എന്റെ കഥാനായകനായ അലക്സി ഫയദരോവിച്ച് കരമസോവിന്റെ ജീവിതകഥയില്‍ നിന്നും ആരംഭിക്കുമ്പോള്‍ ഞാനേതോ കുഴക്കത്തില്പ്പെട്ടു പോകുന്നു.
ഒരു നിലയ്ക്കും മഹാനല്ലാത്ത അലക്സിയെ ഞാനെന്റെ കഥാനായകനായി അവതരിപ്പിക്കുമ്പോള്‍ ഉയര്‍ന്നുവരാന്‍ ഇടയുള്ള ചില ചോദ്യങ്ങളെങ്കിലും ഞാന്‍ മുന്‍കൂട്ടിക്കാണുന്നു. ഒന്നാമതായി വരാന്‍ സാധ്യതയുള്ള ചോദ്യം ഒരു നായകനു വേണ്ട യോഗ്യത അയാള്‍ക്കുണ്ടോ എന്നുള്ളതാകും.
അയാള്‍ സത്യത്തില്‍ എന്താണ് ചെയ്തിട്ടുള്ളത്? അയാളെ അറിയാവുന്ന ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലുമയാള് ചെയ്തിട്ടുണ്ടോ? അഥവാ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അതെന്തിനു വേണ്ടിയായിരുന്നു? വായനക്കാരനായ ഞാനെന്തിനയാളുടെ ജീവിതസത്യങ്ങള്‍ പഠിക്കണം?
അവസാന ചോദ്യം വിധിനിര്‍ണായകമായ ഒന്നുതന്നെ. ഒരുപക്ഷേ, അതു നോവലില്‍ നിന്നുതന്നെ കണ്ടെത്തണമെന്നേ ഞാന്‍ പറയൂ. നോവല്‍ വായനയ്ക്കുശേഷം അലക്സി ഫയദരോവിച്ചിന്റെ പ്രാപ്തിയെപ്പറ്റി നിങ്ങള്‍ കാണുന്നില്ലെന്നോ, അതുമായി പൊരുത്തപ്പെടാനാവുന്നില്ലെന്നോ കരുതിക്കൊള്ളൂ. ഞാനെന്തുകൊണ്ടാണിങ്ങനെ പറയുന്നതെന്നോ? അങ്ങനെ ഞാന്‍ ഖേദപൂര്‍വ്വം മുന്‍കൂട്ടി കാണുകയാണ്. എന്നെ സംബന്ധിച്ച് അലക്സി ഫയദരോവിച്ച് അന്തഃസാരമുള്ളവനാണെങ്കിലും അത് വായനക്കാരന് സാധൂകരിച്ചു നല്കുവാന് സാധിക്കുമോ എനിക്കെന്ന് ഞാന്‍ സം ശയിക്കുന്നു.
നമ്മുടേതുപോലെ ഒരു കാലത്ത് ആളുകളില്‍ നിന്നും വ്യക്തത ആവശ്യപ്പെടുന്നത് വിചിത്രമായിരിക്കുമല്ലോ. അലക്സി ഫയദരോവിച്ച് നിര്‍വചനത്തിനു വഴങ്ങാത്തവനുംനിയതസ്വഭാവമുള്ളവനുമാണ്. എന്തായാലും അയാള്‍ അസാധാരണനാണെന്ന വസ്തുത സംശയരഹിതമാണ്. ഒരുപക്ഷേ വിചിത്ര മനുഷ്യന് പോലുമാണ്.
ഈ വൈചിത്ര്യം, അപരിചിതത്വം ശ്രദ്ധിക്കുന്നതിനുള്ള അവകാശത്തിനു ന്യായീകരണമാകുമെന്നതിനേക്കാള് ശല്യമായാണ് തീരുക- പൊതുവായ അസംബന്ധതയില്‍ എന്തെങ്കിലും കാമ്പ് കണ്ടെത്തുവാനും സവിശേഷതകളെ സമന്വയിപ്പിക്കുന്നതിനും വേണ്ടി ഓരോരുത്തരും ഉഴലുന്ന ഈ കാലത്ത് വിചിത്രതരനായ ഒരുവന് അത്യന്തം വ്യക്തവും കുറ്റപ്പെട്ടതുമായ ഒരു പ്രതിഭാസമാവും. അങ്ങനെയല്ലന്നുണ്ടോ?
ഈ ഒടുക്കം പറഞ്ഞ ആശയവുമായി നിങ്ങള്‍ യോജിച്ചാലുമില്ലെങ്കിലും, നിങ്ങള്‍ മറുപടി പറയുവാനിച്ഛിക്കുന്നില്ലെങ്കില് തന്നെയും ഞാനെന്റെ കഥാനായകപാത്രത്തിന്റെ സാംഗത്യത്തില്‍ ഹൃദയം ചേര്‍ക്കുന്നു. എന്റെ നായകന് മിക്കപ്പോഴും ഒരു പ്രത്യേകത വഹിക്കുന്നവനോ ഏകാകിയോ ആവണമെന്നില്ല. അന്തമില്ലാതെ സഹിക്കുന്ന ഒരു പ്രകൃതമാണ് അയാളുടേത്. ഏതൊക്കെയോ ചുഴല്ക്കാറ്റുകളാല് സകലരുടെയും യുക്തി കീറിപ്പറിഞ്ഞിരിക്കുന്ന ഇക്കാലത്ത് അങ്ങനൊക്കെയാണ് സംഭവിക്കുന്നത്.
അവ്യക്തവും വിരസവുമായ ഇത്തരം വിശദീകരണങ്ങള്‍ക്ക് ഞാന്‍ തുനിയുകയില്ല. ഒരു പരിചയപ്പെടുത്തലും കൂടാതെയാണ് ഞാന്‍ ആരംഭിക്കുക. വായനക്കാരന് അതിഷ്ടപ്പെട്ടുവെങ്കില്‍ അവന് അത് മുഴുവന്‍ വായിക്കും.
എനിക്ക് പറയുവാനുള്ളത് ഒരു ജീവിതകഥ മാത്രമാണെങ്കിലും ഇതില്‍ രണ്ടു നോവലുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. രണ്ടാമത്തേതാണ് പ്രധാനം. നമ്മുടെ സാന്നിദ്ധ്യത്തില്‍ ഈ കാലത്ത് നടക്കുന്ന എന്റെ കഥാനായകന്റെ ചെയ്തികളെപ്പറ്റി.
ആദ്യത്തെ നോവലാണെങ്കില്‍ പതിമൂന്നു വര്‍ഷം മുന്‍പു നടന്ന സംഭവഗതികളിന്മേലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതൊരു നോവലേയല്ല. എന്റെ കഥാനായകന്റെ യൗവനാരംഭകാലത്തെ വെളിച്ചപ്പെടുത്തുന്നതു മാത്രമാവാം. പക്ഷേ ഇതുണ്ടെങ്കിലേ അടുത്തത് തിരിച്ചറിയുവാന്‍ കഴിയൂ എന്നതിനാല്‍ ഇതൊഴിവാക്കാന്‍ കഴിയുന്നതുമല്ല. അതിനാല്‍ എന്റെ ആദ്യത്തെ ദുര്‍ഘടം ഏറെ സങ്കീര്ണ്ണമാകുകയുണ്ടായി.
ഇത്തരം വിനീതനും ഉറപ്പില്ലാത്തവനും വ്യാഖ്യാനങ്ങള്ക്കതീതനുമായ ഒരുവന്റെ കഥയ്ക്ക് എത്ര സാധുതയുണ്ടാകുമെന്ന് ഒരു ജീവചരിത്രക്കാരനെന്ന നിലയില്‍ ഞാന്‍ പരിഗണിക്കേണ്ടിയിരുന്നല്ലോ. അങ്ങനെയിരിക്കെ രണ്ടണ്ണമാകുമ്പോഴെന്താവും സ്ഥിതി? അത്തരമൊരു മുന്‍ധാരണ എനിക്കുണ്ടെങ്കില്‍ എന്തു വിശദീകരണമാണിതില് നല്കാന് കഴിയൂക? ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ അവയെ വെറുതെ വിടാനേ എനിക്കു കഴിയൂ. സൂക്ഷ്മനിരീക്ഷകനായ ഒരു വായനക്കാരന് തുടക്കംതൊട്ടേ ഇത് തിരിച്ചറിഞ്ഞുവെന്നും എന്തിനാണ് ഞാന്‍ ഇത്രയേറെ സമയവും വാക്കുകളും ധൂര്‍ത്തടിച്ചത് എന്ന് വിസ്മയിക്കുകയും വന്നേക്കാം. ആദ്യം വിനയപൂര്‍വ്വമായും പിന്നീട് തന്ത്രജ്ഞതയോടും ഞാന്‍ ചില മുന്നറിയിപ്പുകള്‍ നല്കുന്നുണ്ടല്ലോ.
എന്റെ കഥ രണ്ടു ഖണ്ഡങ്ങളായി വിഭജിതമായതിനാല്‍ എനിക്ക് സന്തുഷ്ടിയുണ്ട്. ആദ്യഭാഗം വായിക്കുമ്പോള്‍ത്തന്നെ അടുത്തതിലേക്ക് വരേണ്ടതുണ്ടോ എന്ന് വായനക്കാരന് തിരഞ്ഞെടുക്കുവാന്‍ കഴിയും, സമഗ്രത പരിപാലിക്കപ്പെട്ടിരിക്കുകയാല്‍. തീര്‍ച്ചയായും ആരും ഒന്നിനാലും ബന്ധിതരല്ല. രണ്ടു താളുകള്‍ വായിച്ച ശേഷം നോവല്‍ ഒരാള്‍ക്ക് തുടരാതെയിരിക്കാം. വീണ്ടും ഒരിക്കലും കൈകളിലെടുക്കാതെയുമിരിക്കാം. സ്വാദിഷ്ഠതയോടെ തുടര്‍ന്ന് അവസാനംവരെ തുടരുന്നവരുമുണ്ടായിക്കൂടെന്നില്ല. പ്രായഭേദം കൂടാതെ ഇത്തരക്കാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളില്‍ ഒരു പിശകും ഉണ്ടാകുകയുമില്ല. ഇത്തരക്കാരെയോര്ക്കുമ്പോഴാണെന്റെ ഹൃദയഭാരം ഒഴിയുന്നത്. അവരുടെ ശ്രദ്ധ ആദ്യാദ്ധ്യായത്തിലിരിക്കെത്തന്നെ നോവലുപേക്ഷിച്ചു പോകുവാനുള്ള സ്വാതന്ത്ര്യം ഞാനവര്‍ക്കു നല്കുന്നു.
ശരി, എന്റെ ആമുഖം ഇത്രയേയുള്ളൂ. ഇത് ഉപരിപ്ലവമായിപ്പോയെന്ന് സമ്മതിക്കുകയും ചെയ്യുന്നു. എന്തായാലും എഴുതിപ്പോയി. അങ്ങനെതന്നെയിരിക്കട്ടെ.
ഇനി കാര്യത്തിലേക്ക് കടക്കാം…
എന്റെ കഥ രണ്ടു ഖണ്ഡങ്ങളായി വിഭജിതമായതിനാല്‍ എനിക്ക് സന്തുഷ്ടിയുണ്ട്. ആദ്യഭാഗം വായിക്കുമ്പോള്‍ത്തന്നെ അടുത്തതിലേക്ക് വരേണ്ടതുണ്ടോ എന്ന് വായനക്കാരന് തിരഞ്ഞെടുക്കുവാന്‍ കഴിയും, സമഗ്രത പരിപാലിക്കപ്പെട്ടിരിക്കുകയാല്‍. തീര്‍ച്ചയായും ആരും ഒന്നിനാലും ബന്ധിതരല്ല. രണ്ടു താളുകള്‍ വായിച്ച ശേഷം നോവല്‍ ഒരാള്‍ക്ക് തുടരാതെയിരിക്കാം. വീണ്ടും ഒരിക്കലും കൈകളിലെടുക്കാതെയുമിരിക്കാം. സ്വാദിഷ്ഠതയോടെ തുടര്‍ന്ന് അവസാനംവരെ തുടരുന്നവരുമുണ്ടായിക്കൂടെന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: