ന്യൂദല്‍ഹി:ഈയിടെ ഇന്ത്യന്‍ രൂപയുടെ വില ഇടിഞ്ഞ് ഡോളറിന് 79 എന്ന നിലയില്‍ എത്തി. ഇതിന് കാരണം ആഗോള തലത്തിലെ സാമ്പത്തിക മാറ്റങ്ങളാണ്. റഷ്യയുടെ ഉക്രൈന് ആക്രമണം മൂലം അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങള്‍ പ്രതിസന്ധിയിലാണ്. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും അവിടെ വലിയ തലവേദന സൃഷ്ടിക്കുന്നു. ഇതില്‍ നിന്നും കരകയറാന്‍ ഡോളറിന്റെ മൂല്യം പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്ക് കൂട്ടിയിരിക്കുകയാണ് ഇന്ത്യയിലെ റിസര്‍വ്വ് ബാങ്ക് പോലുള്ള അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ്വ്. ഇതോടെ ഇന്ത്യയിലെ ഓഹരികളില്‍ പണം നിക്ഷേപിച്ച ഒട്ടേറെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ അവരുടെ പണം പിന്‍വലിച്ചു. ഇതോടെ ഇന്ത്യന്‍ ഓഹരികള്‍ പലതും തലകുത്തി വീണു. ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും ക്ഷയിച്ചു. അത് 64200 കോടി ഡോളറില്‍ നിന്നും 59300 കോടി ഡോളറായി കുറഞ്ഞു. ഇതോടെയാണ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോഴുള്ള ഇന്ത്യന്‍ രൂപയുടെ വില താഴ്ന്നത്.
രൂപ മാത്രമല്ല, ലോകത്തിലെ പല കറന്‍സികളും തലകുത്തി വീണു. ഫിലിപ്പൈന്‍സിലെ പെസോ 8.1 ശതമാനവും തായ്ലാന്റിലെ ബാത് 8.1 ശതമാനവും ചിലിയിലെ പെസോ 12.3 ശതമാനവും പോളണ്ടിലെ സ്ലോട്ടി 15.8 ശതമാനവും ക്ഷയിച്ചു. ഡോളര്‍ പലിശ നിരക്ക് കൂട്ടിയതോടെ മിക്ക രാജ്യങ്ങളിലെയും വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് അമേരിക്കയില്‍ ഡോളര്‍ വാങ്ങിക്കൂട്ടുകയാണ്.
രൂപയുടെ വിലത്തകര്‍ച്ചയില്‍ നിന്നും രക്ഷനേടാന്‍ റിസര്‍വ്വ് ബാങ്ക് വിദേശ കരുതല്‍ ധനത്തില്‍ നിന്നുള്ള ഡോളര്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. പക്ഷെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) വന്‍സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. രൂപ ദൗര്ബല്യമായതുമൂലമുള്ള സിഎഡി സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 10.5 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണഇറക്കുമതി 4617 കോടി ഡോളറാണ്. ഇതിന് പുറമെ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍, ജെറ്റ് ഫ്യൂല്‍ എന്നിവയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനയാണ്. ഇതിന്മേല് സെസ് ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ നടപടികള്‍ രൂപയുടെ മൂല്യശോഷണം തടയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: