തിരുവനന്തപുരം: തൊഴിലാളികളെ നിയമിക്കാനുള്ള ചുമതല തൊഴിലുടമയ്ക്കാണെന്നും തൊഴിലാളി യൂണിയനുകള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. വന്‍കിട നിര്‍മാണ സൈറ്റുകളില്‍ തൊഴിലാളി നിയമനത്തില്‍ ട്രേഡ് യൂണിയനുകള്‍ ഇടപെടുന്നു എന്ന ഒരു സ്ഥിതി ഉണ്ട്.
ഒരു തൊഴില്‍ സംരംഭത്തില്‍ അനുയോജ്യരായ തൊഴിലാളികളെ നിയമിക്കുവാനുള്ള അവകാശം തൊഴിലുടമകള്‍ക്ക് ആണ് എന്ന് സംസ്ഥാനം അംഗീകരിച്ച തത്വമാണ്. ആ അവകാശം ട്രേഡ് യൂണിയനുകള്‍ ഏറ്റെടുക്കുന്നത് തെറ്റായ പ്രവണതകള്‍ക്ക് വഴിയൊരുക്കും. ഇതു സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ മന്ത്രി ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഒരു ഭാഗത്തു നിന്നും അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന വ്യവസായബന്ധ ബോര്‍ഡ് യോഗത്തിലാണ് ബോര്‍ഡ് ചെയര്മാന് കൂടിയായ മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ തൊഴില്‍ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച് ചെയ്ത് പരിഹാരം കാണുന്നതിനായി രൂപീകരിച്ച സമിതിയുടെ യോഗം മൂന്ന് മാസത്തിലൊരിക്കല്‍ കൂടുന്നതിന് തീരുമാനമായി. തോട്ടം ലയങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തൊഴില്‍ വകുപ്പും വ്യവസായവകുപ്പും സംയുക്തമായി പരിശോധിച്ച് തീരുമാനമെടുക്കും. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിന് ചെയര്മാന്മാര്, എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം ചേരും.
മിനിമം വേതനം നിഷേധിക്കുന്നത് സംബന്ധിച്ച പരാതികളെ ഗൗരവമായി കാണും. പരമ്പരാഗത തൊഴില്‍മേഖലകളെ ആധുനീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ മന്ത്രിയും കോ ചെയര്‍മാനുമായ പി. രാജീവ്, എളമരം കരീം എംപി, തൊഴിലാളി സംഘടനാ പ്രതിനിധികളായ ആനത്തലവട്ടം ആനന്ദന്, ആര്. ചന്ദ്രശേഖരന്, കെ.പി. രാജേന്ദ്രന്, പി. നന്ദകുമാര്‍ എംഎല്‍എ, എ.എ. അസീസ്, എം.പി. രാജീവന്, എം.ബി. സത്യന്, ബിജു രമേശ്, എന്‍. അഴകേശന്, മനയത്ത് ചന്ദ്രന്, കെ.പി. മുഹമ്മദ് അഷറഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: