അട്ടപ്പാടി: പൊള്ളലേറ്റ സ്ത്രീയെ പാലമില്ലാത്തതിനെ തുടര്‍ന്ന് തോടിന്റെ മറുകരയിലെത്തിച്ചത് അതിസാഹസികമായി. ഷോളയൂര്‍ പഞ്ചായത്തിലെ മുത്തിക്കുളം ഊരിലെ ലീല(60)യെയാണ് തുണിയില്‍ പൊതിഞ്ഞ് മുളയില്ക്കെട്ടി ചുമന്ന് കുത്തിയൊഴുകുന്ന തോട് കടന്ന് മറുകരയെത്തിച്ചത്. ശിരുവാണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് മുത്തിക്കുളം തോട് നിറഞ്ഞുകവിഞ്ഞതോടെ ഊര് ഒറ്റപ്പെടുകയായിരുന്നു.
ജൂലൈ നാലിന് വീട്ടില്‍ നിന്നും തീ പൊള്ളലേറ്റ ലീല തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവരുടെ നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. പിന്നീട് തിരികെ ഊരിലെത്തിയ ലീല കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് പോകേണ്ട ദിവസമായിരുന്നു. ഇതിനായി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സും എത്തിയിരുന്നു. എന്നാല്‍ തോട് നിറഞ്ഞുകവിഞ്ഞതിനാല്‍ ലീലയും ബന്ധുക്കളും വീട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചെങ്കിലും, നാട്ടുകാരുടെയും മറ്റും സഹായത്തോടെ തോടിനുകുറുകെ കയര്‍കെട്ടി മറുകര കടക്കുകയാണുണ്ടായത്.
മുത്തിക്കുളം ഊരിലേക്ക് വഴി സൗകര്യമില്ല. അംബേദ്ക്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലത്തിനും റോഡിനുമായി 1.15 കോടി രൂപ പാസായിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: