സുഗുണന് അഴീക്കോട്
പാതിരായാമങ്ങളില്‍ റോന്തുചുറ്റാന്‍ ഇറങ്ങുന്ന പാലക്കാട് നഗരത്തിലെ പോലീസുകാര്‍ കല്‍വാക്കുളത്തിന്റെ ചുറ്റോരങ്ങളില് നിത്യവുമെത്തുന്നത് മോഷ്ടാക്കളുടേയോ സാമൂഹ്യവിരുദ്ധരുടേയോ സാന്നിധ്യം മണത്തറിയാന്‍ മാത്രമല്ല. അവരെ അവിടെ കാത്തിരിക്കുന്നത് കുലത്തൊഴിലുപകരണങ്ങളുടെ കരകരശബ്ദമുയരുന്ന കുടുംബങ്ങളിലെ നാഥന്മാര്. നിയമപാലകരെ നിശ്ശബ്ദം ഇവര്‍ മാടി വിളിക്കുന്നു. ‘വരൂ, ഉറക്കച്ചടവിനെ മെരുക്കിയെടുക്കാനുള്ള ചുടുചായ തയ്യാര്‍.’
ഈ സല്‍ക്കാരത്തിന് കടപ്പാട് കലര്‍ന്ന സ്നേഹാദരങ്ങളുടെ വജ്രശോഭയുണ്ട്. വീടിന്റെ പുറംചുമരിനോട് ചേര്‍ത്ത് ചെരിച്ചു കെട്ടിയ പണിപ്പുരകളിലിരുന്ന് മിനുക്കം ചോര്‍ന്ന പൂര്‍വ്വകാല ശോഭയുടെ കഥ നുണയുന്ന കണ്ണാടിക്കല്ലുരക്കാരാണ് ആതിഥേയര്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രാജകൊട്ടാരത്തിന്റെ പടിയിറങ്ങി പാലക്കാട്ടെത്തിയ രത്നക്കല്ലു നിര്‍മാതാക്കളുടെ പിന്മുറക്കാര്. ഉറക്കമിളച്ചും സൃഷ്ടിചാതുര്യം നിലനിര്‍ത്താന്‍ കണ്ണാടിക്കല്‍ ചീളുകള്‍ക്കിടയില്‍ ദുരിതജീവിതം നയിക്കുന്ന ഇവര്‍ക്ക്, തങ്ങളില്‍ സുരക്ഷിതബോധം നിലനിര്‍ത്തുന്ന നിയമപാലകര്‍ക്ക് നേരെ നീട്ടാന്‍ ടംബ്ലറുകളില്‍ നിറച്ച ഈ ചായമധുരം മാത്രമേയുള്ളൂ.
- കല്ലില്‍ കവിത വിരിയിക്കുന്നവരുടെ കഥ
വിവാഹ വേദിയിലേക്ക് ആനയിക്കപ്പെടുന്ന മണവാട്ടിയുടെ കഴുത്തിലും കാതിലും കയ്യിലും വിരലുകളിലും മൂക്കിലും അരക്കെട്ടിലുമടക്കം കാഴ്ചക്കാരുടെ കണ്ണെത്തുന്നിടത്തെല്ലാം സാമ്പത്തികസ്ഥിതിയനുസരിച്ചും കടമെടുത്തും അണിയിക്കുന്ന ആഭരണങ്ങളുടെ പൊന്നിന്പ്രഭയ്ക്ക് നിറച്ചാര്‍ത്തേകുന്ന കണ്ണാടിക്കല്ലുകള്ക്ക് രാജവാഴ്ചയുടെ ചരിത്രത്തോളം പഴക്കമുണ്ട്. ആ ചരിത്രത്തിന്റെ താക്കോല്‍ പഴുതിലൂടെ പിന്നിലേക്ക് നോക്കുമ്പോള്‍ അറിയുന്നതിങ്ങനെ-കാലത്തിനൊപ്പം കടന്നുപോയ പൂര്‍വ്വികര്‍ രേഖകളുടെ പിന്‍ബലമില്ലാതെ കൈമാറിയ അറിവു മാത്രമാണിത്. മൈസൂര്‍ രാജാവ് പള്ളികൊണ്ട അരമനയിലെ മണിയകത്തട്ടു മുതല്‍ അദ്ദേഹമണിഞ്ഞ കിരീടവും ആടയാഭരണങ്ങളും വരെ നക്ഷത്ര ഖചിതമായിരുന്നു. കുലീനതയും സുഭഗതയും വൈശിഷ്ട്യവും ഒത്തിണങ്ങിയ രത്നക്കല്ലുകള്‍ നിരവധി നിറരൂപങ്ങളില്‍ നിര്‍മിച്ചു നല്‍കുകയെന്നത് രാജഭക്തി ജന്മസിദ്ധമായ ദരിദ്ര കുടുംബങ്ങള്‍ക്ക് കുലത്തൊഴിലായി. ഈ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ മാത്രമായി ഒരു തറ മുഴുവന്‍ വ്യാപിച്ചു കിടന്നു. പിന്നീട് പടയോട്ടക്കാലത്ത് ടിപ്പുവിന്റെ വാള്‍മുനത്തുമ്പില്‍ അറ്റുപോയ രാജവംശം രത്നാഭരണ തൊഴിലാളികളെ അനാഥരാക്കി. നാടും വീടും വിട്ടോടിയ ഈ ശില്‍പ്പികള്‍ പാലക്കാടന്‍ ഗ്രാമഭൂവിലാണ് അഭയം തേടിയത്. ഇത്തരം നൂറിലേറെ കുടുംബങ്ങള്‍ അരനൂറ്റാണ്ടിനിപ്പുറം വരെ ഇവിടെ കുറെ ഓലച്ചാളകളില്‍ കഴിഞ്ഞിരുന്നു. തെലുങ്കു വംശജരും വീരശൈവ സമുദായത്തിലെ ജംഗംവിഭാഗക്കാരുമായ ഇവര്‍ പണ്ടാമരം എന്ന പേരിലും അറിയപ്പെട്ടു. തെലുങ്കു സംസാരിക്കുന്ന ഇവരുടെ ജന്മദേശം ആന്ധ്രയിലെ പോക്കനാടാണ്.
അന്തഃപുരങ്ങളില്‍ ആവശ്യമില്ലാതായ രത്നക്കല്ലു നിര്‍മാണത്തില്‍, കല്വാകുളത്തെത്തിയ കല്ലുരക്കാര് പരമ്പരാഗത ശൈലിയോട് ആധുനികത വിളക്കിച്ചേര്‍ത്ത് കാലാനുസൃതമായ മാറ്റം വരുത്തിക്കൊണ്ടേയിരുന്നു. നീണ്ട വടിയുടെ അറ്റങ്ങളില്‍ ചരടുചേര്ത്തുകെട്ടി ഉണ്ടാക്കുന്ന കൈപ്പട്ടരകൊണ്ട് എരിയുന്ന ഉലകളിലും മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിലും കണ്ണും കൈയും പിഴയ്ക്കാതെ കണ്ണാടിച്ചീളുകളില്‍ ഉരസി സൗന്ദര്യത്തിന്റെ പുത്തന്‍ഭാവങ്ങള്‍ നെയ്തുകൊണ്ടിരുന്നവര് ഓലപ്പുരകളില്നിന്ന് പതുക്കെ ഓടിട്ട വീടുകളിലെ വൈദ്യുത വെളിച്ചത്തിലെത്തി. മറ്റു ജോലികളിലേര്‍പ്പെട്ട മക്കളുടെ സമ്പാദ്യത്തില്‍ ചിലര്‍ ചെറിയ കോണ്‍ക്രീറ്റു വീടുകള്‍ പണിതു. പണിപ്പുരകളിലും ജീവിതത്തിലും മാറ്റങ്ങളായി. തൊഴിലുപകരണങ്ങളില്‍ കൈപ്പട്ടരച്ചാണയ്ക്കു പുറമെ ഒരുമിച്ച് മൂന്നുപേര്‍ക്ക് കല്ലുരയ്ക്കാവുന്ന റങ്കൂണ്‍ ചാണയും, കൈയും കാലും ഒരുപോലെ ചലിപ്പിക്കേണ്ട മറ്റൊരു തരം ചാണയുമായി. ഇന്ന് മോട്ടോര്‍ ഘടിപ്പിച്ച ചാണകള്കൂടി നിലവിലുണ്ട്.
- കണ്ണാടിക്കല്ലിലെ വൈവിധ്യം
പലഘട്ടങ്ങളിലൂടെയാണ് ആഭരണങ്ങളില്‍ പതിക്കാന്‍ പാകത്തില്‍ കല്ലുകള്‍ പൂര്‍ണതയിലെത്തുന്നത്. നൈസിങ്, പോളിഷിങ്, ബഫിങ് എന്നിങ്ങനെ ഇവ വേര്‍തിരിച്ചെടുക്കുന്നു. ഗ്ലാസ് കട്ടറില്‍ ദളങ്ങളായി നിശ്ചിത വലിപ്പത്തില്‍ മുറിച്ചെടുക്കുന്ന കണ്ണാടികഷ്ണങ്ങള്‍ ആഭരണങ്ങള്ക്കിണങ്ങിയവിധം ആകൃതി വരുത്തുന്നതും മിനുക്കുന്നതും മണല്‍ത്തരിപോലെ മിനുസം കൂടിയതും കുറഞ്ഞതുമായ പൊടികള്‍കൊണ്ട് ബലമുള്ള ചക്രത്തകിടുകളില് പശതേച്ച് പറ്റിട്ടാണ്. അലകുകളുടെ അറ്റത്ത് മരക്കരിയുടെ അഗ്നിച്ചൂടില്‍ അരക്കൊട്ടിച്ച് ഉരസിയെടുക്കാന്‍ പാകത്തില്‍ ദളങ്ങള്‍ ഉറപ്പിക്കുന്നത് മിക്കവാറും സ്ത്രീകളാണ്. നാഗപടത്താലി, പാലയ്ക്കാമാല, മാങ്ങാമാല, പുലിനഖമാല, നവരത്നമാല, ഗോപിമാല, അരിമണിമാല, പൂത്താലി തുടങ്ങിയ കണ്ഠാഭരണങ്ങളില്‍ പേരിനിണങ്ങിയ ഒരേ നിറത്തിലോ ഒന്നിലേറെ നിറങ്ങള്‍ ഇടകലര്‍ത്തിയോ പതിക്കാവുന്ന കല്ലുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ട്. സ്വര്‍ണമാലകളില്‍ ഹൃദയരൂപത്തിലുള്ള കല്ലുകള്‍ കൊതിക്കുന്നവരും കുറവല്ല. ഇവയില്‍ ലോക്കറ്റിലുറപ്പിക്കാന് അല്‍പ്പം ‘വിശാലഹൃദയം’ തന്നെ വേണം. വീതിയുള്ള സ്വര്‍ണവളകളില്‍ നിറരൂപങ്ങളിലുള്ള വൈവിധ്യമാണ് കല്ലുകള്‍ക്ക് വേണ്ടത്. മോതിരങ്ങളില്‍ ഡയമണ്ടും നവരത്നക്കല്ലുകളും പൂച്ചക്കണ്ണും സ്ഫടികവും പേളും പുഷ്യരാഗവും ഇന്ദ്രനീലവും മൊണാലിസയും മറ്റുമായി പലകൂട്ടം കല്ലുകള്‍. ജന്മനക്ഷത്ര നിലയനുസരിച്ച് മോതിരക്കല്ലുകള്‍ തെരഞ്ഞെടുക്കുന്നതിന് വിശ്വാസികളെ സഹായിക്കാന്‍ ചില ആഭരണശാലകളില്‍ പ്രത്യേകം ആളുണ്ടാവും.
വിവാഹവധുവിനെ സുന്ദരികളാക്കുന്ന ആഭരണനിരകളില് നെറ്റിച്ചുട്ടിക്കും മാട്ടിക്കുമെല്ലാം മിന്നലാട്ടം നല്കാന് ഈ കല്ലുകള്‍ക്ക് കഴിയും. പണിതീര്‍ത്ത കല്ലുകളുടെ ഒരുഭാഗം ആകൃതി മുഴപ്പിച്ച് ഉയര്‍ന്നും മറുഭാഗം പരന്നും ഇരിക്കും. ഒരേ രൂപത്തില്‍ ഭിന്നവര്ണ്ണങ്ങളില് ഉരച്ചെടുക്കുന്ന കണ്ണാടിക്കല്ലുകളുടെ പരന്നഭാഗം പരസ്പരം ഒട്ടിച്ചുചേര്‍ത്തു പണിയുന്ന കണ്ഠാഭരണങ്ങള് തിരിച്ചണിഞ്ഞും വൈവിധ്യം ഉണ്ടാക്കാം.
- ആഭരണശാലകളുടെ വ്യാപാര തന്ത്രം
കാലത്തിന്റെ കാവല്‍പ്പുരകളില്‍ തലമുറകള്‍ പകര്‍ന്ന കല്‍വാക്കുളം കല്ലുകള്‍ നേരിട്ട് വാങ്ങാമെന്നു കരുതുന്നവര്‍ക്ക് തെറ്റി. വലുതും ചെറുതുമായ ജ്വല്ലറികളിലൂടെ മാത്രമേ ഇവയ്ക്ക് പുറംലോകത്തേക്കുള്ള പ്രവേശന ഭാഗ്യമുള്ളൂ. അവര്‍ നല്കുന്ന മാതൃക (മോള്‍ഡ്) അനുസരിച്ചും അല്ലാതെയും ഉരച്ചുതീര്ക്കുന്ന കല്ലുകള്‍ മറ്റാര്‍ക്കും കൈമാറരുത്. പോളിഷ് ചെയ്ത് മിനുക്കിയ കല്ലുപതിച്ച പലതരം ആഭരണങ്ങള്‍ ശീതീകരിച്ച കടകളിലെ വിശാലമായ ഹാളുകളില്‍ ആരേയും മോഹിപ്പിക്കുംവിധം അടുക്കിവച്ചിരിക്കും. ആവശ്യക്കാര്‍ക്കുവേണ്ട തൂക്കമനുസരിച്ചുള്ള ആഭരണം ഇന്ന ദിവസം നല്‍കാമെന്ന് വ്യവസ്ഥ ചെയ്യും. ഇത് പാലിക്കാന്‍ പാകത്തിന് കല്ലിന്റെ മോള്‍ഡ് നല്കി കല്ലുരക്കാരെ പണി ഏല്‍പ്പിക്കും. സ്വര്‍ണത്തില്‍ പതിച്ചു കഴിഞ്ഞാല്‍ കല്ലുകളുടെ വില കടക്കാര് നിശ്ചയിക്കുന്നതുപോലെയാണ്. ചിലപ്പോഴത് അധ്വാനിച്ചവര്‍ക്ക് ലഭിച്ച വിലയിലും എത്രയോ ഇരട്ടിയാകാം. നിശ്ചയിച്ച ദിവസത്തിനകം നിര്‍ദേശിച്ച രൂപത്തിലും മിനുക്കത്തിലും സാധനം എത്തിച്ചില്ലെങ്കില്‍ ഇവരുടെ ഭാവി കടക്കാര് നിശ്ചയിക്കും.
- കഥകളി വേഷത്തിന്റെ തിളക്കം
ദളം എന്ന പേരിലാണ് കല്ലുകള്‍ അറിയപ്പെടുന്നത്. സ്വര്‍ണത്തിനു പുറമെ സ്വര്‍ണ നിറമുള്ള മുക്കുപണ്ടങ്ങളിലും ഇത്തരം വര്‍ണ്ണക്കല്ലുകളുടെ ചമയം ഉണ്ട്. കഥകളി, ഓട്ടംതുള്ളല്‍ വേഷക്കാരുടെ മെയ്യഴകുള്ള ആടയാഭരണങ്ങളിലും കിരീടങ്ങളിലും തിളങ്ങുന്നത് കല്‍വാക്കുളം കല്ലൂരക്കാരുടെ രാപകല്‍ നീണ്ട അധ്വാനത്തിന്റെ വിയര്‍പ്പുകണങ്ങളാണ്. ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തില്‍ നിന്ന് ഈ കല്ലുകള്‍ക്ക് വന്‍തോതില്‍ ആവശ്യമെത്തിയ കാലമുണ്ടായിരുന്നു.
മുംബൈയിലെ ഗുജറാത്തി വ്യാപാരികളുടെ കൈകളിലൂടെയാണ് ആദ്യകാലത്ത് കോയമ്പത്തൂര്‍ വഴി കീടക്കല്ലുകള്‍ ലഭിച്ചിരുന്നത്. ഏറ്റവും അനുയോജ്യം ബെല്‍ജിയം ഗ്ലാസ്സാണ്. ദല്‍ഹി, ഫിറോസാബാദ്, പൂനെ, ചെന്നൈ എന്നിവിടങ്ങളിലും കല്ലുകള്‍ കിട്ടുമെങ്കിലും കോയമ്പത്തൂരിലെ ഇടനിലക്കാര്‍ വഴി തന്നെ വേണം കല്‍വാക്കുളക്കാരുടെ പണിപ്പുരകളിലെത്താന്. ചന്ദ്രകാന്തക്കല്ലിന്റെ വിപണനകേന്ദ്രം കാങ്കേയം ആണ്. പഴയകാല പ്രൗഢിയുള്ള വീടുകളിലെ വാതില്‍-ജനാലച്ചില്ലുകളും പലതരും കുപ്പിപ്പാത്രങ്ങളും കൗതുകവസ്തുക്കളും മാത്രമല്ല, ഇവയുടെ പൊട്ടിയ കഷണങ്ങള്‍ വരെ ദളത്തിനായി ഉപയോഗപ്പെടുത്താന്‍ ജംഗമരുടെ കരവിരുതിന് കരുത്തുണ്ട്. കല്ദളങ്ങള്ക്ക് തൂക്കമനുസരിച്ചാണ് വില.
കാലത്തിന്റെ കാവല്‍പ്പുരകളില്‍ തലമുറകള്‍ നിരത്തിയിട്ട കല്‍വാക്കുളം കല്ലുകളുടെ വിപണനം കേരളവും ഇതര സംസ്ഥാനങ്ങളും കടന്ന് ഇന്ത്യയ്ക്ക് പുറത്തെത്തിച്ചത് മലയാളികള്‍ പരത്തിയ ഖ്യാതിയിലൂടെ. ലാഭങ്ങളുടെ പറ്റുപുസ്തകം സൂക്ഷിക്കാത്ത ഈ പാരമ്പര്യത്തൊഴിലുകാരില് നിന്ന് കല്ലൂര പഠിക്കാന്‍ പാലക്കാട്ടുകാര്‍ പലരും ശ്രമിച്ചു പരാജയപ്പെട്ടു. ജംഗം കുടുംബങ്ങളില്‍ കുറേപ്പേര് തമിഴ്നാട്ടിലെ കാങ്കേയത്ത് ചേക്കേറി തൊഴിലും ജീവിതവും ഉറപ്പിച്ചു. അവിടെ ഇവരില്‍നിന്ന് കല്ലുര കൈക്കലാക്കിയ ഇതരസമുദായക്കാര്‍ ധാരാളമായി. അസംസ്കൃത സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യംപോലെ ലഭിക്കുന്ന ഇടം കൂടിയാണ് കാങ്കേയം. കൊവിഡ് കാല നിയന്ത്രണങ്ങളില്‍ ആഭരണവ്യാപാരം നിലച്ചതോടെ തൊഴിലില്ലാതായ ചിലരെല്ലാം പണ്ടുപേക്ഷിച്ച പണികളിലേക്ക് തിരിച്ചുപോയി.
തിളക്കമേറിയതാണ് തൊഴിലെങ്കിലും ഇവരുടെ ജീവിതത്തിന് മങ്ങിയ തിളക്കമേയുള്ളൂ. രാപകല്‍ പണി ചെയ്താല്‍ എഴുപത്തഞ്ചു മുതല്‍ നൂറുവരെ കല്ലുകളാണ് ഉരച്ചുമിനുക്കാനാവുക. നാഗപടമാലയ്ക്കുള്ള നാല്‍പ്പതു കല്ലുകള്‍ രൂപപ്പെടുത്താന്‍ മാത്രം ഒരു ദിവസം വേണം. ദളങ്ങളുടേയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വിലയും ചെലവും കഴിഞ്ഞാല്‍ ദിവസക്കൂലിയായി കിട്ടുന്ന അറുന്നൂറു മുതല്‍ ആയിരം രൂപ വരെ.
കല്ലുരച്ചു കിട്ടുന്ന വരുമാനംകൊണ്ട് കുടുംബം പുലരില്ലെന്നറിഞ്ഞപ്പോള് കല്വാക്കുളക്കരയില് ജംഗമരുടെ എണ്ണം കുറഞ്ഞു. തങ്ങളുടെ ആരോഗ്യം കല്ലുരച്ചു കളയാനുള്ളതല്ലെന്ന് തീര്‍ത്തു പറഞ്ഞ പുതിയ തലമുറ മികച്ച ജോലി തേടി പോയി. കൂട്ടമായി കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ എവിടെയൊക്കെയോ ചിതറിത്തെറിച്ചു. പാലക്കാട് ജില്ലയില്‍ തന്നെ എലപ്പുള്ളിയില്‍ ഈ തൊഴിലുമായി കുറേ പേരുണ്ട്.
- ആത്മലിംഗം ബന്ധിച്ച് വിവാഹം
ശിവലിംഗപൂജ ചെയ്യുന്ന ജംഗം സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ ഇവര്‍ ഉണ്ടാക്കുന്ന ഈ കല്ലുകള്‍ക്കും ഇളക്കിമാറ്റാനാവാത്ത ബന്ധമുണ്ട്. വിവാഹത്തിനു മുന്‍പ് തറമൂപ്പന് മന്ത്രജപത്തോടെ കല്ലുപതിച്ച ‘ആത്മലിംഗം’ ഇവര്‍ക്ക് കെട്ടിക്കൊടുക്കണം.ജീവിതാന്ത്യം വരെ സൂക്ഷിക്കേണ്ട ഈ കല്ല് മൃതദേഹത്തിനൊപ്പമേ അടക്കം ചെയ്യാവൂ.
കണ്ണിന്റെ തിളക്കം മങ്ങുവോളം ചക്രച്ചാണകളുടെ കൈപിടി വിടില്ലെന്ന വാശിയില്‍, കാല്‍മുട്ടുകളുടെ വേദന മറന്ന് പണിപ്പുരകളില്‍ അമര്‍ന്നിരിക്കുന്ന ആറു കുടുംബനാഥര്‍ മാത്രമാണ് കല്‍വാകുളത്ത് കല്ലുരയ്ക്കുന്നത്. പരമ്പരാഗത തൊഴില്‍ വ്യവസായ മേഖലയില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. അംഗബലമില്ലാത്തതിനാല്‍ രാഷ്ട്രീയക്കാരുടെ തണല്തണുപ്പും അനുഭവിച്ചില്ല. കല്ലിന് പുതിയ വിപണികള്‍ കണ്ടെത്താനും അസംസ്കൃത സാധനങ്ങള്‍ സബ്സിഡിയോടെ ലഭിക്കാനും, തൊഴില്‍ മെച്ചപ്പെടുത്തുന്നതിന് ബാങ്ക് വായ്പയ്ക്കും, ചൂഷകരില്‍നിന്നുള്ള മോചനത്തിനും സഹായകമാകുന്ന ഒരു സഹകരണസംഘ രൂപീകരണം പോലും സാധിച്ചില്ല.
സ്വന്തം വീടുകളിലെ പണിപ്പുരകളില്‍ നൂറ്റാണ്ടുകളായി കല്ലില്‍ ഉരഞ്ഞുയരുന്ന ചക്രച്ചാണയുടെ പരുക്കന്‍ ശബ്ദം എന്നാവും പൂര്‍ണമായി നിലയ്ക്കുക എന്ന ആശങ്ക ഇവരെയൊക്കെ വല്ലാതെ വേദനിപ്പിക്കുന്നു. കാലത്തിന് നേരിയ പിശകു വന്നാല്‍ അമ്പതിനടുത്ത ബല്‍രാജില്‍ കല്‍വാകുളത്തെ കല്ലുരക്കാരുടെ കഥ അവസാനിച്ചേയ്ക്കാം. പിന്നെ, മനസ്സിന്റെ ചെപ്പില്‍ ഒതുക്കി ഈ മനുഷ്യരുടെ ജീവിതകഥ കാലത്തിന് കൈമാറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: