കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതി കസ്റ്റഡിയിലിരിക്കേ അത് ഫോണില്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പറത്തുവന്ന ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് 2021 ജൂലായ് 19-ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെ ജിയോ സിംകാര്‍ഡുള്ള ഒരു വിവോ ഫോണിലിട്ട് പരിശോധിച്ചെന്നാണ് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഗുരുതരമായ കണ്ടെത്തലാണെന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്.
തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കുമ്പോള്‍ ഇക്കാര്യം പ്രോസിക്യൂഷന് അറിയിക്കും. സുപ്രീംകോടതിയുടെ ഉത്തരവിന് ലംഘനം ഉണ്ടായെന്നും ആരോപിച്ചേക്കും. 2019 സെപ്റ്റംബറില്‍ ദിലീപ് ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് അതിജീവിത കേസില്‍ കക്ഷി ചേരുകയും ദൃശ്യങ്ങള്‍ കാണിക്കരുതെന്നും അത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നും പറഞ്ഞിരുന്നു.
അന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതികളേയും മറ്റും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ അതീവശ്രദ്ധവേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം പകര്‍ത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രതിഭാഗം കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ടായിരുന്നതാണ്. ഇതാണിപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുന്ന സമയം അന്വേഷണ ഉദ്യോഗസ്ഥരോ പ്രതിഭാഗം അഭിഭാഷകരോ പ്രോസിക്യൂഷന് അഭിഭാഷകരോ കോടതിയിലുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രതിഭാഗം അഭിഭാഷകരുടെയും കോള്‍ റെക്കോര്‍ഡ് പരിശോധിച്ചതിലൂടെയാണ് ഇത് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: