കരുനാഗപ്പള്ളി: അഴീക്കല്‍ ബീച്ചില്‍ മാലിന്യം കുമിയുന്നു. ഇതുകാരണം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ നായ്ക്കളെ ഭയക്കുകയാണ്. തെരുവുനായ്ക്കളുടെ എണ്ണത്തില്‍ വലിയ വര്‍നവാണ് ബീച്ചില്‍ ദൃശ്യമാകുന്നതെന്ന് സന്ദര്‍ശകര്‍ പറയുന്നു.
ദിവസവും ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ സഞ്ചാരികളാണ് അഴീക്കല്‍ ബീച്ചില്‍ എത്തുന്നത്. തിരക്കേറുന്ന ഈ ബീച്ചില്‍ തെരുവ്നായ്ക്കളുടെ ശല്യം ദിനംപ്രതി ക്രമാതീതമായി വര്‍ധിക്കുകയാണെന്നാണ് വിനോദസഞ്ചാരികളുടെ പരാതി. ബീച്ചില്‍ എത്തുന്നവര്‍ കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കുന്നുകൂടുന്നതാണ് തെരുവ്നായ്ക്കളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കൂട്ടത്തോടെയെത്തുന്ന നായ്ക്കള്‍ ഒറ്റതിരിഞ്ഞു നില്ക്കുന്ന ടൂറിസ്റ്റുകളെ ആക്രമിക്കുകയാണ്. ബീച്ചിലെ മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യാനുള്ള സംവിധാനം അഴീക്കലില്‍ ഏര്പെടുത്താത്തതാണ് ഇതിന് കാരണം.
ബീച്ചില്‍ പുറത്തുനിന്നുള്ള മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ പലരും വാഹനങ്ങളില്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്നതും പതിവാണ്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പുലിമുട്ടിന്റെ വശങ്ങളില് നിക്ഷേപിക്കുന്ന പ്രവണത ദിനംപ്രതി വര്‍ധിക്കുകയാണ്. മാലിന്യനിങ്ങള് കടലിലേക്കാണ് ഒഴുകുന്നത്. വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന ആഹാരവശിഷ്ടങ്ങള്ക്ക് വേണ്ടിയാണു തെരുവ്നായ്ക്കളിവിടെ തമ്പടിച്ചിരിക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍നിന്നും വാഹനത്തില്‍ എത്തുന്ന സഞ്ചാരികള്‍ നാടന്‍ നായ്കുഞ്ഞുങ്ങളെ കൊണ്ട് വന്നു ബീച്ചില്‍ ഉപേക്ഷിക്കുകയും ചെയ്യുകയാണ്.
തെരുവ് നായ് ശല്യം അവസാനിപ്പിക്കാനും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടി കര്‍ശനമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: