തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭരണസമിതിക്കും സെക്രട്ടറിക്കുമെന്ന് വെളിപ്പെടുത്തല്‍. കേസിലെ മൂന്നാം പ്രതിയും ബാങ്കിന്റെ സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിലെ ഓഡിറ്റ് റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. ബാങ്കില്‍ നടക്കുന്ന മറ്റ് കാര്യങ്ങളിലോ, ലോണിന്റെ കാര്യങ്ങളിലോ ഇടപെട്ടിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ ചാര്‍ജായിരുന്നു ഏല്‍പ്പിച്ചിരുന്നത്. ഭരണസമിതിയുടെയും സെക്രട്ടറിയുടേയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തിരുന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ട് ഞങ്ങളെ പോലുള്ള മറ്റ് സ്റ്റാഫുകള്‍ ആരും കണ്ടിട്ടില്ല. സെക്രട്ടറിയും ഭരണ സമിതിയിലെ അംഗങ്ങളുമാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത്. സ്റ്റാഫ്- സെക്രട്ടറി എന്ന ബന്ധം മാത്രമാണ് അവരുമായുള്ളത്. എന്താണ് യഥാര്‍ത്ഥത്തില്‍ ബാങ്കില്‍ സംഭവിച്ചതെന്നതിലും വ്യക്തതയില്ലെന്നും ജില്‍സ് കൂട്ടിച്ചേര്‍ത്തു.
കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് ആയാണ് ജില്‍സ് ആദ്യം ജോലിക്കെത്തിയത്. പിന്നീട് സീനിയര്‍ ക്ലര്‍ക്കായി. അവിടെ നിന്നും അക്കൗണ്ടന്റായി ഉദ്യോഗക്കയറ്റം നേടുകയായിരുന്നു. അതേസമയം കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ചോദ്യം ചെയ്തതോടെയുണ്ടായ വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചത് മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന്റെ ഓഫീസ് ഇടപെട്ടെന്ന് ആരോപണമുയര്‍ന്നു.
അഞ്ച് വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്ത് ക്രമക്കേട് ചൂണ്ടിക്കാട്ടുകയും പ്രതിഷേധിക്കുകയും ചെയ്ത മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടാണ് എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേടുണ്ടെന്ന് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചയാളായിരുന്നു സുജേഷ്.
ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയാലും അടിയന്തിര സാഹചര്യത്തില്‍ പോലും പണം 10000ല്‍ കൂടുതല്‍ പിന്‍വലിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കരുവന്നൂര്‍ ബാങ്ക് നിബന്ധനകള്‍ പുതുക്കി. പണത്തിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രം ആവശ്യക്കാരന് പണം നല്കിയാല് മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. മുമ്പ് ഒരാഴ്ചത്തെ ഇടവേളയില്‍ പണം പിന്‍വലിക്കാമായിരുന്നു. അതാണിപ്പോള്‍ നാലുമാസത്തെ ഇടവേളയിലേക്ക് മാറ്റുന്നത്. അതിനും ഒട്ടേറെ കടമ്പകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: