മണി എടപ്പാള്‍
ലോകമെങ്ങും അംഗീകരിക്കപ്പെട്ടതും ഇന്നും പഠനവിഷയമാക്കുന്നതുമായ രാമായണവും മഹാഭാരതവും ഭാരതം ലോകത്തിനു നല്കിയ അമൂല്യരത്നങ്ങളാണ്. രാമായണം ലോകത്തിലെ ഏറ്റവും പുരാതന കാവ്യമാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പേ രചിക്കപ്പെട്ട രാമായണത്തിന് ഇന്നും പ്രസക്തി വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ ആ സൃഷ്ടി ശക്തിമത്തും മൂല്യവത്തും കാലാനുസൃതവുമാണെന്ന് മനസിലാക്കാം. രാജ്യത്ത് വിവിധയിനം രാമായണങ്ങള്‍ പ്രചാരത്തിലുണ്ടെങ്കിലും, വാല്മീകി രാമായണത്തെ ആധാരമാക്കി തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ തയ്യാറാക്കിയ അധ്യാത്മരാമായണമാണ് മലയാളികള്‍ ഇന്നും പാരായണം ചെയ്യുന്നത്.
ദക്ഷിണായനത്തിന്റെ തുടക്കവും പെരുമഴക്കാലവുമായ കള്ളക്കര്‍ക്കടകം വരുന്നത് വറുതി സമ്മാനിച്ചാണ്. തോരാമഴ പെയ്യുന്ന കര്‍ക്കടകത്തില്‍ പുറത്തിറങ്ങാനാവാതെ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് കാലത്തും സന്ധ്യയ്ക്കും രാമായണം പാരായണം ചെയ്തിരുന്ന നാളുകള്‍ മലയാളിക്കുണ്ടായിരുന്നു. അന്ന് രാമയണം വായിക്കാത്ത ഹൈന്ദവഗൃഹങ്ങള്‍ വിരളമായിരുന്നു. രാമകഥയിലെ ഉല്‍കൃഷ്ടമായ മാനുഷിക ബന്ധങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്താന്‍ അന്നുള്ളവര് ശ്രമിച്ചിരുന്നു. മാനസികാരോഗ്യം കൈവരിക്കാനും, സരസമായും സഭ്യമായും സംസാരിക്കാനും, അക്ഷരശുദ്ധി കൈവരിക്കാനും, മാതൃഭാഷ നിലനിര്‍ത്താനും രാമായണ പാരായണം കൊണ്ടു സാധിച്ചിരുന്നതായി പഴമക്കാര്‍ പറയാറുണ്ട്.
അതിനിടെയാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങളേയും ആധ്യാത്മിക പ്രവര്‍ത്തനങ്ങളേയും തകിടം മറിച്ച ഇടപെടലുകളുടെ സ്വാധീനമേറിയത്. അതിനു വശംവദരായിഹൈന്ദവ സമൂഹം വഴി തെറ്റി പ്രയാണം തുടങ്ങി. അങ്ങനെയിരിക്കെ; 1982ലെ വിശാല ഹിന്ദുസമ്മേളനത്തില്‍ ഒരു കൂട്ടം ഹൈന്ദവ നേതാക്കന്മാരുടെ കൂട്ടായ ചിന്തയില്‍ നിന്നും മഹത്തായൊരു ആഹ്വാനമുണ്ടായി: ‘ഇനി മുതല്‍ കര്‍ക്കിടകമാസം മുഴുവന്‍ രാമായണമാസമായി ആചരിക്കുക.’ തുടര്‍ന്ന് ഓരോ ഗ്രാമങ്ങളിലും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചും ഭവനങ്ങളിലും കര്‍ക്കടകത്തിലെ രാമായണ പാരായണം പ്രചാരത്തില്‍ വന്നു.
രാമായണമാസം ആചരിക്കാന്‍ ഇപ്പോള്‍ പല സംഘടനകളും പ്രസ്ഥാനങ്ങളും രംഗത്തുവന്നിട്ടുണ്ട്. ചിലര്‍ ദുഷ്ടലാക്കോടുകൂടിയാണ് ഇറങ്ങിയിരിക്കുന്നതെന്നു കാണാം. അവര്‍ രാമായണത്തിലെ ചില പ്രത്യേകഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് രാമായണത്തേയും രാമനേയും വിശ്വാസികള്‍ വെറുക്കപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കുന്നതായി കണ്ടുവരുന്നു. അവ പ്രതിരോധിക്കേണ്ടത് അനിവാര്യവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
രാമായണ പ്രചാരണം ശക്തിപ്പെടുത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയായി മാറണം. ഓരോഹിന്ദുവിന്റെ മനസിലും രാമനെ പ്രതിഷ്ഠിക്കുകയെന്ന കര്‍ത്തവ്യം നമുക്കോരോരുത്തര്‍ക്കുമുണ്ട്. അതിന് ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും സദ്സംഗങ്ങളും ഭജനകളും രാമായണ പാരായണങ്ങും സപ്താഹങ്ങളും നവാഹങ്ങളും സംഘടിപ്പിക്കണം.
രാമായണത്തിലെ വിശേഷപ്പെട്ട, ഫലശ്രുതി നേടുന്ന ഭക്തി നിറഞ്ഞ ചെറിയ ശ്ലോകങ്ങള്‍ ഭക്തരെ പഠിപ്പിക്കണം. ഉദാഹരണത്തിന് മംഗല്യഭാഗ്യത്തിനും ദാമ്പത്യസൗഖ്യത്തിനും ബാലകാണ്ഡത്തിലെ ‘സല്‍ക്കാരയോഗ്യന്മാരാം രജപുത്രര്‍മാരെ…’ എന്നു തുടങ്ങി ‘രാമനു നല്കീടിനാന് ജനകമഹീന്ദ്രനും’ വരെയും ; സന്താനലബ്ധിക്ക് ‘തന്നുടെ ഗുരുവായ വസിഷ്ഠ നിയോഗത്താല്‍…’ എന്നു തുടങ്ങി ‘മര്‍ഭകന്‍മാര്‍ നാല്‍വര്‍ പിറന്നാരുടനുടന്‍’വരെയും; പരീക്ഷാവിജയത്തിന് ഭാര്‍ഗവദര്‍പ്പശമനം എന്ന ഭാഗത്തെ ‘ഞാനൊഴിങ്ങുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍…’ എന്നു തുടങ്ങി ‘ശീരാമ രാമ! രാമ! കൗസല്ല്യാത്മജ! ഹരേ’ എന്നു വരേയും പഠിപ്പിക്കുക. ഇതുപോലെ സുഖപ്രസവത്തിനും ആപത്തൊഴിവാകാനും വേര്‍പിരിഞ്ഞവര്‍ ഒന്നിക്കാനും ഉദ്യോഗക്കയറ്റത്തിനും കുട്ടികള്‍ വഴിതെറ്റാതിരിക്കാനും ദുഃസ്വപ്നങ്ങള്‍ കാണാതിരിക്കാനുമെല്ലാം ചൊല്ലേണ്ടതായ പ്രത്യേക ശ്ലോകങ്ങള്‍ രാമായണത്തിലുണ്ട്.
മഹാഭാരതം ധര്‍മമാര്‍ഗമാണ് കാണിച്ചു തരുന്നത്. ഭാഗവതം ഭക്തിമാര്‍ഗവും. ഇവ രണ്ടും ഉള്‍ക്കൊള്ളുന്നതാണ് രാമായണം എന്നതാണ് അതിന്റെ മാഹാത്മ്യം. ലോകത്തെ തിന്മയില് നിന്നും നന്മയിലേയ്ക്ക് നയിക്കുവാന്‍ പര്യാപ്തമായ കഥയും കഥാപാത്രങ്ങളെയും നമുക്ക് പരിചയപ്പെടുത്തുകയാണ് രാമായണത്തിലൂടെ വാല്മീകി ചെയ്യുന്നത്. അതുകൊണ്ട് നാമോരോരുത്തരും രാമായണ പ്രചാരണം ഏറ്റെടുക്കണം. രാമനും രാമായണവും നിത്യജപമായെടുത്ത് നമുക്ക് മുന്നേറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: