എല്ലാ മതങ്ങളെക്കുറിച്ചും അറിവു പകരാന്‍ പാകത്തിന് പൊതുവിദ്യാഭ്യാസമേഖലയില്‍ മതബോധനം കൊണ്ടുവരണമെന്ന് മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടതായി ചില പത്രങ്ങളില്‍ വന്നത് ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്ന പ്രസ്താവനയാണ്. പ്രഥമദൃഷ്ട്യാ നിരുപദ്രവകരമെന്നു മാത്രമല്ല, സാമൂഹ്യമായി സഹകരണവും ഇടപെടലുകളും സാധിക്കുവാനുള്ള മാര്‍ഗ്ഗമായും വ്യാഖ്യാനിക്കാം. കേരളത്തില്‍ നിലനില്‍ക്കുന്ന മതത്തിന്റെ പേരിലുള്ള സാമുദായിക ധ്രുവീകരണത്തിന് പരിഹാരമായിട്ടാണ് അദ്ദേഹം ഇക്കാര്യം എടുത്തുകാണിക്കുന്നത്.
മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം വിദ്യാഭ്യാസം പൗരന്മാര്ക്ക് നല്കാന് ഇന്ത്യന്‍ ഭരണഘടന ഉദ്ദേശിക്കുന്നത്, സെക്യുലര്‍ എഡ്യൂക്കേഷനാണ്. മതത്തിന്റെ സ്വാധീനംഅതില് കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമെന്തെന്ന് മനസ്സിലാകുന്നില്ല. അഥവാ എല്ലാ വിദ്യാലയങ്ങളിലും എല്ലാ മതശാഖകളെക്കുറിച്ചും പഠിക്കാന്‍ അവസരമുണ്ടാക്കി എന്നിരിക്കട്ടെ. എങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റും ക്ഷേമനിധിയും പെന്‍ഷനുമൊക്കെ വാങ്ങി നടത്തുന്ന മതപഠനകേന്ദ്രങ്ങള്‍ വേണ്ടെന്നു വയ്ക്കുവാന്‍ മുസ്ലിം സമൂഹം തയ്യാറാകുമോ? ഇന്ന് നിലവിലുള്ള മതപഠന കേന്ദ്രങ്ങള്‍ മറ്റു സമുദായങ്ങളോട് പുലര്‍ത്താന്‍ പഠിപ്പിക്കുന്ന വെറുപ്പിന്റെ കേന്ദ്രങ്ങള്‍ എന്തു ചെയ്യും? താങ്കളുടെ സമുദായത്തിന്റെ അവകാശമാണ് മതപഠനം, ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശമാണ് എന്നൊക്കെയല്ലേ പറയാന്‍ പോകുന്നത്. ക്രിസ്തീയസമുദായങ്ങള് നടത്തുന്ന സണ്‍ ഡെ സ്കൂളുകളും എന്ത് ചെയ്യണം? ഹിന്ദുസമൂഹത്തില്‍ അത്തരം മതപഠനസംവിധാനങ്ങള്‍ പൊതുവില്‍ ഇല്ല എന്ന് പറയുന്നതാവും ശരി.
ഈ അവകാശവാദം പൊതുനന്മയെ ലക്ഷ്യം വച്ചാണെന്ന് പറയുമെങ്കിലും ഉദ്ദേശം വളരെ സ്പഷ്ടമാണ്. മതപഠനം വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അത് ക്രമേണ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ വാദമുന്നയിക്കുകയും മതചിന്തകളും മതവാദങ്ങളും വിദ്യാലയാന്തരീക്ഷത്തെ തകര്ക്കുകയുമാവും അന്തിമസാധ്യത. രാഷ്ട്രീയത്തിനു പകരം മതം അത്രയേ ഉള്ളൂ. ഈ വാദം ആശാസ്യമാണെന്ന് തോന്നുന്നില്ല. ആരു നടത്തുന്നതായാലും മതപഠനമല്ല പ്രശ്നം, ഇതരസമുദായങ്ങളെ വെറുപ്പോടെയും വിദ്വേഷത്തോടെയും കാണാന്‍ പ്രേരിപ്പിക്കുന്ന മതപഠനം ആണ് ഉപേക്ഷിക്കേണ്ടത്. അതോ അതാണോ സാര്‍വ്വത്രികമാക്കേണ്ടത്? സര്‍ക്കാര്‍ ഗ്രാന്റും മറ്റാനുകൂല്യങ്ങളും വാങ്ങി മതബോധനത്തിന്റെ പേരില്‍ കുഞ്ഞുങ്ങളില്‍ ഇതരവിഭാഗത്തോട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തില്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടലാണാവശ്യം. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് അത്തരം സ്ഥാപനങ്ങളാണ്.
ഇന്ത്യാമഹാരാജ്യത്തിന്റെ സാംസ്കാരികമായ പൈതൃകം ഇന്ത്യന്‍ പൗരന് അറിഞ്ഞിരിക്കാന്‍ പാകത്തിന് വിദ്യാഭ്യാസസമ്പ്രദായത്തെ ദേശീയകാഴ്ചപ്പാടോടെ കാണാന്‍ ശ്രമിക്കുകയും അതിനുതകുന്ന പരിഷ്കാരങ്ങള്‍ നമ്മുടെ പാഠ്യപദ്ധതിയില്‍ വരുത്തുകയുമാണ് ആവശ്യം. മതമില്ലാത്തവര്‍ക്കും വേണ്ടാത്തവര്‍ക്കും ഇന്ത്യന്‍ ഭരണഘടന തുല്യസ്വാതന്ത്ര്യമാണ് നല്‍കുന്നത്. ഇന്ത്യ മതാധിഷ്ഠിതമാകാനും സാദ്ധ്യമല്ല. കേരള സംസ്ഥാനത്തെ അങ്ങനെ മതത്തിന്റെ പേരില്‍ നടക്കുന്ന കോലാഹല വേദിയാക്കാന്‍ സാധ്യത ഉണ്ടാകുന്ന സംരംഭങ്ങളെ പരിഷ്കൃതകേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നതിന് സംശയമില്ല.
ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ആശയഗതിക്കാരൊരുക്കിയ സാംസ്കാരികപരിപാടിയില്‍ പങ്കെടുത്തതിന് സ്വന്തം നേതാക്കളെ താക്കീതു ചെയ്യുന്ന പ്രസ്ഥാനമാണ് ഈ വൈരുധ്യങ്ങള്‍ പടച്ചുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: