കാസർകോട്: കുത്തിയൊഴുകിയ തോട്ടില്‍ വീണ സഹോദരിമാര്‍ക്ക് രക്ഷകയായി ദുര്‍ഗാദാസ്. കഴിഞ്ഞ ദിവസം വൈകിട്ട് നൃത്തപഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നാല്‍വര്‍സംഘം. ശക്തമായ മഴയില്‍ കുടയും പിടിച്ചുള്ള നടത്തത്തിന് ഇടയില്‍ വയലാംകുഴി തോടിന്റെ അരികിടിഞ്ഞ് നിരഞ്ജന തോട്ടിലേക്ക് വീണു.
തോട്ടില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. മുങ്ങുന്ന അനിയത്തിയെ രക്ഷിക്കാനായി നന്ദനയും തോട്ടിലേക്ക് ചാടി. എന്നാല്‍ ഒഴുക്കിനെ അതിജീവിച്ച് കരപിടിക്കാന്‍ നീന്തലറിയാത്ത രണ്ടുപേര്‍ക്കുമായില്ല. രണ്ടുപേരും കൈകാലിട്ടടിച്ച് മുങ്ങിയും പൊങ്ങിയും ഒഴുകിത്തുടങ്ങി. അതുകണ്ട് നീന്തലറിയുന്ന ശ്രീദുര്‍ഗാദാസ് വെള്ളത്തിലേക്ക് ചാടി അവരെ രക്ഷിക്കുകയായിരുന്നു.
കോളിയടുക്കം വയലാംകുഴിയിലെ ബി.അരവിന്ദാക്ഷന്റെയും കെ.സുമയുടെയും മക്കളായ ബി.നന്ദന, ബി.നിരഞ്ജന എന്നിവരാണ് കൂട്ടുകാരി ശ്രീദുര്ഗാദാസിന്റെ സമയോചിത ഇടപെടലിനെത്തുടര്‍ന്ന് ജീവിതത്തിലേക്ക് കരപറ്റിയത്. കരയിലുണ്ടായിരുന്ന ഗായത്രിദാസ് വെള്ളത്തില്‍ വീണവരെ കരകയറ്റാന്‍ കൈയിലുണ്ടായിരുന്ന കുട നീട്ടി ശ്രീദുര്ഗാദാസിനെ സഹായിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: