ആര്.ആര്. ജയറാം
കേരളത്തിലെന്നല്ല, ഭാരതത്തില്‍ത്തന്നെ ആദ്യം നട തുറക്കുന്ന ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണത്. തിരുവാര്‍പ്പു കൃഷ്ണന് വിശപ്പു സഹിക്കാന്‍ കഴിവില്ല എന്നാണ് പഴമക്കാര്‍ പറയുന്നത്. ആദ്യം നട തുറക്കുന്ന ക്ഷേത്രമെന്ന ഖ്യാതിക്ക് കാരണവും ഇതാണ്.
പാതിരയ്ക്ക് ഒരു മണിയോടെ ക്ഷേത്രത്തിലെത്തുന്ന മേല്‍ശാന്തി ക്ഷണനേരം കൊണ്ട് ഭഗവാന് പായസം ഉണ്ടാക്കും. നിര്‍മാല്യം കഴിഞ്ഞ് തല തോര്‍ത്തിയാലുടന്‍ ഉഷ പായസം നേദിക്കുകയാണ് തിരുവാര്‍പ്പിലെ രീതി. അതിനു ശേഷമേ വിഗ്രഹത്തിന്റെ ഉടലിലെ ജലാംശം പോലും തുടയ്ക്കുക പതിവുള്ളൂ.
കംസവധം കഴിഞ്ഞുനില്ക്കുന്ന ശ്രീകൃഷ്ണസ്വാമിയാണ് തിരുവാര്‍പ്പിലെ ചതുര്‍ബാഹു പ്രതിഷ്ഠ. കംസ വധത്തിനുശേഷം ‘അമ്മേ വിശക്കുന്നു’ എന്നു പറഞ്ഞെത്തിയ ശ്രീകൃഷ്ണന് ഒട്ടും വൈകാതെ യശോദ ഭക്ഷണം നല്കിയ കഥാസന്ദര്‍ഭത്തെ സാധൂകരിക്കും വിധമാണ് തിരുവാര്‍പ്പിലെ നട തുറപ്പും പായസ നൈവേദ്യവും. മറ്റൊരു ക്ഷേത്രത്തിലും കാണാത്തൊരു കാഴ്ചകൂടി ക്ഷേത്രത്തിലെ നമസ്ക്കാരമണ്ഡപത്തില്‍ ദര്‍ശിക്കാം. അവിടെയൊരു മഴു സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രമഴു എന്ന് വിഖ്യാതമാണത്. ഏതെങ്കിലും കാരണവശാല്‍ ക്ഷേത്രവാതില്‍ തുറക്കാനാവാതെ വന്നാല്‍ വാതില്‍ വെട്ടിപ്പൊളിച്ചെങ്കിലും ദേവന് സമയത്ത് നിവേദ്യം നല്‍കണമെന്നാണ് വ്യവസ്ഥ. വെളുപ്പിന് 2 മണിക്കു തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് ഒരു മണി വരെ തുറന്നിരിക്കും.
ഗ്രഹണം ബാധിക്കാത്ത ദേവസ്ഥാനം
തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് വേമ്പനാട്ടു കായലുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. സാക്ഷാല്‍ വില്വമംഗലം സ്വാമിയാരാണ് തിരുവാര്‍പ്പില്‍ പ്രതിഷ്ഠ നടത്തിയത്. വനവാസകാലത്ത് പാണ്ഡവര്‍ക്ക് പൂജിക്കാനായി ശ്രീകൃഷ്ണന് നല്കിയ കൃഷ്ണസങ്കല്പത്തിലുള്ള ചതുര്‍ബാഹുവായ വിഷ്ണു വിഗ്രഹവും പാഞ്ചാലിക്ക് സൂര്യദേവന് പ്രത്യക്ഷപ്പെട്ട് നല്കിയ അക്ഷയപാത്രവും വനവാസ ശേഷം പാണ്ഡവര്‍ സമുദ്രത്തില്‍ ഉപേക്ഷിച്ചു. അത് ഒഴുകി വേമ്പനാട്ടു കായലിലെത്തിയെന്നാണ് സങ്കല്പം. ഒരിക്കല്‍ കായലിലൂടെ യാത്ര ചെയ്യവേ വില്വമംഗലം സ്വാമിയാര്‍ക്ക് ജലത്തിനടിയില്‍ ഒരു ദിവ്യതേജസ് ഉള്ളതായി അനുഭവപ്പെട്ടു. ദിവ്യനായ സ്വാമിയാര് ജലത്തില്‍ മുങ്ങിയപ്പോള്‍ പാണ്ഡവരുപേക്ഷിച്ച വിഗ്രഹമാണ് ആ തേജസ്സെന്നു മനസ്സിലായി. സ്വാമിയാര്, വിഗ്രഹം ഒരു വാര്‍പ്പില്‍ വെച്ച് കരയോട് അടുപ്പിച്ചു. വാര്‍പ്പില്‍ വച്ച് വിഗ്രഹം കൊണ്ടുവന്നതു കൊണ്ട് ആ കര പിന്നീട് തിരുവാര്‍പ്പ് എന്നറിയപ്പെട്ടു.
ഗ്രഹണം ബാധിക്കാത്ത ക്ഷേത്രമെന്ന കീര്‍ത്തിയും തിരുവാര്‍പ്പിനുണ്ട്. ഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ അടച്ചിടുമ്പോള്‍ തിരുവാര്‍പ്പില്‍ നട തുറന്ന് അഭിഷേകം നടത്തുകയാണ് പതിവ്. പണ്ടൊരു ഗ്രഹണ നാളില്‍ ക്ഷേത്രം അടച്ചുവത്രെ! ഗ്രഹണം കഴിഞ്ഞ് നട തുറന്നപ്പോള്‍ ദേവന്റെ അരമണി ഊര്‍ന്ന് താഴെ കിടക്കുന്നതായി കണ്ടു. വിശപ്പു മൂലം വയര്‍ ഒട്ടിയതിനാലാണ് ദേവന്റെ അര മണി ഊര്‍ന്നു പോയതെന്ന് കണ്ടെത്തിയത് ആ സമയത്ത് അവിടെയുണ്ടായിരുന്ന പത്മപാദാചാര്യരാണ്. അതിനാല്‍ ഇനി ഗ്രഹണം വന്നാലും നട അടക്കരുതെന്ന് ആചാര്യര്‍ കല്‍പ്പിക്കുകയായിരുന്നു.
കരിക്കിന് വെള്ളവും മാങ്ങാക്കറിയും
ക്ഷേത്രത്തിന് 1500 വര്‍ഷം പഴക്കം കണക്കാക്കപ്പെട്ടിരിക്കുന്നു. ഗുരുവായൂരിലെ കൃഷ്ണ വിഗ്രഹത്തിനോട് സാദൃശ്യമുണ്ട് തിരുവാര്‍പ്പിലെ വിഗ്രഹത്തിന്. പടിഞ്ഞാറ് ദര്‍ശനമായാണ് പ്രതിഷ്ഠ. മേടത്തിലെ പത്താമുദയനാളില്‍ അസ്തമയസൂര്യന്റെ കിരണങ്ങള്‍ വിഗ്രഹത്തില്‍ പതിയും വിധമാണ് ക്ഷേത്രത്തിന്റെ രൂപകല്പന. അസാധാരണ ദാരുശില്പങ്ങള് അലങ്കരിക്കുന്ന ക്ഷേത്ര ശ്രീകോവിലും ബലിക്കല്‍ പുരയുടെ മുഖപ്പിലെ ഗരുഡ വിഗ്രഹവും കമനീയമാണ്. ക്ഷേത്രത്തിന് കിഴക്കുവശത്ത് സ്വാമിയാര് മഠം സ്ഥിതി ചെയ്യുന്നു. വൈദിക ഗുരുകുലം കൂടിയാണത്. തിരുവാര്‍പിലെ ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠക്കു മുമ്പ് വലിയ മഠത്തില്‍ താത്ക്കാലികമായി പ്രതിഷ്ഠിച്ചു. അപ്പോള്‍ ലഭ്യമായ കരിക്കിന് വെള്ളവും, മാങ്ങാക്കറിയുമായിരുന്നു നേദ്യമായി നല്‍കിയത്. ഇന്നും ആറാട്ടു ദിവസം ഈ നിവേദ്യം പതിവുണ്ട്.
ഉഷപായസമാണ് പ്രധാന വഴിപാട്. പാല്‍പ്പായസം, വെണ്ണ സമര്‍പ്പണം തുടങ്ങിയവയുമുണ്ട്. ശ്രീകൃഷ്ണജയന്തി, ഗീതാജയന്തി, മകരസംക്രാന്തി, മാധ്വനവമി, ഹനുമദ്ജയന്തി, രാധാസപ്തമി, നവരാത്രി, നരകചതുര്‍ദശി, ദീപാവലി, ഓണം, വിഷു ഇവയൊക്കെ തിരുവാര്‍പ്പിലെ വിശേഷ ദിവസങ്ങളാണ്. കോട്ടയം കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ കവലയില്‍ നിന്ന് ഇടതു ഭാഗത്തേക്കു തിരിഞ്ഞു പോയാല്‍ തിരുവാര്‍പ്പിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: