ഇടതുമുന്നണി സര്‍ക്കാരിലെ സാംസ്കാരിക മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാന് ഭരണഘടനയെ കടന്നാക്രമിച്ചും ഭരണഘടനാ ശില്‍പ്പികളെ അധിക്ഷേപിച്ചും നടത്തിയ പ്രസംഗം മന്ത്രിയെന്ന നിലയ്ക്കുള്ള ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ്. പ്രസംഗം വിവാദമായതോടെ നിയമപരമായ പ്രത്യാഘാതങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ മന്ത്രിയും സിപിഎം നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന വിശദീകരണങ്ങള്‍ തരംതാണ കൗശലങ്ങള്‍ മാത്രമാണ്. ഇത് അംഗീകരിക്കാന്‍, നിയമവാഴ്ചയില്‍ വിശ്വസിക്കുകയും, ജനാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്ന ആര്‍ക്കും കഴിയില്ല. താന്‍ ഭരണഘടനയെയല്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നും, രാജ്യത്തെ അസമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ തന്റേതായ രീതിയില്‍ പ്രസംഗിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ആ പ്രസംഗം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ഇത് ബോധ്യമാവും. ഭരണഘടനയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയോ അതിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയോ അല്ല സജി ചെറിയാന് ചെയ്തത്. പ്രസംഗത്തിനിടെ മന്ത്രിക്ക് ഒരു നാക്കുപിഴ സംഭവിക്കുകയുമായിരുന്നില്ല. പ്രസംഗത്തിലുടനീളം ഭരണഘടനയെ പരിഹസിക്കുകയും അധിക്ഷേപിക്കുകയുമാണ് മന്ത്രി ചെയ്തത്. ബ്രിട്ടീഷുകാരന് പറഞ്ഞത് എഴുതിവയ്ക്കുകയാണ് ഭരണഘടനയില്‍ ചെയ്തിരിക്കുന്നതെന്നും, ജനങ്ങളെ കൊള്ളയടിക്കാനുള്ള കാര്യങ്ങളാണ് അതിലുള്ളതെന്നും ആവര്‍ത്തിച്ചു പറയുകയാണ് ചെയ്തത്. ഇതില്‍നിന്ന് വ്യത്യസ്തമായി ആരു പ്രസംഗിച്ചാലും താന്‍ അംഗീകരിക്കുന്നില്ലെന്നുവരെ പറയുന്നുണ്ട്.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദപ്രസംഗം നടത്തിയത്. ഭരണഘടനയോട് ആദരവുള്ള പാര്‍ട്ടിയല്ല സിപിഎം. കമ്യൂണിസ്റ്റ് രാജ്യങ്ങളിലേതുപോലെ ഏകാധിപത്യ വ്യവസ്ഥിതിയല്ല ഭാരതത്തിലുള്ളത്. ജനാധിപത്യ സംവിധാനമാണ്. അധികാരത്തിനുവേണ്ടി ഇത് അംഗീകരിക്കുന്നതായി വരുത്തുകയാണ് സിപിഎം. ഭരണഘടനയിലും കോടതിയിലുമൊക്കെയുള്ള അവിശ്വാസം സിപിഎം നേതാക്കള്‍ പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിനുപോലും ഇക്കാര്യത്തില്‍ കോടതി കയറേണ്ടിവരികയും, പിഴയടച്ച് കേസില്‍നിന്ന് രക്ഷപ്പെടേണ്ടിവരുകയും ചെയ്തിട്ടുണ്ട്. പാലൊളി മുഹമ്മദ് കുട്ടി, എം.വി. ജയരാജന് എന്നിങ്ങനെയുള്ള നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ മാപ്പു പറയേണ്ടി വന്നിട്ടുള്ളതാണ്. ഇതുപോലെ ഭരണഘടനയോടുള്ള സഹജമായ വിദ്വേഷമാണ് മന്ത്രി സജി ചെറിയാനില്‍നിന്നും പുറത്തുവന്നിട്ടുള്ളത്. മറ്റ് സിപിഎം നേതാക്കളെ മന്ത്രി കടത്തിവെട്ടിയിരിക്കുകയാണ്. ഭരണഘടനാ വിദ്വേഷം മന്ത്രിയില്‍നിന്ന് അണപൊട്ടി ഒഴുകുന്നതാണ് കണ്ടത്. മന്ത്രിയെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ രംഗത്തുവന്നത് അവര്‍ ഒരേ തൂവല്‍ പക്ഷികളായതുകൊണ്ടാണ്. മന്ത്രി പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളും മറ്റും വളച്ചൊടിച്ച് അവതരിപ്പിക്കുകയാണെന്ന ഇക്കൂട്ടരുടെ വാദം കണ്ണടച്ചിരുട്ടാക്കലാണ്. പ്രസംഗത്തില്‍ അവ്യക്തമായോ ദുര്‍ഗ്രഹമായോ യാതൊന്നുമില്ല. അത് അടിമുടി നിയമവിരുദ്ധമാണ്.
‘പഞ്ചാബ് മോഡല്‍’ പ്രസംഗം നടത്തിയ ഒരു മന്ത്രിക്ക് സ്ഥാനം രാജിവയ്ക്കേണ്ടിവന്ന നാടാണിത്. അതിനെക്കാള്‍ എത്രയോ ഗുരുതരമായ പ്രസംഗമാണ് സജി ചെറിയാന് നടത്തിയിരിക്കുന്നത്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമാണ്. അങ്ങനെയല്ലെന്ന് മന്ത്രിയും ഏതെങ്കിലും സിപിഎം നേതാക്കളും പറഞ്ഞതുകൊണ്ട് കാര്യമില്ല. പാര്‍ട്ടി നേതാക്കള്‍ക്ക് ഇതില്‍ കാര്യമൊന്നുമില്ല. മന്ത്രിക്ക് സര്‍ട്ടിഫിക്കറ്റു കൊടുക്കാന്‍ അവര്‍ക്ക് അധികാരവുമില്ല. ഗുരുതരമായ അഴിമതിയാരോപണങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ മന്ത്രി ചെറിയാന്റെ പ്രസംഗം ഉപകരിക്കുമെന്ന് സിപിഎം കരുതുന്നുണ്ടാവാം. മന്ത്രിയെന്നതിനുപരി പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനാണ് സജി ചെറിയാന്. അങ്ങനെയാണ് മന്ത്രി സ്ഥാനത്തിന് നറുക്കു വീണതും. സാംസ്കാരിക മന്ത്രിയെന്ന നിലയില്‍ നിരുത്തരവാദപരമായ പെരുമാറ്റം ഇതിനു മുന്‍പും സജി ചെറിയാനില്‍നിന്ന് ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സ്വന്തം പാര്‍ട്ടി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിന്റെ ആവേശത്തിലായിരിക്കണം ഭരണഘടനയ്ക്കുമേല്‍ കുതിരകയറാന്‍ തീരുമാനിച്ചത്. ഭരണഘടനാ ലംഘനം നടത്തിയ ഈ മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് നിയമപരമായ നടപടിയുണ്ടാവുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. മന്ത്രി രാജിവച്ചില്ലെങ്കില്‍ പുറത്താക്കണം. ഇതുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കണം. സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയിട്ടുള്ള ഗവര്‍ണറുടെ ഭാഗത്തുനിന്ന് ശക്തവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടാആവുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: