ഡോ.രേണു സുരേഷ്
ഭാരതത്തിലെ ഒരു സാധാരണക്കാരന് ഏത് പരമോന്നത പദവിയും സ്വപ്നം കാണാന്‍ മാത്രമല്ല അതില്‍ എത്തിച്ചേരാനും കഴിയുമെന്നതിന്റെ തെളിവാണ് തന്റെ സ്ഥാനലബ്ദി’ എന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇതൊരു അടയാളപ്പെടുത്തലാണ്, ഇത് ഭാരതമാണ്. ഇവിടെ ജാതി-മത-വര്‍ണവിവേചനത്തിന്റെ വേര്‍തിരിവുകളുടെ മതില്കെട്ടുകളില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്. താഴെ തട്ടില്‍ നിന്നും പടപൊരുതി ഒന്നാമതെത്തിയ ദ്രൗപദി മുര്‍മു എന്ന ഗോത്രവര്‍ഗക്കാരിയായ രാഷ്ട്രപതിയുടെ, ഇനിയും മുന്നേറാന്‍ മടിക്കുന്നവരെ മുന്നേറാന്‍ പ്രേരിപ്പിക്കുന്ന കരുത്തുറ്റ വാക്കുകളാണ്.
സ്വപ്നങ്ങള്‍ പൂക്കുന്നിടമാണെന്ന് അനുഭവപാഠങ്ങളുടെ വെളിച്ചത്തില്‍ ദ്രൗപദി മുര്‍മു എന്ന ആദിവാസി വനിതയായ ഇന്ത്യന്‍ രാഷ്ട്രപതി പറയുമ്പോള്‍ 139 കോടി ജനങ്ങള്‍ക്ക് മാത്രമല്ല ഭാരതത്തോട് ബഹുമാനം തോന്നുന്നത്, ലോകരാജ്യങ്ങള്‍ക്ക് കൂടിയാണ്. അതിന്റെ നേര്‍കാഴ്ചയാണ് ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷം ലോകരാജ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ആദരവ്. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ആദിവാസി വിഭാഗത്തില്‍ നിന്ന് ദ്രൗപദി മൂര്മൂവെന്ന ധീരവനിതയെ പ്രഖ്യാപിച്ചപ്പോഴെ വ്യക്തമായതാണ് ഈ സര്‍ക്കാര്‍, സ്ത്രീ ശാക്തീകരണം വാക്കുകളില്‍ കൊണ്ടുപോയി നടക്കുന്നവരല്ല മറിച്ച് വാക്കില്‍ നിന്ന് പ്രവര്‍ത്തിയായി പ്രതിഫലിപ്പിക്കുന്നവരുടെ ശബ്ദമാണെന്ന വാസ്തവം. ഒരു ഗോത്രവര്‍ഗക്കാരിയായ വനിതയുടെ കരങ്ങളില്‍ ഭാരതത്തിന്റെ ഹൃദയം ഏല്‍പ്പിക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷ എത്രത്തോളം വലുതാണോ അത്രത്തോളം ഉയരത്തില്‍ പറക്കാനുംചിന്തിക്കാനും കഴിയുമെന്ന് ദ്രൗപതി മുര്‍മു അധികാരമേറ്റ ശേഷം പറഞ്ഞ വാക്കുകളിലൂടെ വ്യക്തമാക്കി കഴിഞ്ഞു.
ദീര്‍ഘവീക്ഷണവും ഭാരതത്തെ കുറിച്ച് നല്ല കാഴ്ചപ്പാടുമുളള രാഷ്ട്രപതി ദ്രൗപദി മുര്‍മു പട്ടിണിയും ദാരിദ്ര്യവും അവകാശ പോരാട്ടങ്ങളും അതിജീവനസമരങ്ങളുമൊക്കെ അനുഭവിച്ചറിഞ്ഞയാളാണ്. പിന്നിട്ട വഴിയിലെ നേതൃപാടവങ്ങള്‍ ദ്രൗപദി മുര്‍മുവിന് നല്കിയ അനുഭവങ്ങള്‍ തന്നെയാണ് ഇന്ത്യയെ ഇനി മുന്നോട്ടു നയിക്കാന്‍ പോകുന്നത്. അവിടെ ദ്രൗപദി മൂര്‍മുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, കാരണം തോല്‍വികളെ ജീവിത വിജയം കൊണ്ട് തോല്‍പ്പിച്ച പേരാളിയുടെ പേരാണ് ദ്രൗപദി മൂര്‍മു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വ്യക്തമാക്കാന്‍ മടിയില്ലാത്ത ഇന്ത്യന്‍ ശബ്ദത്തെ ദ്രൗപദി മൂര്‍മു എന്നുവിളിച്ചാലും തെറ്റില്ല.
സമരനായികയായി അവകാശങ്ങള്‍ വെട്ടിപിടിച്ച് കൊടുക്കാന്‍ കരുത്തുളള ദ്രൗപദി മൂര്‍മു ഒന്നാം സ്വാതന്ത്യസമരത്തിന് മുന്‍പ്തന്നെ സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ കലാപം ചെയ്ത സാന്താള്‍ ഗോത്രവര്‍ഗത്തിന്റെ പിന്തലമുറക്കാരിയാണന്ന കാര്യവും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ചരിത്രത്തില്‍ ദ്രൗപദി മൂര്‍മൂ എന്ന പേര് എഴുതപ്പെടാന്‍ പോകുന്നത് സ്വപ്ന ചിറകുകള് വിടര്‍ത്തി പറന്നിറങ്ങാന്‍ കൊതിക്കുന്ന കോടിക്കണക്കിന് യുവ മനസുകളിലേക്കാണ്. ഭാരതത്തിന്റെ യശസ് പാറിപറക്കാന്‍ പോകുന്നത് ലോകജനമനസില് കൂടിയാകുമെന്ന് ഉറപ്പിക്കാം.
ഒന്നും സാധ്യമല്ലെന്ന് കരുതി മാറി നില്ക്കുന്ന ഒരു ജനതയോട് എനിക്ക് സാധിച്ചില്ലേ നിങ്ങള്‍ക്കും സാധിക്കുമെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ തന്നെയാകും 5 വര്‍ഷം ദ്രൗപദി മുര്‍മു എന്ന രാഷ്ട്രപതി തെളിയിക്കുവാന്‍ പോകുന്നത്. അത് അടിച്ചമര്‍ത്തപ്പെട്ട് ഇനിയും അവകാശങ്ങള്‍ വെട്ടിപിടിക്കാന്‍ പോരാട്ടം നയിക്കുന്നവര്‍ക്ക് കരുത്ത് പകരുന്നതായിരിക്കും. ഭാരതത്തെ ചേര്‍ത്തു നിര്‍ത്തുന്നതായിരിക്കും. ഭാരതം ദ്രൗപദി മുര്‍മുവിലൂടെ ചരിത്രങ്ങള്‍ കുറിക്കട്ടെ. വരും തലമുറയ്ക്ക് പ്രചോദനമായി ഈ വെളിച്ചം പ്രകാശം പരത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: