മുംബൈ : വീണ്ടും ഏക്നാഥ് ഷിന്‍ഡെ പക്ഷവുമായുള്ള ഏറ്റുമുട്ടലില്‍ മുറിവേറ്റ് ഉദ്ധവ് താക്കറെ. ഏക് നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 39 എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷക്കാരനായ ഡപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സര്‍വാള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒപ്പം ഉദ്ധവ് പക്ഷത്ത് ഇപ്പോള്‍ നിലകൊള്ളുന്ന 14 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഷിന്‍ഡേ പക്ഷത്തിന്റെ ആവശ്യവും സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഇരുവിഭാഗത്തെയും ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കരുതെന്ന് സ്പീക്കറോട് പറയാന്‍ സുപ്രീംകോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ നിയോഗിച്ചു. താന്‍ ഇക്കാര്യം മഹാരാഷ്ട്ര സ്പീക്കറെ അറിയിക്കാമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. ഇതോടെ ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഇരുവിഭാഗത്തിന്റെയും നീക്കം ഫലം കാണാതെ അവസാനിച്ചു.
ഉദ്ധവ് പക്ഷത്തിന്റെയും ഷിൻഡെ പക്ഷത്തിന്റെയും മുഴുവന്‍ കേസുകളിലും വിശദമായ വാദം കേട്ട ശേഷം മാത്രമേ അന്തിമ വിധി പറയൂ എന്നും സുപ്രീംകോടതി അറിയിച്ചു. കോടതിയുടെ തീരുമാനം വരുന്നത് വരെ എംഎൽഎമാർക്കെതിരെ സ്പീക്കർക്ക് നടപടിയെടുക്കില്ല.
ഉദ്ധവ് താക്കറെ പക്ഷത്തിന് വേണ്ടി കപില്‍ സിബല്‍ ആണ് ഹാജരായത്. ഉദ്ധവ് പക്ഷം സമര്‍പ്പിച്ചിരിക്കുന്ന മറ്റ് മൂന്ന് ഹര്‍ജികള്‍ വേറെയുമുണ്ട്. ഇതിലെല്ലാം നാളെത്തന്നെ വാദം കേള്‍ക്കണമെന്ന കപില്‍ സിബലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വൈകാതെ എല്ലാ കേസുകളും കേള്‍ക്കാമെന്നായിരുന്നു സുപ്രീംകോടതി ഡിവിഷന് ബെഞ്ചിന്റെ മറുപടി. പക്ഷെ ഈ കേസുകളിലെല്ലാം വാദം കേട്ട് വിധി പറയുന്നതുവരെ എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ നിന്നും സ്പീക്കറെ വിലക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിരുമാരായ കൃഷ്ണ മുരാരി, ഹേമ കോഹ് ലി എന്നിവരാണ് വാദം കേള്‍ക്കുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഉദധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടതിനെ ഉദ്ധവ് താക്കറെ പക്ഷം ചോദ്യം ചെയ്തിട്ടുണ്ട്. അതുപോലെ ഏക്നാത് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെയും ചോദ്യം ചെയ്തിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ ഏക്നാഥ് ഷിന്‍ഡേയ്ക്ക് വിപ് നല്കാന് അധികാരം നല്കിയ സ്പീക്കറുടെ നടപടിയെയും ഉദ്ദവ് പക്ഷം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ വരുംദിവസങ്ങളില്‍ സുപ്രീംകോടതി വിശദമായി വാദങ്ങള്‍ കേള്‍ക്കും. അതിന് ശേഷം മാത്രമേ അന്തിമ വിധി പ്രഖ്യാപിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: