ബര്‍മിങ്ഹാം: ഒട്ടും മോശമാക്കിയില്ല അവര്‍… സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ കാലത്ത് ഇംഗ്ലീഷ് മണ്ണിലെ ബര്‍മിങ്ഹാമില്‍ പ്രതീക്ഷ കാത്ത പ്രകടനവുമായി തലയെടുപ്പോടെ അവര്‍ നിന്നു…
22-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുമായി നാലാം സ്ഥാനമാണ് ഇന്ത്യ നേടിയതെങ്കിലും അതിനുമുണ്ട് പകിട്ടേറെ. രാജ്യം മെഡല്‍ വാരാറുള്ള ഷൂട്ടിങ്ങും അമ്പെയ്ത്തും ഇല്ലാതിരുന്നിട്ടുകൂടിയുള്ള നാലാംസ്ഥാനം ഇന്ത്യന്‍ താരങ്ങളുടെ ആത്മാര്‍പ്പണത്തിനുള്ള പ്രതിഫലം കൂടിയാകുന്നു. കഴിഞ്ഞ തവണ 66 മെഡലുമായി മൂന്നാം സ്ഥാനം നേടിയപ്പോഴും 26 സ്വര്‍ണമേ നേടിയിരുന്നുള്ളൂയെന്നതും ഇത്തവണത്തെ നേട്ടത്തിന് തിളക്കമേറ്റുന്നു.
ഗുസ്തി, ഭാരോദ്വഹനം, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ എന്നിവയില്‍ മെഡല്‍വേട്ട തുടര്‍ന്നപ്പോള്‍, ലോണ്ബോളിലെയും അത്ലറ്റിക്സിലെയും അപ്രതീക്ഷിത നേട്ടവും ഇന്ത്യക്ക് കരുത്തായി.
ഗുസ്തിയില്‍ പന്ത്രണ്ട്
ഗുസ്തിയില്‍ ഇന്ത്യയാണ് താരം. കോമണ്‍വെല്‍ത്ത് വേദിയില്‍ എല്ലാക്കാലത്തും ഇന്ത്യന്‍ ആധിപത്യം. ഇത്തവണ ആറ് സ്വര്‍ണം, അഞ്ച് വെള്ളി, ഒരു വെങ്കലമുള്‍പ്പെടെ 12 മെഡലുകള്‍ ലഭിച്ചു.
പുരുഷ വിഭാഗത്തില്‍ ബജ്റംഗ് പൂനിയ, രവി കുമാര്‍ ദഹിയ, നവീന്‍ കുമാര്‍, ദീപക് പൂനിയ സ്വര്‍ണവും മോഹിത് ഗ്രേവാള്‍, ദീപക് നെഹ്റ വെങ്കലവും നേടി. വനിതകളില്‍ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് സ്വര്‍ണവും അന്‍ഷു മാലിക് വെള്ളിയും ദിവ്യ കക്രാന്, പൂജ ഗെഹ്ലോട്ട്, പൂജ സിഹാഗ് വെങ്കലവും നേടി.
ഭാരോദ്വഹനത്തിലും കരുത്ത്
ഭാരോദ്വഹനത്തിലും കരുത്തറിയിച്ചു. മൂന്ന് വീതം സ്വര്‍ണം, വെള്ളി, നാല് വെങ്കലമുള്‍പ്പെടെ പത്ത് മെഡലുകള്‍ നേടി. വനിതകളില്‍ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേത്രി മീരാബായ് ചാനു സൈകോം, പുരുഷന്മാരില് ജൂനിയര്‍ ചാമ്പ്യന്‍ ജെറെമി ലാല്‍റിന്നുംഗ, അചിന്ത ഷിയൂലി സ്വര്‍ണം നേടി. വനിതകളില്‍ ബിന്ദ്യാറാണി ദേവി വെള്ളിയും, ഹര്‍ജിന്ദര്‍ കൗര്‍ വെങ്കലവും നേടി. പുരുഷന്മാരില് സങ്കേത് സര്‍ഗറിനും വികാസ് ഠാക്കൂറിനും വെള്ളി. ഗുരുരാജ പൂജാരി, ലവ്പ്രീത് സിങ്, ഗുര്‍ദാപ് സിങ് എന്നിവര്‍ക്ക് വെങ്കലം.
ബാഡ്മിന്റണില്‍ തിളക്കം
ആറ് മെഡലുകളിലൂടെയാണ് ബാഡ്മിന്റണിലെ ആധിപത്യം ഉറപ്പിച്ചത്. ഇതില്‍ പുരുഷ, വനിത സിംഗിള്‍സില്‍ ലക്ഷ്യ സെന്നും പി.വി. സിന്ധുവും സ്വര്‍ണം നേടി. പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും സ്വര്‍ണമണിഞ്ഞു. മിക്സഡ് ടീമിനത്തില്‍ വെള്ളിയും പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്തും വനിത ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപീചന്ദും വെങ്കലവും നേടി.
ടേബിള്‍ ടെന്നീസില്‍ മിന്നി
ഇത്തവണ ഇന്ത്യയുടേത് തകര്‍പ്പന്‍ പ്രകടനം. അജന്ത ശരത് കമല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നാല് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലമുള്‍പ്പെടെ ഏഴ് മെഡലുകള്‍. പുരുഷ സിംഗിള്‍സ്, ടീമിനം, മിക്സഡ് ഡബിള്‍സിലാണ് അജന്ത സ്വര്‍ണമണിഞ്ഞത്. പുരുഷ ഡബിള്‍സില്‍ വെള്ളിയും നേടി. പുരുഷ സിംഗിള്‍സില്‍ സത്യന് ജ്ഞാനശേഖരന് വെങ്കലം. പാരാവിഭാഗത്തില് ഒരു സ്വര്‍ണവും വെങ്കലവുമുണ്ട്.
ഗുസ്തിയില്‍ ഏഴ്
ബോക്സിങ് റിങ്ങില്‍ മൂന്നു സ്വര്‍ണം ഒരു വെള്ളി, മൂന്ന് വെങ്കലമുള്‍പ്പെടെ ഏഴ് മെഡലുകള്‍. നിഖാത് സരിന്, നീതു ഘന്‍ഘാസ്, അമിത് പംഗല്‍ എന്നിവര്‍ സ്വര്‍ണം നേടി. സാഗര്‍ അഹ്ലാവാദ് വെള്ളി, രോഹിത് ടോകാസ്, ജാസ്മിന്, മുഹമ്മദ് ഹുസ്സാമുദ്ദീന് എന്നിവര്‍ക്ക് വെങ്കലം.
ഞെട്ടിച്ച് ലോണ്‍ ബോള്‍
യൂറോപ്യന്‍ രാജ്യങ്ങളുടെ കുത്തകയായ ലോണ്‍ ബോളില്‍ ഏവരെയും ഞെട്ടിച്ച് ഇന്ത്യയുടെ മെഡല്‍ നേട്ടം. വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചു. ലവ്ലി ചൗബേ, രൂപ റാണി ടിര്‍ക്കി, നയന്‍മോണി സൈകിയ, പിങ്കി എന്നിവരടങ്ങുന്ന സഖ്യമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. പിന്നാലെ പുരുഷ ടീം വെള്ളിയും നേടി. ചന്ദന്‍കുമാര്‍ സിങ്, ദിനേശ് കുമാര്‍, നവ്നീത് സിങ്, സുനില്‍ ബഹാദുര്‍ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
അത്ലറ്റിക്സിലും നേട്ടം
നീരജ് ചോപ്രയില്ലാത്ത അത്ലറ്റിക്സില് എന്തു മെഡലെന്ന് കരുതിയിടത്തേക്കാണ് ഒരു സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. ജമ്പിങ് പിറ്റിലെ മലയാളിത്തിളക്കം ശ്രദ്ധേയമായി. ട്രിപ്പിള്‍ ജമ്പില്‍ എല്‍ദോസ് പോളിന്റെ സ്വര്‍ണം അപ്രതീക്ഷിതം. ഈയിനത്തില്‍ അബ്ദുള്ള അബൂബക്കറിന് വെള്ളി. ലോങ്ജമ്പില്‍ എസ്. ശ്രീശങ്കറിനും വെള്ളി മെഡല്‍.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാംബ്ലെയുടെ നേട്ടത്തിനുംതിളക്കമേറെ. ദേശീയ റിക്കാര്‍ഡ് നേട്ടത്തോടെ അവിനാശ് വെള്ളി കഴുത്തിലണിഞ്ഞു. വനിതകളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമിക്കും വെള്ളി. പുരുഷന്മാരുടെ ഹൈജമ്പില്‍ തേജസ്വിന് ശങ്കര്‍, വനിതാ ജാവലിന്‍ ത്രോയില്‍ അന്നു റാണി, പുരുഷന്മാരുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ സന്ദീപ് കുമാര്‍ എന്നിവര്‍ക്ക് വെങ്കലം.
സ്ക്വാഷിലും മെഡല്‍
സ്ക്വാഷില്‍ രണ്ട് വെങ്കലം. പുരുഷ സിംഗിള്‍സില്‍ സൗരവ് ഘോഷാലും മിക്സഡ് ഡബിള്‍സില്‍ ഘോഷാല്‍-ദീപിക പള്ളിക്കല്‍ സഖ്യവുമാണ് മെഡല്‍ നേടിയത്. ജൂഡോയില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവുമുണ്ട്. പാരപവര്ലിഫ്റ്റിങ്ങില് സൂധീറിന്റെ സ്വര്‍ണത്തിനും തിളക്കമേറെ. ജൂഡോ വനിതാ വിഭാഗത്തില്‍ സുശീല ദേവിയും തൂലിക മാനും വെള്ളി നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ വിജയ് കുമാര്‍ യാദവിന് വെങ്കലം.
ആദ്യമായി ഉള്‍പ്പെടുത്തിയ വനിതാ ട്വന്റി20 ക്രിക്കറ്റില്‍ വെള്ളിയും പുരുഷ, വനിതാ ഹോക്കിയില്‍ വെങ്കലവും ഇന്ത്യന്‍ സമ്പാദ്യത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: