ന്യൂദല്‍ഹി: വനവാസി സമൂഹത്തില്‍ നിന്നുള്ള വനിത സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന സുവര്‍ണ മുഹൂര്ത്തത്തിനു കാതോര്‍ത്ത് ഇന്ദ്രപ്രസ്ഥം. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ നൂറു ശതമാനം വിജയമുറപ്പിച്ചു മുന്നേറുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദീ മുര്‍മൂ. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് യുപിഎ ഘടകകക്ഷികളുടെ പോലും വോട്ടു കിട്ടില്ലെന്നുറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി വോട്ടുകളെങ്കിലും കൈവിട്ടു പോകാതിരിക്കാനുള്ള നീക്കമാണു നടത്തുന്നത്.
എന്‍ഡിഎ ഘടകകക്ഷികള്‍ക്കു പുറമേ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ബിഎസ്പി, ശിരോമണി അകാലിദള്‍, ജെഡിഎസ്, ടിഡിപി, ശിവസേന, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നീ പ്രതിപക്ഷ പാര്‍ട്ടികളും മൂര്മൂവിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മുര്‍മൂവിന്റെ വോട്ട് പ്രതീക്ഷിച്ചതിലും വര്‍ധിക്കും. ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ വിജയവും മഹാരാഷ്ട്രയില്‍ ബിജെപി – ശിവസേന സഖ്യം അധികാരത്തിലേറിയതും മുര്‍മൂവിന്റെ വോട്ട് വര്‍ധിപ്പിക്കും.
സ്ഥാനാര്‍ഥിയെ ആദ്യം പ്രഖ്യാപിച്ച്, പ്രതിപക്ഷ ഐക്യത്തിനു മുന്നിട്ടിറങ്ങിയ പലരും എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പിന്നാക്കം പോയി. ദ്രൗപദീ മുര്‍മൂവിനെ ഒറ്റക്കെട്ടായി രാഷ്ട്രപതി സ്ഥാനത്തേക്കു തെരഞ്ഞെടുക്കണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നതോടെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇതു കണ്ടില്ലെന്നു നടിക്കാനാകാതായി. തങ്ങള്‍ക്കുതന്നെ തിരിച്ചടിയാകുമെന്നു തിരിച്ചറിഞ്ഞ ഇത്തരം കക്ഷികള്‍ മുര്‍മൂവിനെ പിന്തുണയ്ക്കാന്‍ മത്സരിക്കുകയായിരുന്നു.
നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പാര്‍ലമെന്റ് ഹൗസിലെ റൂം നമ്പര്‍ 63ലും സംസ്ഥാന അസംബ്ലികളിലെ വിജ്ഞാപനം ചെയ്ത മുറികളിലുമാണ് വോട്ടെടുപ്പ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ദല്‍ഹിയും പുതുച്ചേരിയും ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരുമാണ് ഇലക്ടറല്‍ കോളജില്‍ ഉള്‍പ്പെടുന്നത്. 21നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: