പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് പാട്നയിലെ മൂന്ന് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഭീകര പ്രവര്‍ത്തനങ്ങളുമായി പങ്കുണ്ടെന്ന് സംശയമുള്ള മൂന്ന് പേരുടെ വീടുകള്‍ കേന്ദ്രീകരിച്ച് ഇന്ന് രാവിലെയാണ് എന്‍ഐഎ സംഘം തെരച്ചില്‍ നടത്തിയത്.
ദര്‍ബംഗ സ്വദേശികളായ നൂറുദ്ദീന്‍, സനാവുല്ല, മുസ്തഖീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവര്‍ മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇതില്‍ നൂറുദ്ദീനെ അടുത്തിടെ ലഖ്നൗവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പാട്നയിലെ ജയിലിലാണ്. അതേസമയം സനാവുല്ലയും മുസ്തഖീമും ഒളിവിലാണ്. ഇവര്‍ക്കായുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ആളുകളുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തണമെന്നും, 2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുമെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. രാജ്യത്തെ ഭരണസംവിധാനം അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയുമായി ജൂലൈ 14ന് പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബിഹാര്‍ എടിഎസ്- എന്‍ഐഎ സംഘത്തിന്റെ പിടിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 22ന് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടക്കത്തില്‍ പാട്ന പോലീസ് അന്വേഷിച്ച കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിടുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരായ 26 പേര്‍ക്കെതിരെ ഇതുവരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. ഇതിന് മുമ്പ് തെലങ്കാന നിസാമബാദിലും പോപ്പുലര്‍ ഫ്രണ്ട് സമാന രീതിയില്‍ ആസൂത്രണങ്ങള്‍ നടത്തിയതായും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: