ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും കുട്ടികള്‍ക്ക് ഉപദേശവും നല്കിയ ആലപ്പുഴ ജില്ലാ കളക്ടര്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായി. ഇന്നലെ ആലപ്പുഴ ജില്ലാ കളക്ടറായി കൃഷ്ണാ തേജ ചാര്‍ജ് എടുത്തതിനു പിന്നാലെ ഒപ്പു വച്ച ആദ്യ ഉത്തരവ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധിയായിരുന്നു. അവധി നല്കിയതിനോടൊപ്പം കുട്ടികള്‍ വാത്സല്യത്തോടെ നല്കിയ ഉപദേശം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്വന്തമായി കളക്ടര്‍ മാമന് എന്ന വിശേഷിപ്പിച്ചുകൊണ്ട് നടത്തിയ പരാമര്‍ശം വൈറല്‍ ആയിരിക്കുകയാണ്.
പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ… മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം.
ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്, എന്നായിരുന്നു ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയായിക്കുകയാണ്. കേരളത്തിലെ കളക്ടര്‍ മാമ്മന്റെ പോസിറ്റിവ് ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ ഇടംപിടിച്ചു തുടങ്ങി.
വി.ആര്. കൃഷ്ണ തേജ ബുധനാഴ്ച അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്.സന്തോഷ്കുമാറില്‍ നിന്നാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റടുത്തത്. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തേജ ജില്ലയിലെ 55ാമത്തെ കലക്ടറാണ്. ആലപ്പുഴയില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തികുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ അദ്ദേഹം കേരള ടൂറിസം ഡയറക്ടര്‍, കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍, ആലപ്പുഴ സബ്കളക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട. 2018ലെ വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനും പ്രളയബാധിത ജില്ലയെ പുനര്‍നിര്‍മ്മിക്കുന്നതിനായി നടത്തിയ കാമ്പയിന് നേതൃത്വം നല്‍കിയതിനും ജില്ലയിലെ സബ്കളക്ടറായിരിക്കെ തേജ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: