അയ്യപ്പഭക്തിഗാനത്തിലൂടെ ആലാപനരംഗത്തേക്കു കടന്നുവന്ന ചലച്ചിത്ര പിന്നണി ഗായിക അമ്പിളിയുടെ ഗാനസപര്യക്ക് അരനൂറ്റാണ്ട് തികയുന്നു. 13-ാം വയസ്സില്‍ വയലാര്‍ രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നിര്‍വ്വഹിച്ച ശ്രീ അയ്യപ്പന് എന്ന ചലച്ചിത്രത്തിലെ ‘തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി’ എന്ന ഗാനം ആലപിച്ച് സിനിമാ സംഗീത ലോകത്ത് സവിശേഷ ശ്രദ്ധ നേടിയ ഗായികയാണ് അമ്പിളി രാജശേഖരനെന്ന മലയാളികളുടെ സ്വന്തം ഗായിക അമ്പിളി. 1970 കളുടെ ആദ്യനാളുകളിലാണ് അമ്പിളി ചലച്ചിത്രപിന്നണി ഗാനരംഗത്തേക്കു കടന്നുവരുന്നത്. സംഗീതത്തില്‍ ഏറെ അഭിരുചിയുണ്ടായിരുന്ന സുകുമാരിയമ്മയുടേയും ആര്.സി തമ്പിയുടേയും മകളായി തിരുവനന്തപുരത്തു ജനിച്ച അമ്പിളിയുടെ യഥാര്‍ഥ നാമം പത്മജ എന്നായിരുന്നു. സംഗീതജ്ഞന് മലബാര്‍ ഗോപാലന് നായരുടെ ശിഷ്യയായിരുന്നു അമ്മ. മൂന്ന് വയസു മുതല്‍ തന്നെ പാട്ടില്‍ അഭിരുചി പ്രകടിപ്പിച്ചു തുടങ്ങി. അമ്മയാണ് ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്നത്. ആകാശവാണിയിലെ സംഗീതജ്ഞനായിരുന്ന എസ്. രത്നാകരന്റെ കീഴില്‍ ചെറുപ്പം മുതല്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു തുടങ്ങി. സ്കൂള്‍, കോളേജ് യുവജനോത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ചലച്ചിത്രരംഗത്തു കടന്നുവരാനായി മാതാപിതാക്കളോടൊപ്പം മദ്രാസിലേക്കു താമസം മാറ്റിയതും ദക്ഷിണാമൂര്‍ത്തിയുടെ ശിഷ്യത്വം സ്വീകരിക്കാനായതും അമ്പിളിയുടെ ജീവിതത്തിലെ വഴിത്തിരിവായി.
1970 ല്‍ ‘ശബരിമല ശ്രീ ധര്‍മ്മശാസ്താ’ എന്ന ചിത്രത്തില്‍ ‘കരാഗ്രേ വസതേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. എങ്കിലും 1972ല്‍ ‘ശ്രീഗുരുവായൂരപ്പന്’ എന്ന ചിത്രത്തിലെ ‘ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന്’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 1973 ല്‍ ‘വീണ്ടും പ്രഭാത’ത്തിലെ ‘ഊഞ്ഞാലാ’ എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. 1975 ല്‍ ‘സ്വാമി അയ്യപ്പനു’ വേണ്ടി പാടിയ ‘തേടി വരും കണ്ണുകളില്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം സവിശേഷ ശ്രദ്ധ നേടിക്കൊടുത്തു. ഈ ഗാനം മൂളാത്ത മലയാളികളുണ്ടാവില്ല. കുട്ടികളുടെ ശബ്ദത്തില്‍ പാടാനുള്ള കഴിവുള്ളതിനാല്‍ ബേബി സുമതിയടക്കം അഭിനയിച്ച കുട്ടി കഥാപാത്രങ്ങള്‍ക്ക് വേണ്ടി പാടാനുള്ള ധാരാളം അവസരങ്ങള്‍ കിട്ടി.
1990 കളുടെ ആദ്യം വരെ ചലച്ചിത്രപിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പി. സുശീലയും എസ്. ജാനകിയും വാണി ജയറാമും ഉള്‍പ്പെടെ ശ്രദ്ധേയരായ ഒട്ടനവധി ഗായികമാര്‍ തിളങ്ങിനിന്നിരുന്ന കാലത്താണ് അമ്പിളിയും അവര്ക്കിടയിലൂടെയെത്തി അരങ്ങുവാണത്. അന്നൊക്കെ സിനിമകളില്‍ ഒമ്പതും പത്തും പാട്ടുകളുണ്ടാകും. മറ്റു ഗായികമാര്‍ക്കൊപ്പം ഒരു പാട്ട് അമ്പിളിക്കായും നീക്കിവച്ചിരുന്ന കാലമായിരുന്നു അത്. പി. ദേവരാജന്‍, രാഘവന്മാഷ്, എം.കെ അര്ജുനന്, സലില്‍ ചൗധരി എന്നിവര്‍ ഈണമിട്ട പാട്ടുകള്‍ അമ്പിളി ആലപിച്ചു. എന്റെ നീലാകാശം, രാജപൈങ്കിളി രാമായണക്കിളി രാഗം താനം പാടൂ, ആരാരോ സ്വപ്നം, തുമ്പീ തുമ്പീ തുള്ളാന്‍ വായോ, തന്നന്നം താനന്നം താളത്തിലാടി എന്നിങ്ങനെ എത്രയോ ഗാനങ്ങള്‍ ആ സ്വരമാധുരിയില്‍ മലയാളികള്‍ ആസ്വദിച്ചു.
ഗുരുവായൂരപ്പന്റെ നാരായണീയം 50 രാഗങ്ങളില്‍ പാടി റെക്കോര്‍ഡ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആധ്യാത്മിക ഗാനങ്ങള്‍, മീരാ ഭജന്‍, സായി ഭജന്‍, കൃഷ്ണ ഭജന്‍ എന്നിങ്ങനെ ധാരാളം ഭക്തിഗാന ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി എന്നിങ്ങനെ ഒട്ടനവധി ഭാഷകളില്‍ അമ്പിളിയുടെ സ്വരരാഗഗംഗാപ്രവാഹം അലയടിച്ചു.
2009 ല്‍ സുഹൃത്ത് മായാമോഹനുമൊത്ത് ‘മായമ്പ് ഗോള്‍ഡന്‍ മെലഡീസ്’ എന്ന ഗാനമേള സമിതി രൂപീകരിച്ച് സംഗീതരംഗത്ത് സജീവമായിരുന്നു. റോക് ശൈലിയിലുള്ള ഗാനങ്ങള്‍ ഇടകലര്‍ത്തിയുള്ള അമ്പിളിയുടെ ഗാനമേളകള്‍ വളരെ പ്രസിദ്ധമായിരുന്നു. ഇപ്പോള്‍ 63 ന്റെ നിറവില്‍ വീണ്ടും ഒരു അയ്യപ്പഭക്തി ഗാനം പാടിയതിന്റെ നിര്‍വൃതിയിലാണ് അമ്പിളി. ‘തേടി വരുന്നു സത്യസ്വരൂപനെ’ എന്ന് തുടങ്ങുന്ന ശ്രീകുമാര്‍ ആമ്പല്ലൂര്‍ രചിച്ച് ആചാര്യ ആനന്ദ്കൃഷ്ണ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനത്തിന്റെ റെക്കോഡിംഗ് മദ്രാസില്‍ പൂര്‍ത്തിയായി. 13 വയസില്‍ പാടിയ തേടിവരും കണ്ണുകളില്‍ എന്ന ഗാനവും 63 ല്‍ പാടിയ തേടിവരുന്നു സത്യസ്വരൂപനെ എന്ന ഗാനവും ശബരിമല അയ്യപ്പസന്നിധിയില്‍ ആലപിക്കാനുള്ള ആഗ്രഹത്തിലാണ് മലയാളിയുടെ പ്രിയ ഗായിക. അയ്യപ്പമുദ്രയണിഞ്ഞ് വ്രതാനുഷ്ഠാനങ്ങളോടെ ഈ വര്‍ഷം തന്നെ പതിനെട്ടാംപടി കയറി സ്വാമിയെ തേടിയെത്തും.
അരനൂറ്റാണ്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും പാടിയ രണ്ടുഗാനങ്ങളും തിരുനടയില്‍ പാടി പടിയിറങ്ങണമെന്നാണ് അമ്പിളിയുടെ മോഹം. അന്തരിച്ച സിനിമാ സംവിധായകന് കെ.ജി രാജശേഖരനാണ് ഭര്‍ത്താവ്. രാഘവേന്ദ്രന്, രഞ്ജിനി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: