മഹാകവി വള്ളത്തോള്‍ കേരളത്തിന്റെ ദേശീയ കവിയായി അംഗീകരിക്കപ്പെടേണ്ടതാണെന്ന സാഹിത്യലോകത്തിന്റെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. സര്‍ക്കാരും സംവിധാനങ്ങളും പുറംതിരിഞ്ഞുനിന്നാലും വള്ളത്തോള്‍ കവിതകളിലെ ദേശീയ സ്വാഭിമാനം ആ പേര് ഹിമാലയത്തോളം ഉയരത്തിലെത്തിച്ചു. തമിഴകത്ത് സുബ്രഹ്മണ്യഭാരതിക്ക് കിട്ടിയ അംഗീകാരം മഹാകവി വള്ളത്തോളിന് കേരളത്തില്‍ ഇനിയും ലഭിക്കാത്തത് ‘ഇതു കേരളമാണ്’ എന്ന് താക്കീത് നല്‍കുന്നവരുടെ ദേശവിരുദ്ധ ദുരഭിമാനം കൊണ്ടുകൂടിയാവണം. കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്ന് പാടിയ മഹാകവിയാണ് അവഗണിക്കപ്പെടുന്നത്.
കോഴിപ്പറമ്പ് നാരായണമേനോന് ‘ചെറുതുരുത്തിയുടെ വള്ളത്തോള്‍’ മാത്രമായിരുന്നില്ല, സ്വാഭിമാനമുണര്‍ത്തിയ നിയോ ക്ലാസിക് കവി കൂടിയായാണ് കേരളക്കര നെഞ്ചേറ്റിയത്. വള്ളത്തോള്‍ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗുരുകുലം, ചെറുതുരുത്തിയിലെ കലാമണ്ഡലം പോലും ഇന്ന് രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ യുദ്ധക്കളമായി. എന്നിട്ടും ഇന്നും ചെറുതുരുത്തിയിലെ സമാധി സ്ഥലത്ത് വള്ളത്തോളിന്റെ പുകള്‍പെറ്റ വരികളില്‍ ഉയര്‍ന്ന മരിക്കാത്ത ദേശസ്നേഹം ഉണര്ന്നിരിപ്പുണ്ട്. ഗുരുനാഥനായ ഗാന്ധിജിയായിരുന്നു വള്ളത്തോളിനെ ദേശീയ ഗീതങ്ങളിലേക്ക് കൂടുതല്‍ ചേര്‍ത്തു നി
ര്‍ത്തിയത്.
പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ
ഭാരതക്ഷ്മാ ദേവിയുടെ തൃപ്പതാകകള്‍..
നമ്മള് നൂറ്റ ആ നൂലുകൊണ്ട്
നമ്മള് നെയ്ത വസ്ത്രം കൊണ്ട്
നിര്‍മ്മിതം ഇതനീതിക്കൊരന്ത്യാവരണം…
ഈ വരികള്‍ കേരളത്തിലെ ഓരോ സ്വാതന്ത്ര്യസമര ഭടന്മാര്ക്കും അക്കാലത്ത് ആവേശമായി. ദേശസ്നേഹത്തിന്റെ വൈകാരികമായ ഹൃദയതലത്തിലൂടെ കൗതുകം നിറച്ച സ്വീകാര്യത വള്ളത്തോള്‍ കവിതകള്‍ക്കുണ്ടായിരുന്നു. കവിതയില്‍ മാത്രമല്ല പ്രവൃത്തിയിലും ദേശീയ പ്രസ്ഥാനങ്ങളോട് ചേര്‍ന്നു നിന്ന വള്ളത്തോള്‍ അയിത്തോച്ചാടനത്തിനും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ടു. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങളില്‍ പങ്കെടുത്തു.
വെയില്‍സ് രാജകുമാരന് വച്ചു നീട്ടിയ പട്ടും വളയും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നിരസിച്ച് വിപ്ലവകാരിയായി. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യം അമ്മയുടെ ദാസ്യവിമുക്തിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. വള്ളത്തോള്‍ കവിതകള്‍ ദേശത്തിന്റെ കവിതകളാവുന്നത് അങ്ങനെയാണ്. നാടെത്ര പുറംതിരിഞ്ഞുനിന്നാലും അത് ഇവിടെ അലയടിച്ചുകൊണ്ടിരിക്കും. ‘ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം’
പ്രതികരിക്കാൻ ഇവിടെ എഴുതുക: