തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മരിച്ചവരുടെ പേരില്‍ ഉള്‍പ്പടെ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികളുടെ വീടുകളിലും ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ തെരച്ചിലിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടെടുത്തത്.
വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയും മറ്റും കോടികളുടെ വായ്പാ തട്ടിപ്പാണ് ബാങ്ക് നടത്തിയിട്ടുള്ളത്. ഇതിനായി ഉപയോഗിച്ച കൃത്രിമ രേഖകളും മറ്റും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനുപയോഗിച്ച പണം പ്രതികള്‍ റിയല്‍ എസ്റ്റേറ്റിലടക്കം ഉപയോഗിച്ചു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പ്രതികള്‍ പലയിടത്തും ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പ്രതികളുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച പരിശോധന തുടരാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം 75 ഓളം ഉദ്യോഗസ്ഥന്മാര് അടങ്ങുന്ന കൊച്ചിയില്‍ നിന്നു്ള്ള പ്രത്യേക സംഘമെത്തിയാണ് കരുവന്നൂര്‍ കേസില്‍ തെരച്ചില്‍ നടത്തിയത്. രാവിലെ 8 മണിയോടെ ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടു. പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവില്‍ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു.
ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ കെ ദിവാകരന്,സെക്രട്ടറി ആയിരുന്ന സുനില്‍ കുമാര്‍, മുന്‍ ശാഖ മാനേജര്‍ ബിജു കരീം എന്നിവരുടെ വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: