തിരുവനന്തപുരം: തിരുവനന്തപുരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചര്‍ ഷോപ്പി എന്ന കരകൗശല വില്‍പ്പന കേന്ദ്രത്തില്‍ മോഷണം നടത്തിയ കള്ളന് എട്ടിന്റെ പണികൊടുത്ത് സ്ഥാപനം. കള്ളന്റെ ഫോട്ടോ ഫ്‌ളക്‌സ് ബോര്‍ഡില്‍ പതിപ്പിച്ച് കടയ്‌ക്ക് മുന്നില്‍ വച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. സിസി ടി.വിയില്‍ പതിഞ്ഞ മോഷണശ്രമത്തിന്റെ ഫുള്‍ വീഡിയോ ദൃശ്യം സ്ഥാപനത്തിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു.ഒരു ദിവസം പൂര്‍ണ നഗ്‌നനായും, മറ്റൊരു ദിവസം അടിവസ്ത്രം ധരിച്ചും പരിസര നിരീക്ഷണം നടത്തിയശേഷം മൂന്നാംദിവസം അടിവസ്ത്രം മാത്രം ധരിച്ചാണ് സ്ഥാപനത്തില്‍ കടന്ന് മോഷണ ശ്രമം നടത്തിയത്. ഇതെല്ലാം സ്ഥാപനത്തിലെ സി.സി ടിവി കാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവിന്റെ മുഖമടക്കമുള്ള ചിത്രം സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചത്.
പൂര്‍ണ നഗ്‌നനായും അടിവസ്ത്രം മാത്രം ധരിച്ചും മോഷണത്തിനിറങ്ങിയ കള്ളന്റെ പടം വലിയ ഫ്‌ലക്‌സ് ബോര്‍ഡായി റോഡില്‍ സ്ഥാപിച്ചത്. സ്ഥാപനത്തിന്റെ ഉള്ളില്‍കടന്ന് മുറികളെല്ലാം അരിച്ചുപെറുക്കിയെങ്കിലും ആവശ്യമുള്ളതൊന്നും കിട്ടാത്തതിനാല്‍ ഇന്‍വെര്‍ട്ടറും യു.പി.എസും എടുത്തുകൊണ്ടാണ് കള്ളന്‍ പോയത്. ആറന്മുളക്കണ്ണാടിയും നെട്ടൂര്‍ പെട്ടിയും ചെന്നപട്ടണം കളിപ്പാട്ടങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും തൊട്ടില്ല.
തിരിച്ചറിയാതിരിക്കാന്‍ തലയില്‍ കറുത്ത തുണികൊണ്ട് കെട്ടിയായിരുന്നു മോഷണ ശ്രമം. ഇടയ്‌ക്ക് തുമ്മാനായി തലക്കെട്ട് അഴിച്ചപ്പോള്‍ നരച്ച താടിയുള്ള മോഷ്ടാവിന്റെ മുഖം വ്യക്തമായി കാമറയില്‍ പതിഞ്ഞു. തിരിഞ്ഞു നിന്നപ്പോള്‍ പിന്നിലെ കഷണ്ടിയും വ്യക്തമായി. മദ്ധ്യവയസ് പിന്നിട്ടയാളാണ് മോഷ്ടാവെന്നാണ് സംശയം. സ്ഥാപനം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: