ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യയെ 4 മാസം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി. 9,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതാണ് മല്യക്കെതിരായ കേസ്. കോടതിയില്‍ ഹാജരാകാത്ത മല്യയുടെ നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തിയ കോടതി 2,000 രൂപ പിഴയൊടുക്കാനും നിര്‍ദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടു മാസത്തെ തടവ് കൂടി മല്യ അനുഭവിക്കേണ്ടി വരും.
2017ലെ കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കോടതി ഉത്തരവ് ലംഘിച്ച് 2017ല്‍ മകള്‍ക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിജയ് മല്യയെ ശിക്ഷിച്ചത്. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
എസ്ബിഐ ഉള്‍പ്പെടെ 13 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ച് 2 നാണ് രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. കഴിഞ്ഞ വര്‍ഷം യുകെയിലെ കോടതി ഇദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ വിജയ് മല്യയുടെ ഫ്രാന്‍സിലെ കോടികള്‍ വിലമതിക്കുന്ന ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യര്‍ഥന പ്രകാരം ഫ്രാന്‍സ് സര്‍ക്കാര്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: