന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. ഇന്നും നാം മുന്നില്‍ കാണുന്ന ലക്ഷ്യങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നവര്‍ സാക്ഷാത്കരിച്ചതായി പ്രഖ്യാപിക്കുമെന്ന പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം ഓരോ ഭാരതീയനും
വലിയ പ്രചോദനമാണ്. അന്ന് സ്വന്തമായി വീടില്ലാത്ത ഒരു കുടുംബംപോലും ഉണ്ടായിരിക്കരുതെതെന്ന ലക്ഷ്യത്തിലേക്ക് രാജ്യം പ്രയാണം തുടങ്ങിക്കഴിഞ്ഞു. എല്ലാ ഗ്രാമങ്ങളിലും റോഡുകളും എല്ലാ വീടുകള്‍ക്കും ബാങ്ക് അക്കൗണ്ടുമുള്ള ഒരു രാജ്യത്തെയാണ് പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത്. ഉജ്വലയോജനയുടെയും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെയും ജന്‍ധന്‍ യോജനയുടെയും മറ്റും വിജയങ്ങള്‍ വിരല്‍ചൂണ്ടുന്നത് ജനക്ഷേമത്തിന്റെ മഹാമാതൃകയിലേക്കാണ്. സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണമാവണമെങ്കില്‍ ജനങ്ങളുടെ ജീവിത ചുറ്റുപാടുകളില്‍ അതിന്റെ പ്രതിഫലനമുണ്ടാവണം. പുതിയ ലോകക്രമത്തില്‍ പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്ത് മുന്നേറാനുള്ള ആന്തരികമായ കരുത്ത് ഭാരതത്തിനുണ്ട്. രാഷ്ട്രീയവും സാംസ്കാരികവുമായ അടിമത്വത്തിന്റെ അവസാന കളങ്കവും കഴുകിക്കളഞ്ഞ് ഈ രാഷ്ട്രത്തിന്റെ ആത്മാവിനെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ സംഭവിക്കുന്നത് അത്ഭുതങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: