മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും തെറിച്ചതോടെ മറ്റൊന്ന് കൂടി സംഭവിച്ചു. മഹാവികാസ് അഘാഡി എന്ന അവിശുദ്ധകൂട്ടുകെട്ടിന് പിന്നില്‍ ഒളിഞ്ഞിരുന്ന ഒരു വില്ലന്‍ മുഖവും വെളിച്ചത്ത് വന്നു. അത് മറ്റാരുമല്ല, എന്‍സിപി നേതാവ് ശരത് പവാര്‍. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാരിനെ പിളര്‍ത്തി, വീഴ്ത്തി 38ാം വയസ്സില്‍ മുഖ്യമന്ത്രിയായ തന്ത്രങ്ങളുടെയും കുതികാല്‍വെട്ടിന്റെയും രാഷ്ട്രീയനേതാവ് ശരത് പവാര്‍.
ഏക് നാഥ് ഷിന്‍ഡെ വിമതനീക്കം തുടങ്ങി ഗുവാഹത്തിയില്‍ എത്തിയതോടെ ശിവസേനയുടെ വിമത എംഎല്‍എമാര്‍ എല്ലാവരും ഒരേ സ്വരത്തില്‍ ശിവസേനയുടെ ഹിന്ദുത്വത്തെ തകര്‍ത്തതിന് ഉത്തരവാദിയായി ചൂണ്ടിക്കാണിച്ചത് ശരത് പവാറിനേയാണ്. വിമത എംഎല്‍എമാരുടെ വക്താവായ ദീപക് കേസര്‍കറും ഏകനാഥ് ഷിന്‍ഡേയും ഷിന്‍ഡേയുടെ മകന് ശ്രീകാന്ത് ഷിന്‍ഡേ എംപിയും അടിവരയിട്ട് പറഞ്ഞത് ശരത് പവാറിന്റെ കുടില ബുദ്ധിയെക്കുറിച്ചാണ്.
ഉദ്ധവ് താക്കറെയെ വഷളാക്കുന്നത് ശരത് പവാറാണെന്നായിരുന്നു ഏക്നാഥ് ഷിന്‍ഡേയുടെ വലംകൈയായ എംഎല്‍എ ദീപക് കേസര്‍കറുടെ പരാതി. തുടക്കത്തില്‍ രണ്ട് തവണ രാജിവെയ്ക്കാന്‍ ഒരുങ്ങിയ ഉദ്ധവ് താക്കറെയെ പിന്നീട് അതില്‍ നിന്നും പിന്മാറിയത് ശരത് പവാറിനെ കണ്ടശേഷമാണ്. അതിന്റെ പേരിലാണ് ഇപ്പോള്‍ ഈ നിയമയുദ്ധങ്ങള്‍ മുഴുവന്‍ നടന്നത്. – ദീപക് കേസര്‍കര്‍ പറഞ്ഞു.
ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി ക്കസേര വലിച്ചുനീട്ടിയത് പവാറിന്റെ ബുദ്ധിയായിരുന്നു. ഈ ഭരണം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയത് പവാറാണ്. പക്ഷെ ബിജെപി പവാറിന്റെ ഗൂഢതന്ത്രങ്ങള്‍ ഒന്നൊന്നായി പൊളിച്ചു. മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളില്‍ 100 കോടി പിരിക്കാനുള്ള കുതന്ത്രം മെനഞ്ഞത് പവാറാണ്. അതിന്റെ പേരില്‍ ഉന്നത പൊലീസുദ്യോഗസ്ഥരുടെയും ആഭ്യന്ത്രരമന്ത്രിയുടെയും തല തെറിച്ചു. എന്‍സിപിയുടെ ആഭ്യന്തരമന്ത്രി ജയിലിലുമായി.
മുകേഷ് അംബാനിയില്‍ നിന്നും പണം തട്ടാന്‍ ബോംബ് നിറച്ച വാഹനം ആന്റില എന്ന അംബാനിവസതിക്ക് മുന്പില് അര്‍ദ്ധരാത്രി കൊണ്ടിട്ടതും പവാറിന്റെ ബുദ്ധി തന്നെയാണെന്ന വിമര്‍ശനം മഹാരാഷ്ട്രയിലെ ബിജെപിക്കാര്‍ക്കിടയിലുണ്ട്. . ബിജെപി അതും പൊളിച്ചു. പിന്നീട് ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള അധോലോക നായകരെ വെച്ച് കോടീശ്വരനായ നവാബ് മാലിക്കിനെയും പൂട്ടി.
ഏക്നാഥ് ഷിന്‍ഡെയുടെ മകന് ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍ നിന്നുള്ള എംപിയാണ്. ഇദ്ദേഹവും സാധാരണ ശിവസൈനികരും മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട ശേഷം എന്‍സിപിയില്‍ നിന്നും ഒട്ടേറെ ക്രൂരതകള്‍ അനുഭവിച്ചു. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തത് ശരത് പവാറിന്റെ എന്‍സിപിയാണ്. ശിവസേന എംഎല്‍എമാര്‍ക്ക് അവരുടെ നിയോജകമണ്ഡലങ്ങള്‍ക്ക് വേണ്ട ഫണ്ട് തടഞ്ഞുവെയ്ക്കുക എന്‍സിപിയുടെ ക്രൂരവിനോദമായിരുന്നു. ഇതിനെതിരെ ശിവസേന യോഗം ചേര്‍ന്നിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഇതാണ് ഇത്രയും വിമത ശിവസൈനികരെ ഉദ്ധവ് താക്കറെയ്ക്കും ശരത് പവാറിനും എതിരെ തിരിച്ചത്. ഇതുവഴി ഇത്രയും മണ്ഡലങ്ങളിലെ ശിവസേന എംഎല്‍എമാരെ അവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ മുന്നില്‍ കഴിവുകെട്ടവരാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂത്തെറിയാമെന്നും പവാര്‍ സ്വപ്നം കണ്ടിരുന്നെന്ന് കേസര്‍കര്‍ ആരോപിക്കുന്നു.
രാജിവെയ്ക്കാതെ ശിവസൈനികരെ തെരുവില്‍ അഴിച്ച് വിട്ട് ഭീതി പരത്താനുള്ള ഉപദേശം നല്കിയതും ശരത് പവാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. “മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി നിര്‍ത്തി ഭരിയ്ക്കുന്നത് ശരത്പവാറിന്റെ തന്ത്രമാണ്. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി എന്‍സിപി ഉണ്ടാക്കി. അദ്ദേഹം എപ്പോഴും ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്ന വ്യക്തിയാണ്. പാര്‍ട്ടികളെ പിളര്‍ത്തുക വഴി തനിക്ക് നേട്ടമുണ്ടാക്കുക. അതാണ് ശരത് പവാറിന്റെ ലൈന്‍. പവാര്‍ പ്രവര്‍ത്തിക്കുന്നത് എന്‍സിപിയുടെ നേട്ടത്തിനാണ്. എന്നാല്‍ സഞ്ജയ് റാവുത്ത് വിചാരിക്കുന്നത് പവാര്‍ ശിവസേനയെ രക്ഷിയ്ക്കുമെന്നാണ്. ശിവസേനയെ പല തവണ പിളര്‍ത്തിയ നേതാവ് ശരത് പവാര്‍”. -കേസര്‍കര്‍ പറയുന്നു.
“മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം ജനങ്ങളെ നേരിട്ടതാണ് ശിവസേന. പിന്നീട് നടന്നതെല്ലാം ഞങ്ങളെ വേദനിപ്പിച്ചു. പവാര്‍ തന്നെ ശിവസേനയെ ബിജെപിയുമായി തെറ്റിച്ചു. അധികാരമേറ്റെടുക്കാന്‍ തയ്യാറില്ലാതിരുന്ന ഉദ്ധവ് താക്കറെയെ ബലമായി മുഖ്യമന്ത്രി പദം നല്കിയതും പവാറാണ്. ഇപ്പോള്‍ എന്‍സിപിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോയി അടുത്ത എംഎല്‍എയെ പ്രഖ്യാപിക്കുകയാണ്. അയാള്‍ എന്‍സിപിയില്‍ നിന്നുള്ള എംഎല്‍എ ആയിരിക്കും. അതായത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പവാര്‍. “- കേസര്‍കര്‍ പറഞ്ഞു.
കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ ഭരണ പ്രതിസന്ധിയുണ്ടായപ്പോള്‍ ശിവസേനയെ ഒരു പാഠം പഠിപ്പിക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാറിനെ അയച്ചത് പവാറിന്റെ ബുദ്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. . അന്ന് തിരക്കിട്ട് അജിത് പവാറിനെ കൂട്ടുപിടിച്ച് ദേവേന്ദ്ര ഫഡ്നാവിസിനെക്കൊണ്ട് അര്‍ധരാത്രി സത്യപ്രതിജ്ഞ ചെയ്യിച്ചത് നാണം കെടുത്തിയതും ശരത് പവാറിന്റെ ബുദ്ധിയില്‍ വിരിഞ്ഞ തന്ത്രമായിരുന്നു എന്ന ശക്തമായ ചിന്ത ബിജെപിയ്ക്കിടയിലുണ്ട്.. പിറ്റേന്നാണ് അത് ചതിയായിരുന്നുവെന്ന് ശുദ്ധനായ ദേവേന്ദ്ര ഫഡ്നാവിസ് തിരിച്ചറിഞ്ഞത്.
വിമത എംഎല്‍എമാരുടെ പ്രതിസന്ധിയുണ്ടായപ്പോള്‍ രണ്ട് തവണ സമൂഹമാധ്യമങ്ങളിലൂടെ രാജി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയ ഉദ്ധവ് താക്കറെയെ രണ്ട് തവണയും പിന്തിരിപ്പിച്ചത് ശരത് പവാര്‍ ആണ് എന്ന് പറയപ്പെടുന്നു. . ശിവസേനയെ പിളര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നു പവാറിന്റെ ലക്ഷ്യം. അവിശ്വാസപ്രമേയം വരെ പ്രതിസന്ധി ദീര്‍ഘിപ്പിച്ച് നിതാന്ത ശത്രുത ബിജെപിയ്ക്കും ഉദ്ധവ് താക്കറെ കുടുംബത്തിനുമിടയില്‍ വളര്‍ത്തുക എന്നതും പവാറിന്റെ ലക്ഷ്യമായിരുന്നു. അതോടെ മഹാരാഷ്ട്രയില്‍ അധികാരത്തിലേക്ക് വരാന്‍ എന്‍സിപിയ്ക്കുള്ള സാധ്യത കൂടിയേക്കുമെന്ന കണക്കുകൂട്ടലാണ് പവാറിനുള്ളത്. ഈ കെണിയില്‍ വീഴുകയായിരുന്നു ഉദ്ധവ് താക്കറെയെന്നും വിലയിരുത്തപ്പെടുന്നു.
ഉദ്ധവ് താക്കറെ വിമതരായ 39 ശിവസേന എംഎല്‍എമാരെയും അദ്ദേഹത്തി്ന്റെ ഔദ്യോഗിക വസതിയും മുഖ്യമന്ത്രി പദവിയും കയ്യൊഴിച്ചെങ്കിലും ശരദ് പവാറിനെ കയ്യൊഴിഞ്ഞിട്ടില്ലെന്ന് വിമത ശിവസേന എംഎല്‍എമാര്‍ ഇപ്പോഴും പറയുന്നു. കാരണം പവാര്‍ സാധിപ്പിച്ച് കൊടുത്തത് അത്രയും വലിയ സ്വപ്നമാണ്. ബാല്‍ താക്കറെയുടെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് മുഖ്യമന്ത്രിക്കസേര. രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച മകന് മന്ത്രിക്കസേര. പക്ഷെ അത് ഒരു കെണിയായിരുന്നുവെന്നും ശിവസേനയെ പിളര്‍ത്താനുള്ള വലിയ രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നും അറിയാന്‍ ഉദ്ധവ് താക്കറെയും കുടുംബവും ഇനിയും സമയമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: