ന്യൂദല്‍ഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് അനുമതി ലഭിക്കുന്നതിനായി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന് കുടുംബശ്രീ അപേക്ഷ സമര്‍പ്പിച്ചെങ്കിലും വന്ധ്യംകരണ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. എട്ടു ജില്ലകളിലെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി തേടിയിരുന്നത്.
എന്നാല്‍ മതിയായ സൗകര്യങ്ങളില്ലെന്ന് വ്യക്തമായതോടെ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പുരുഷോത്തം രൂപാല ലോക്സഭയില്‍ വ്യക്തമാക്കി. മൃഗങ്ങളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് കേരളത്തില്‍ 2022 ജൂലൈ 22 വരെ 95,352 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ത്തന്നെ 40,000 കേസുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേരള ഹൈക്കോടതിയുടെ കഴിഞ്ഞ വര്‍ഷത്തെ വിധിയെത്തുടര്‍ന്നാണ് വന്ധ്യംകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കുടുംബശ്രീയെ ഒഴിവാക്കിയതെന്നും കുടുംബശ്രീക്ക് എത്രയും വേഗം അനുമതി ലഭിച്ചെങ്കില്‍ മാത്രമേ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനാകൂ എന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ തെരുവു നായ്ക്കളുടെ കടിയേറ്റുള്ള മരണങ്ങളും തെരുവ് നായ ആക്രമണവും സംസ്ഥാനത്ത് വന്‍തോതില്‍ ഉയരുമ്പോഴും ഗുണമേന്മയുള്ള വാക്സിന് നല്‍കുന്നതിലും വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വലിയ പരാജയമാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: