ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. തിരുവള്ളൂര്‍ കിലാച്ചേരിയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളായ സേക്രഡ് ഹാര്‍ട്സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. സ്കൂളിനോട് ചേര്‍ന്ന ഹോസ്റ്റല്‍ മുറിയിലാണ് 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ തിരുത്താനി-പൊത്താട്ടൂര്‍പെട്ടൈ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇത് ഡിഎംകെ സര്‍ക്കാരിനെ കൂടുതല്‍ ഭീതിയിലാഴ്ത്തി. കല്ലകുറിച്ചിയില്‍ ഏതാനും ദിവസം മുന്‍പ് നടന്നതുപോലെ വന്‍തോതില്‍ കലാപമുണ്ടായേക്കുമോ എന്ന് ഭയന്ന് വന്‍തോതിലാണ് സ്കൂള്‍ കോമ്പൗണ്ടില്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരിക്കുന്നത്.
ഈയിടെ തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിലുള്ള സ്വകാര്യ സ്കൂളിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരും അക്രമം അഴിച്ചുവിട്ടിരുന്നു. അക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സ്കൂളിലെ നിരവധി ബസുകള്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കത്തിക്കുകയും ചെയ്തിരുന്നു. കല്ലക്കുറിച്ചിയിലെ മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചപ്പോള്‍ കുട്ടിയുടെ ജന്മഗ്രാമമായ പെരിയാനെസല്ലൂരിലെ ആയിരക്കണക്കിന് പേര് ചടങ്ങില്‍ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ ജനങ്ങളും പങ്കെടുത്തു. കല്ലക്കുറിച്ചി സംഭവത്തില്‍ ഡിഎംകെ സര്‍ക്കാരിന്റെ ഉദാസീന സമീപനത്തില്‍ ജനങ്ങള്‍ വലിയ രോഷാകുലരാണ്. 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷമുള്ള പൊലീസിന്റെ മെല്ലെപ്പോക്കായിരുന്നു ജനങ്ങളെ അക്രമത്തിലേക്ക് നയിച്ചത്.
ഡിഎംകെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണ് കല്ലക്കുറിശ്ശിയിലെ കലാപത്തില്‍ കാണുന്നതെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പ്രതികരിച്ചിരുന്നു. ഇത് ഭരണത്തകർച്ചയാണെന്നും, അണ്ണാമലൈ ആരോപിച്ചിരുന്നു.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തൂത്തുക്കുടിയിലെ പ്രേതം ഡിഎംകെ സര്‍ക്കാരിനെ വോട്ടയാടുകയാണെന്നും ചിലര്‍ കമന്റ് ചെയ്തിരുന്നു. എഐഎഡിഎംകെ ഭരിച്ചിരുന്ന സമയത്ത് 2018ലായിരുന്നു തൂത്തുക്കുടിയിലെ വേദാന്ത ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം നടന്നത്. ഇതേ തുടര്‍ന്നുള്ള കലാപം അടിച്ചമര്‍ത്താനുള്ള പൊലീസ് വെടിവെയ്പില്‍ 13 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ കലാപത്തിന് പിന്നില്‍ ഡിഎംകെയും ഉണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ തൂത്തുക്കുടി കലാപത്തിന്റെ പ്രേതമാണ് ഇപ്പോള്‍ ഡിഎംകെ സര്‍ക്കാരിനെ വേട്ടയാടുന്നതെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: