Dr. വൈശാഖ് സദാശിവൻ
2022ലെ കോമണ്‍വെല്‍ത്ത് ഗെയിം അവസാനിച്ചിരിക്കുന്നു. 22 സ്വര്‍ണ്ണവുമായി ആകെ 61 മെഡലുകളുമായി ഭാരതം നാലാം സ്ഥാനത്താണ്. മെഡലുകളുടെ കണക്ക് നോക്കുമ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരതത്തിന്റെ ഏറ്റവും മികച്ച പ്രകടനമായി ഇത്തവണത്തെ നേട്ടം തോന്നില്ലെങ്കിലും ഭാരതത്തിന്റെ ഇത്തവണത്തെ പ്രകടനം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ഇതു വരെയുള്ള പ്രകടനങ്ങളില്‍ വച്ച് ഏറ്റവും മികച്ചതായി ഒരു പക്ഷേ ഇതിനെ വിലയിരുത്താനും ആകും..
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇന്നു വരെ 203 സ്വര്‍ണ്ണവും 190 വെള്ളിയും 171 വെങ്കലവുമായി 564 മെഡലുകളാണ് ഭാരതം നേടിയിട്ടുള്ളത്. അതില്‍ 63 സ്വര്‍ണ്ണം ഉള്‍പ്പെടെ 135 മെഡലുകള്‍ ലഭിച്ചിരിക്കുന്നത് ഷൂട്ടിംഗ് മത്സര വിഭാഗത്തില്‍ നിന്നാണ്. അതായത് ഏതാണ്ട് 24% മെഡലും നമുക്ക് ലഭിച്ചിട്ടുള്ളത് ഷൂട്ടിംഗ് വിഭാഗത്തില്‍ നിന്നാണ്. മെഡലുകളുടെ എണ്ണത്തില്‍ ഭാരതം ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത് 2010 ല്‍ ആണ്. അന്ന് ഗെയിംസിന് ആതിഥേയത്വം വഹിച്ച ഭാരതം നേടിയത് 38 സ്വര്‍ണ്ണം ഉള്‍പ്പെടെ 101 മെഡലുകളാണ്. അന്ന് ഭാരതം രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. 14 സ്വര്‍ണ്ണമുള്‍പ്പെടെ 30 മെഡലുകള്‍ അന്ന് ഭാരതം നേടിയത് ഷൂട്ടിംഗ് വിഭാഗത്തിലാണ്. 66 മെഡലുകള്‍ നേടിയ 2018 ലെ ഗോള്‍ഡ് കോസ്റ്റ് ഗെയിംസിലും ഏറ്റവും കൂടുതല്‍ മെഡലുകള്‍ (16) ഷൂട്ടിംഗ് ഇനത്തിലായിരുന്നു. 64 മെഡലുകള്‍ നേടിയ 2014 ലെ ഗ്ലാസ്ഗോ ഗെയിംസില്‍ 17 മെഡലുകള്‍ ലഭിച്ചത് ഷൂട്ടിംഗ് ഇനങ്ങളില്‍ നിന്നാണ്.
ഭാരതത്തിന് എക്കാലവും ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടി തന്നിട്ടുള്ള ഷൂട്ടിംഗ് മത്സരങ്ങള്‍ ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉണ്ടായിരുന്നില്ല എന്നറിയുന്നിടത്താണ് ഭാരതത്തിന്റെ ഇത്തവണത്തെ നേട്ടം ശ്രദ്ധേയമാകുന്നത്. ചില സാങ്കേതിക കാരണങ്ങള്‍ നിരത്തി ഷൂട്ടിംഗ്, അമ്പെയ്ത്ത്, ടെന്നീസ് തുടങ്ങിയ ചില ഇനങ്ങള്‍ ഇത്തവണത്തെ ഗെയിംസിന് അധികൃതര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയും ഭാരതം കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്ക്കരിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുകയുമൊക്കെ ചെയ്തതാണ്. അതുകൊണ്ട് തന്നെ ഭാരതം പ്രധാനമായും മെഡലുകള്‍ കൊയ്യാറുള്ള ഷൂട്ടിംഗ് ഇനവും താരതമ്യേന മെഡലുകള്‍ നേടാറുള്ള അമ്പെയ്ത്ത്, ടെന്നീസ് ഇനങ്ങളും ഒഴിവാക്കപ്പെട്ടിട്ടും 61 മെഡലുകള്‍ നേടിയ ഭാരതത്തിന്റെ പ്രകടനം അത്യന്തം പ്രശംസനീയമാണ്.
ഭാരതം ഏറ്റവും മികച്ച പ്രകടനം നടത്തിയ 2010 ലെ ഗെയിംസില്‍ ആകെ ലഭിച്ച 101 മെഡലുകളില്‍ 30 എണ്ണം ഷൂട്ടിംഗില്‍ നിന്നും 8 എണ്ണം അമ്പെയ്ത്തില്‍ നിന്നും നാലെണ്ണം ടെന്നീസില്‍ നിന്നുമാണ്. അതായത് 42 മെഡലുകള്‍. അവ മാറ്റി നിറുത്തിയാല്‍ ഭാരതം നേടിയത് 59 മെഡലുകളാണ്. അതിനോടാണ് ഇത്തവണത്തെ 61 മെഡലുകളെ താരതമ്യം ചെയ്യേണ്ടത്. ഷൂട്ടിംഗ് ഇനങ്ങള്‍ ഒഴിവാക്കിയതിനാല്‍ ഭാരതം ഇത്തവണ വളരെ മോശം പ്രകടനമേ നടത്തൂ എന്നു വിധിയെഴുതിയ പലര്‍ക്കും മുഖത്തേറ്റ അടിയാണ് ഇത്തവണത്തെ പ്രകടനം. സാധാരണ അത്ലറ്റിക് മത്സരങ്ങളില്‍ പ്രധാനമായും റിലേ, ത്രോ ഇനങ്ങളില്‍ നിന്നും മെഡലുകള്‍ നേടാറുള്ള ഭാരതം ഇത്തവണ ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ്, ഹൈ ജമ്പ്, സ്റ്റേപ്പിള്‍ ചേസ് പോലെയുള്ള ഇനങ്ങളിലും നേട്ടം കൊയ്തുവെന്നത് എടുത്തു പറയേണ്ടതാണ്.
ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ഒരു സ്വര്‍ണ്ണവും രണ്ടു വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ ഏഴു മെഡലുകള്‍ ഭാരതം നേടിയ സമയത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ടോപ്സ് ആണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ സുപ്രധാനമായ ഈ നേട്ടത്തിലും ചര്‍ച്ച ചെയ്യപ്പെടുന്നത്.
2014-2015 സാമ്പത്തിക വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ ആരംഭിച്ചതാണ് ടാര്‍ഗറ്റ് ഒളിമ്പിക്സ് പോഡിയം സ്കീം (ടോപ്സ്) എന്ന ഈ പദ്ധതി. ഒളിമ്പിക്സില്‍ വിജയം എന്നു തന്നെ പേരിട്ടാണ് ആ പദ്ധതി കേന്ദ്ര കായിക മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ മികച്ച യുവ അത്ലറ്റുകളെ / കായിക താരങ്ങളെ ഓരോ കോണില്‍ നിന്നും കണ്ടെത്തുക. അവര്‍ക്ക് പരിശീലനം നല്‍കുക മാത്രമല്ല, അവര്‍ക്ക് വേണ്ടി എണ്ണം പറഞ്ഞ വിദേശ കോച്ചുകളുടെ സേവനവും , അവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് സ്റ്റാഫും ആഹാരവും, സൈക്കോളജിസ്റ്റ്/ ഡോക്റ്റര്‍മാരുടെ സേവനം എല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആണ് കേന്ദ്ര യുവജനകാര്യ മന്ത്രാലയം ഈ പദ്ധതി ആസൂത്രണം ചെയ്തു വിജയിപ്പിച്ചത്.
ഈ പദ്ധതിയിലൂടെ കായിക താരങ്ങള്‍ക്ക് ലഭിക്കുന്നത്:
- ലോകോത്തര നിലവാരമുള്ള വിദേശ കോച്ചുകള്‍ അടക്കമുള്ളവരുടെ സേവനം.
- കായികതാരങ്ങള്‍ക്ക് വേണ്ട ഉപകരണങ്ങള്‍ ഉന്നത നിലവാരത്തില്‍ ഉള്ളത്.
- സപ്പോര്‍ട്ട് സ്റ്റാഫിന്റെ സേവനം.
- സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്, മെന്ററിങ് കൗണ്‍സലിംഗ് വിദഗ്ദ്ധര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, മറ്റു അനുബന്ധ പരിശീലകര്‍ എന്നുവരുടെ സേവനം.
- അന്താരാഷ്ട്രവേദികളില്‍ മത്സത്തിന് ഉള്ള തയ്യാറെടുപ്പുകള്‍.
- ഓരോ താരത്തിനും മാസം 50,000 രൂപ വീതം ഇന്‍സെന്റീവ്.
നീരജ് ചോപ്രയും പിവി സിന്ധുവും എംസി മേരി കോമും അടക്കം 100 ല്‍ അധികം താരങ്ങള്‍ ആണ് ടോപ്സ സ്പോണ്സര് ചെയ്യുന്ന ലിസ്റ്റില്‍ ഉള്ളത്. ഒളിമ്പിക്സ് ലക്ഷ്യമാക്കിയുള്ള പരിശീലനവും പ്രോത്സാഹനവും ലക്ഷ്യം കാണുന്നു എന്നതിന്റെ സൂചനയാണ് ടോക്കിയോ ഒളിമ്പിക്സിലും ഈ കോമണ്‍വെല്‍ത്തിലും ഭാരതം നേടിയ നേട്ടങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: