കണ്ണൂര്‍: ഡീസല്‍ ക്ഷാമം തുടങ്ങി ഒരാഴ്ചയ്ക്കുളളില്‍ സംസ്ഥാനത്തേയും ജില്ലയിലേയും കെഎസ്ആര്‍ടിസി ബസ്സ് സര്‍വ്വീസുകള്‍ താളംതെറ്റി. ജില്ലയിലെ കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നും ഓരോ ദിവസവും തോന്നിയപോലെ സര്‍വ്വീസുകള്‍ അയക്കുകയാണ്. അതുകൊണ്ടുതന്നെ ബസ്സുകളെ കാത്ത് ബസ് സ്റ്റാന്റുകളിലും സ്റ്റോപ്പുകളിലും നില്‍ക്കേണ്ടി വരുന്ന ജനം ഉദ്ദേശിച്ച സ്ഥലങ്ങളിലെത്തപ്പെടാനാവാതെ കഷ്ടപ്പെടുന്നത് പതിവായി മാറി.
രാത്രികാലങ്ങളിലും രാവിലെ യുമുള്ള സമയങ്ങളിലുളള സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് ഈ സമയങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സിനെ മാത്രം ആശ്രയിക്കുന്നവരെ ദുരിതത്തിലാക്കുന്നു. രാത്രിയും രാവിലെയും സമയങ്ങളിലും പതിവായി സര്‍വ്വീസ് നടത്തിയിരുന്ന ബസ്സുകള്‍ ഒരു സുപ്രഭാതത്തില്‍ ഇല്ലാതായതോടെ സര്‍ക്കാര്‍-സ്വാകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കും അതിരാവിലെ ജോലിയില്‍ പ്രവേശിക്കേണ്ടവരുമായ ജനങ്ങള്‍ ദുരിതത്തിലായി.
കോരിച്ചൊരിയുന്ന മഴയില്‍ മണിക്കൂറുകള്‍ ബസ്സ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്കും ബസ് ഇല്ലാതാകുന്നത് കടുത്ത ദുരിതമാണുണ്ടാക്കുന്നത്. അപ്രഖ്യാപിതമായി ബസ്സുകള്‍ ഓടാത്ത സ്ഥിതിയിലെങ്ങനെ കെഎസ്ആര്‍ടിസിയെ വിശ്വസിക്കാന്‍ സാധിക്കുമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.. അതുകൊണ്ടുതന്നെ ഓടുന്ന ബസ്സുകള്‍ക്ക് നാമമാത്രമായ വരുമാനം മാത്രം ലഭിക്കുന്ന സ്ഥിതിയാണ്. പല സര്‍വ്വീസുകളും വലിയ നഷ്ടത്തിലാണ് സര്‍വ്വീസ് നടത്തുന്നത്.
സ്ഥിരമായി കൃത്യസമയത്ത് സര്‍വ്വീസ് നടത്തി പതിനായിരം മുതല്‍ പതിനാലായിരം വരെ വരുമാനമുളള ഓഡിനറി ലിമിറ്റഡ് സ്റ്റോപ്പ് സര്‍വ്വീസുകളടക്കം ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ റദ്ദാക്കിയിട്ടുണ്ട്. ഇത്തരം സര്‍വ്വീസുകള്‍ സാധാരണനിലയില്‍ ഇനി ഓടിത്തുടങ്ങിയാലും വരുമാനത്തിന്റെ കാര്യത്തില്‍ പഴയനിലയിലെത്തുക ഏറെ ബുദ്ധിമുട്ടാകുമെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും ഇന്നലെ സര്‍വ്വീസ് നടത്തിയത് 27 കെഎസ്ആര്‍ടിസി സര്‍വ്വീസുകളും 4 സ്വിഫ്റ്റ് ബസ്സുകളും മാത്രമാണ്. കണ്ണൂരില്‍ നിന്നും ഓഡിനറി, ലിമിറ്റഡ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് വിഭാഗങ്ങളിലായി 86 കെഎസ്ആര്‍ടിസി സര്‍വ്വീസുകളും 4 സ്വിഫ്റ്റ് സര്‍വ്വീസുകളുമാണ് സര്‍വ്വീസ് നടത്തിയിരുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ എടക്കാടെ സ്വകാര്യ പമ്പില്‍ നിന്നും ആറായിരം ലിറ്റര്‍ ഡീസലെത്തിച്ചെങ്കിലും സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും പുനസ്ഥാപിക്കണമെങ്കില്‍ 12000 ലിറ്റര്‍ ഡീസല്‍ കണ്ണൂര്‍ ഡിപ്പോയില്‍ മാത്രം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇന്നും ഡിപ്പോയില്‍ നിന്നും പൂര്‍ണ്ണതോതില്‍ സര്‍വ്വീസ് ആരംഭിക്കാന്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. നാളെയോടെ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും പുന:സ്ഥാപിക്കപ്പെടുമെന്നാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: