കാസര്‍കോട്: കെഎസ്ആര്‍ടിസിയുടെ ഗതികേട് പോലീസ് വാഹനങ്ങള്‍ക്കും. ഇന്ധനം കിട്ടാത്തതിനാല്‍ പോലീസ് വാഹനങ്ങള്‍ കട്ടപ്പുറത്തായി. സ്വകാര്യ പമ്പുകള്‍ക്ക് ജില്ലയിലെ കെഎസ്ആര്‍ടിസി ലക്ഷങ്ങളുടെ കുടിശിക വരുത്തിയതോടെയാണ് ഡീസല്‍ നല്‍കുന്നത് സ്വകാര്യ പമ്പുടമകള്‍ നിര്‍ത്തിയതോടെയാണ് കഴിഞ്ഞ ഒരാഴ്ചയായി കെഎസ്ആര്‍ടിക്ക് ഡീസല്‍ ക്ഷാമം നേരിട്ടത്. പിന്നീട് കളക്ഷന്‍ തുകയില്‍ നിന്ന് ഇന്ധനം സ്വകാര്യ പമ്പില്‍ നിന്ന് നിറക്കാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ബസുകളുടെ സര്‍വ്വീസ് പുനരാരംഭിച്ചത്. അതേ സ്ഥിതിയാണ് പോലീസ് വണ്ടികളേയും ബാധിച്ചിരിക്കുന്നത്.
കാസർകോട് ജില്ലയില്‍ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് 7 മാസത്തെകുടിശികയായി 85 ലക്ഷത്തോളം രൂപ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും കൊടുക്കാനുണ്ട്. ജില്ലയില്‍ 12 പമ്പുകള്‍ക്കാണ് കുടിശിക കൊടുക്കാനുള്ളത്.കുമ്പളയിലെ പമ്പില്‍ 8 മാസത്തെകുടിശിക 13ലക്ഷത്തോളം രൂപ കൊടുക്കാനുണ്ട്. ഇതോടെ ഇവിടെ നിന്ന് ഇന്ധനംലഭിക്കുന്നില്ല. ജില്ലാ പോലീസ്, കണ്‍ട്രോള്‍ റൂം, കാസര്‍കോട് സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലായി ജില്ലാ ആസ്ഥാനത്തെ പ്രധാന പോലീസ് വാഹനങ്ങള്‍ക്കും വിദ്യാനഗറിലെ പമ്പില്‍ നിന്നാണ് ഇന്ധനം നിറയ്‌ക്കുന്നത്. 7 മാസത്തെകുടിശിക 45 ലക്ഷത്തോളം രൂപ കിട്ടാനുണ്ട്. എല്ലാമാസവും 30നകം തുക കിട്ടാറുണ്ടായിരുന്നു. അത് 7 മാസമായിട്ടും ഒരു രൂപ പോലും കിട്ടിയില്ല.
ഷിറിയ തീരദേശ പോലീസ്, ഹൈവേ വാഹനം, കുമ്പള പോലീസ് ജീപ്പ് തുടങ്ങിയവയ്‌ക്ക് ഇന്ധന വിതരണം നിര്‍ത്തി ദിവസങ്ങള്‍ പിന്നിട്ടു. തീരദേശ പോലീസ് ബോട്ടിനും ജീപ്പിനും കുമ്പളയില്‍ ഇന്ധനംകിട്ടാതായതോടെ വിദ്യനഗറിലെ പമ്പില്‍ നിന്നാണ് കൊടുത്തുവരുന്നത്. 7 മാസത്തെ കുടിശിക തുക കിട്ടാത്ത സാഹചര്യത്തില്‍ ഇന്ധന വിതരണം നിര്‍ത്തിവെക്കുമെന്നു പമ്പ് ഉടമ ജില്ലാ പോലീസ്‌മേധാവിയെ അറിയിച്ചെങ്കിലും നടപടിയായില്ല.ദേശീയ പാതയില്‍ തലപ്പാടി മുതല്‍ പൊയിനാച്ചി വരെ പട്രോളിങ് നടത്തുന്ന വാഹനം ഓടാതെ 5 ദിവസം പിന്നിട്ടു. ഇതിനെ തുടര്‍ന്ന് പോലീസിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതോടെ വിവിധ തലത്തിലുള്ള പോലീസ് പരിശോധനയും നിലച്ച മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: