കൊച്ചി: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മൂവാറ്റുപുഴ തിരുമാറാടി സ്വദേശി ഇടപ്പറമ്പില്‍ വിനോദിന്റെ തട്ടിപ്പിന് ഇരയായത് നിരവധി പേര്‍. വിനോദിനെതിരെ പോലീസില്‍ പരാതി നല്കിയ പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി സെന്തിള്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിനോദിന്റെ അക്കൗണ്ടിലേക്ക് വന്നത് 28 കോടിയോളം രൂപയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സെന്തിള്‍ ജന്മഭൂമിയോടു പറഞ്ഞു.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീല്‍എഫ്എക്‌സ് കമ്പനിയുടെ ചെയര്‍മാന്‍ എന്ന പേരിലാണ് വിനോദ് തട്ടിപ്പ് നടത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തിരികെ ലഭിക്കും എന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ പല വഴികളാണ് തട്ടിപ്പുകാര്‍ പയറ്റിയത്. മുന്തിയ ഹോട്ടലുകളില്‍ ബിസിനസ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചുകൊണ്ട് വിപണിയിലെ ലാഭനഷ്ട സാധ്യതകള്‍ നിക്ഷേപകരെ ബാധിക്കില്ലെന്നും ഡീല്‍എഫ്എക്‌സ് തന്നെ നേരിട്ട് വിദഗ്ധരെക്കൊണ്ട് ട്രേഡിങ് നടത്തും എന്നും വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. കൂടാതെ ക്രിപ്‌റ്റോ കറന്‍സിയിലൂടെ വന്‍ലാഭം നേടിയവരെന്ന് പലരേയും പരിചയപ്പെടുത്തുകയും ചെയ്തു.
മണി ചെയിന്‍ മാതൃകയിലാണ് പ്രവര്‍ത്തനം. കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് 12 ശതമാനം റഫറല്‍ കമ്മിഷന്‍, 25 ലക്ഷം ഡോളറിന്റെ ബിസിനസ് നടത്തുന്നവര്‍ക്ക് ബെന്‍സ് കാര്‍ തുടങ്ങി വന്‍ വാഗ്ദാനങ്ങള്‍ നല്കിയാണ് തട്ടിപ്പിന് ഇരയാക്കിയത്. അഞ്ചര ലക്ഷം രൂപ അക്കൗണ്ട് വഴിയും നേരിട്ടു മൂന്ന് ലക്ഷവും 50 പവന്റെ സ്വര്‍ണ മാലയുമാണ് സെന്തിള്‍ നല്കിയത്. ഇതിന്റെ മൂല്യം കണക്കാക്കി കമ്പനി വെബ്‌സൈറ്റില്‍ അക്കൗണ്ട് സൃഷ്ടിച്ചു. എന്നാല്‍ ഇതില്‍ നിന്നു പണം പി
ന്‍വലിക്കാന്‍ സാധിക്കില്ല. പണം പിന്‍വലിക്കേണ്ട ഘട്ടമെത്തുമ്പോള്‍ സൈറ്റ് തകരാറിലാണെന്ന അറിയിപ്പാണ് കിട്ടുക. ഇതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടതെന്ന് സെന്തിള്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയോടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. എന്നാല്‍ മറ്റൊരു പേരില്‍ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് ഇപ്പോഴും തുടരുന്നതായും സെന്തിള്‍ പറയുന്നു.
സംസ്ഥാനത്തുടനീളം സമാനമായ രീതിയില്‍ പലരും ഡീല്‍എഫ്എക്‌സില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അവരില്‍ പലരും വിളിച്ച് പണമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിനോദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പരിത്രാണ്‍ എന്ന പേരില്‍ 2021 സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും റിച്ച്‌ഫെറിമാന്‍ എന്നപേരിലുണ്ടാക്കിയ ടെക്‌സ്റ്റൈല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേയും മറവിലാണ് വിനോദ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
28 കോടിയോളം രൂപ വിനോദിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നു പണം മറ്റൊരാളിന്റെ പേരിലുള്ള യെസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ട് ആരുടെ പേരിലാണെന്ന് വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ബാങ്കിന്റെ മുംബൈ ആസ്ഥാനത്തേക്ക് സൈബര്‍ സെല്‍ മുഖാന്തരം പോലീസ് അപേക്ഷ നല്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: