ന്യൂദല്‍ഹി: പുതുതായി നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ദേശീയചിഹ്നമായ അശോകസ്തംഭം പ്രധാനമന്ത്രി അനാച്ഛാദനംചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗമായ എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേര്‍തിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നത്. നിയമങ്ങള്‍ നിര്‍മിക്കുക, എക്സിക്യൂട്ടീവിനെ പരിശോധനാ വിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് പ്രവര്‍ത്തിക്കാന്‍ അതിന്റേതായ സ്വതന്ത്രരീതിയുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് ഭരണഘടന വേര്‍തിരിച്ചുനല്‍കിയ അധികാരങ്ങളെ ഇകഴ്ത്തുകയാണ് എക്സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തത്.
ചടങ്ങില്‍ പ്രധാനമന്ത്രി പൂജയും നടത്തി. എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുമെന്ന സത്യപ്രതിജ്ഞ കര്‍ക്കശമായി പാലിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും തയ്യാറാകണം പിബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്നലെയാണ് രാജ്യതലസ്ഥാനത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദരിത്തില്‍ സ്ഥാപിക്കാനായി തയാറാക്കിയ അശോക സ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണംചെയ്തത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ചടങ്ങിന് ശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദി വിലയിരുത്തുകയും ചെയ്തു.
അടുത്ത ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഓം ബിര്‍ല പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബിര്‍ല പദ്ധതി പൂര്‍ത്തീകരണം സംബന്ധിച്ച സൂചന നല്‍കിയത്.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 971 കോടി രൂപ ചെലവ് വരും. ഇന്ത്യന്‍ നിര്‍മ്മാണ മേഖലയിലെ അതികായരായ ടാറ്റാസ്, ഷപൂര്‍ജി പലോഞ്ചി തുടങ്ങിയവരാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. 4 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന സെന്‍ട്രല്‍ വിസ്റ്റയുടെ ആകെ ചെലവ് 20,000 കോടി രൂപയാണ്. ഗവണ്മെന്റിന്റെ ആകെ വാര്‍ഷിക നികുതി വരുമാനമായ 20 ലക്ഷം കോടി രൂപയുടെ 0.25% മാത്രമാണിത്.
51 മന്ത്രാലയങ്ങളില്‍ 22 എണ്ണം മാത്രമേ നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ ദില്ലിയുടെ വിവിധഭാഗങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പുതിയ മന്ദിരം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവയെല്ലാം ഒരു കുടക്കീഴിലാകും. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പഴയതിലും വേഗത്തിലാകും.
പഴയ പാര്‍ലമെന്റ് മന്ദിരം പൊളിച്ചുമാറ്റാന്‍ പോകുന്നു എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. വസ്തുത തരിമ്പുമില്ലാത്തതും ചിട്ടയായ പ്രചാരണത്തിലൂടെയും വാചാടോപത്താലുമുള്ള പ്രചരണം മാത്രമാണിത്. പഴയ മന്ദിരങ്ങളില്‍ മൂന്ന് വിഭാഗങ്ങളുണ്ട് എന്നതാണ് വസ്തുത. ഒന്നാം ഭാഗത്തു വരുന്ന പഴയ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്, സൗത്ത് ബ്ലോക്ക് പോലുള്ള പഴയ ചരിത്രപരമായ കെട്ടിടങ്ങള്‍ എന്നിവ നിലനിര്‍ത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യും. രണ്ടാമതായി വരുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം, സംയോജിത കേന്ദ്ര സെക്രട്ടേറിയറ്റ്, എസ്പിജി കോംപ്ലക്സ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വസതികള്‍ എന്നിവ അരികിലായി നിര്‍മ്മിക്കും.
പൊളിക്കുന്ന കൃഷിഭവന്, നിര്മ്മാണ് ഭവന്, രക്ഷാ ഭവന്, ശാസ്ത്രി ഭവന്, ഉദ്യോഗ് ഭവന്, ഐജിഎന്‍സിഎ അനെക്സ് തുടങ്ങിയ കെട്ടിടങ്ങള്‍ സ്വതന്ത്ര ഇന്ത്യയിലെ സൗന്ദര്യാത്മക വിസ്മയങ്ങളാണെന്നത് ആരും കരുതുന്നില്ല. ഇന്നത്തെ അന്തരീക്ഷത്തില്‍ പരിപാലിക്കാന്‍ ചെലവേറിയതും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്തതുമായ ഈ കെട്ടിടങ്ങള്‍ പഴയ കാലത്തെ പിഡബ്ല്യുഡി നിര്‍മ്മിതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: