കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി റെഡ് ക്രെസന്റിന് നല്കാന് തീരുമാനിച്ചത് ക്ലിഫ് ഹൗസില്‍ നടന്ന യോഗത്തിലാണെന്ന് സ്വപ്ന സുരേഷ്. സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു എംഒയു ഒപ്പിട്ടതെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്, കോണ്‍സല്‍ ജനറല്‍, എം. ശിവശങ്കര്‍ എന്നിവരും ക്ലിഫ് ഹൗസിലെ യോഗത്തില്‍ പങ്കെടുത്തതായും സ്വപ്ന പറഞ്ഞു. ലൈഫ് മിഷന് ഭവന പദ്ധതിയില്‍ നിന്നു കമ്മിഷന് വാങ്ങാനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം കൊണ്ടുവന്ന കേസില്‍ സിബിഐ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മിഷന് പണമായിരുന്നുവെന്നും സ്വപ്ന ആവര്‍ത്തിച്ചു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സ്വപ്ന കൊച്ചിയിലെ സിബിഐ ഓഫീസിലെത്തിയത്. വടക്കാഞ്ചേരി ലൈഫ്മിഷന് പദ്ധതിയിലെ കമ്മിഷന് ഇടപാട്, ഉദ്യോഗസ്ഥ- രാഷ്ട്രീയ-ഭരണതലത്തിലുള്ള അഴിമതി, ഫോറിന് കോണ്‍ഡ്രിബ്യൂഷന്‍ ആക്ടിന്റെ ലംഘനം എന്നിവയിലാണ് സിബിഐ അന്വേഷണം. കേസില്‍, സ്വര്‍ണക്കടത്തിലെ മറ്റൊരു പ്രതി സരിത്തിനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. പതിനെട്ടര കോടി രൂപയുടെ ഭവന നിര്‍മാണ പദ്ധതിയില്‍ നാലരക്കോടി രൂപയുടെ കമ്മിഷന് ഇടപാടാണ് നടന്നത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും മറച്ചുവയ്ക്കാനൊന്നുമില്ലെന്നും സ്വപ്ന പറഞ്ഞു. സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സ്വപ്ന വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സ്വപ്ന സുരേഷ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനിടെയാണ് ലൈഫ്മിഷന് കേസില്‍ സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നത്. 21 ന് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: