അയ്മനം: ഒളശ്ശയില് വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് 10 പവനോളം സ്വര്ണാഭരണരങ്ങള് കവര്‍ന്നു. പള്ളിക്കവല തോണിക്കടവ് ഭാഗത്ത് കെ എസ് ഇ ബി ഉദ്യോഗസ്ഥന് പ്രശോഭ് ദേവസ്യയുടെ വീട്ടിലാണ് മോഷണം നടന്നത്.ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലായിരുന്നു മോഷണം. വീടിന്റെ പിന്‍ഭാഗത്തെ അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.
അലമാരയുടെ പൂട്ടു തകര്‍ത്ത് അതില്‍ സൂക്ഷിച്ചിരുന്ന മാലകള്‍, ബ്രേസ് ലെറ്റ്, കമ്മലുകള്‍ തുടങ്ങി പത്തു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാവ് കൈക്കലാക്കി. പിന്നീട് മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുവാന്‍ ശ്രമിച്ചു. ഈ സമയം ഉറക്കത്തില്‍ നിന്നുണര്‍ന്ന പെണ്‍കുട്ടി ബഹളം വച്ചു. വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.തുടര്‍ന്ന് ഗൃഹനാഥന് കോട്ടയം വെസ്റ്റ് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയെങ്കിലും മോഷ്ടാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇന്നലെ രാവിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ എസ്ഐ ടി. ശ്രീജിത്ത്, വിരലടയാള വിദഗ്ദ്ധര്‍, ഫോറന്‍സിക് വിഭാഗം, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുന്നുവെന്നും മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
മോഷ്ടാവ് എത്തിയത് മോഷ്ടിച്ച ബൈക്കില്‍ എന്നു സംശയം. മോഷണവിവരമറിഞ്ഞ് കോട്ടയത്തു നിന്നും ഒളശ്ശയില് മോഷണം നടന്ന സ്ഥലത്തേയ്ക്ക് പോലീസ് പോകുമ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് യാത്രികന് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. തുടര്‍ന്ന് ബൈക്കിന്റെ രജിസ്റ്റര്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ ബൈക്ക് തിരുവല്ലയില്‍ നിന്ന് മോഷ്ടിച്ചതാണെന്നു കണ്ടെത്തി. ബൈക്കില്‍ മോഷ്ടാവായിരിക്കാം സഞ്ചരിച്ചിരുന്നതെന്നാണ് സംശയിക്കുന്നത്. ഒളശ്ശ സ്വദേശി ബിജുവിന്റെ ഹോണ്ട ബൈക്കും ഇന്നലെ രാത്രിയില്‍ മോഷണം പോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: