പാലക്കാട്: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പെന്ഷന് വിതരണം ചെയ്തത് ‘1017 പരേതര്‍ക്ക്’. ഗുണഭോക്താക്കള്‍ മരിച്ചിട്ടും സാമൂഹിക സുരക്ഷാപെന്‍ഷനാണ് ഇത്തരത്തില്‍ വിതരണം ചെയ്തതായി കാണിച്ച് തട്ടിപ്പു നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. എന്നിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
2019 -20, 2020 -21 സാമ്പത്തിക വര്‍ഷത്തെ പെന്ഷന് വിതരണവുമായി ബന്ധപ്പെട്ട് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് പരേതരുടെ പേരിലും പെന്ഷന് തുക നല്‍കിയതായി കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തിലെ പെന്ഷന് വാങ്ങുന്ന 4,689 ഗുണഭോക്താക്കളില്‍ മരണമടഞ്ഞ 40 പേരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 25 ലധികം ഗുണഭോക്താക്കള്‍ക്ക് മരിച്ചതിനു ശേഷവും പെന്ഷന് നല്‍കിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും ഓഡിറ്റ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഇതില്‍ മരണശേഷവും പെന്ഷന് വിതരണം നടത്തിയതായി കണ്ടെത്തിയ ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് അന്വേഷണം നടത്തിയതില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പെന്‍ഷന്‍തുക കൈപ്പറ്റിയില്ലെന്നും രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പെന്ഷന് ക്രമക്കേട് വിവരങ്ങള്‍ പുറത്തുവന്നത്. സംഭവം ഏറെ വിവാദമാവുകയും ചെയ്തു.
മേലാര്‍കോട് ഗ്രാമപഞ്ചായത്തില്‍ 2019 ന് മസ്റ്ററിങ് നടത്തിയതിനു ശേഷം കൃത്യമായി മരിച്ചവരുടെ പേരുകള്‍ നീക്കിയിട്ടില്ല എന്നതാണ് വസ്തുത. സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്ന പെന്ഷന് തുക കൈമാറാന്‍ കഴിയാത്തതിനാല്‍ തിരിച്ചടച്ചിട്ടുണ്ടെങ്കിലും വീണ്ടും എല്ലാമാസവും പെന്ഷന് അനുവദിച്ചിട്ടുണ്ട്. പെന്ഷന് അനുവദിക്കുന്നതോടൊപ്പം വിതരണം ചെയ്യുന്നയാള്‍ക്കുള്ള തുകയും അനുവദിക്കുന്നുണ്ട്. പെന്ഷന് തുക വിതരണം ചെയ്യാത്തത് തിരിച്ചടച്ചാലും വിതരണം ചെയ്യുന്നയാള്‍ക്കുള്ള കമ്മീഷന് തുക തിരിച്ചടക്കേണ്ടതില്ല. ഈ ഇനത്തില്‍ മൂന്നു വര്‍ഷങ്ങളിലായി വലിയ തുകയാണ് സര്‍ക്കാറിന് നഷ്ടമായത്.
സാമൂഹികസുരക്ഷാ പെന്ഷന് പരേതര്‍ക്ക് വിതരണം ചെയ്തത് സംബന്ധിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്തീരാജ് നിയമപ്രകാരം പ്രത്യേകം യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മേലാര്‍കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന അടിയന്തര യോഗത്തിലാണ് കണക്കുകള്‍ വ്യക്തമായത്. അതേസമയം, ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ക്രമക്കേടില്‍ മരിച്ചയാള്‍ക്ക് പെന്ഷന് വിതരണം ചെയ്ത തുക തിരിച്ചടച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.
ബാങ്ക് മുഖേന നല്കിയ പെന്ഷന് തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് തിരിച്ച് അടക്കാന്‍ ബാങ്കുകള്‍ക്ക് കത്ത് നല്‍കിയതായും സെക്രട്ടറി അറിയിച്ചു. എന്നാല്‍ ഒരാളുടെ മാത്രമേ തിരിച്ചുപിടിച്ചിട്ടുള്ളൂവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മരിച്ചയാള്‍ക്ക് പെന്ഷന് വിതരണം ചെയ്തതായി ക്രമക്കേട് നടത്തിയ പെന്ഷന് വിതരണക്കാരനായ സിപിഎം നേതാവിനെതിരെ പണാപഹരണത്തിന് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: