തൃശൂര്‍: അറബിയില്‍ നിന്നും സഹായം വാങ്ങി തരാമെന്ന് അറിയിച്ച് നിരവധി പേരെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത പ്രതി പോലീസ് പിടിയില്‍. മലപ്പുറം അരീക്കോട് നടുവത്ത്ചാലില്‍ അസൈനാര്‍ (62) ആണ് മലപ്പുറം സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റിലായത്. യുവതിയെ തൃശൂരിലേക്ക് വിളിച്ചുവരുത്തി കബളിപ്പിച്ച് കടന്നതിലാണ് ഇയാള്‍ അറസ്റ്റിലായത്. വീട് വെയ്ക്കാനായി അറബിയുടെ കൈയില്‍ നിന്നും പണം വാങ്ങി തരാമെന്ന് പറഞ്ഞ് യുവതിയെ തൃശൂരിലേക്ക് വിളിച്ച് വരുത്തി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിച്ച് കൈവശം ഉണ്ടായിരുന്ന 2000 രൂപയും 2.5 പവന് തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും ഓരോ പവന് തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണ വളകളം ഊരി വാങ്ങിച്ച് പ്രതി കടന്ന് കളയുകയായിരുന്നു.
യുവതി ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതി മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലായി സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. വീട് വെക്കാന്‍, ചികിത്സക്ക് തുടങ്ങി വിവിധ പ്രയാസങ്ങളനുഭവിക്കുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകള്‍. സ്നേഹം നടിച്ച് അറബിയെ കാണിച്ച് തരാമെന്ന് അറിയിച്ച് വിളിച്ചു വരുത്തുകയും കൈവശം പണമോ ആഭരണങ്ങളോ ഉണ്ടെങ്കില്‍ സഹായം ലഭിക്കില്ലെന്ന് ധരിപ്പിച്ച് കൈവശമുള്ള പണവും ധരിച്ചിരിക്കുന്ന ആഭരണങ്ങളും ഊരി വാങ്ങി കബളിപ്പിച്ച് കടന്നു കളയുകയാണ് ഇയാളുടെ രീതി.
2020 മുതല്‍ കേരളത്തിന് പുറത്തുപോയ പ്രതി മൊബൈല്‍ നമ്പര്‍ പലതവണ മാറ്റി ഉപയോഗിച്ച് വന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നുവെങ്കിലും വീണ്ടും ഇയാള്‍ സംസ്ഥാനം വിട്ട് പോവുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ തൃശൂരില്‍ നിന്നും പിടിയിലായത്.
അന്വേഷണത്തില്‍ ഈസ്റ്റ് എസ്എച്ച്ഒ പി.ലാല്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ജോര്‍ഡ് മാത്യൂ, എഎസ്ഐ സി.എന്‍.ഗോപിനാഥന്, സിപിഒമാരായ ഹരിഷ്കുമാര്, വി.ബി.ദീപക്ക്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ സുഹൈല്‍ ബാസിത്, ശരത്.കെ.എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: