തിരുവനന്തപുരത്തെ നന്ദന്‍കോടാണ് ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ക്ലിഫ് ഹൗസ് വളപ്പിന്റെ ഭാഗമാണ് ക്ലിഫ് ഹൗസ്. വിസ്തീര്‍ണം 4.2 ഏക്കര്‍. നാല് മന്ത്രിമാരുടെ ഔദ്യോഗികവസതികളും ക്ലിഫ് ഹൗസിന് തൊട്ടുചേര്‍ന്നുണ്ട്.
തിരുവിതാംകൂറിന്റെ രാജഭരണകാലത്ത് ദേവസ്വത്തിന്റെ ചുമതലയുള്ള ദിവാന് പേഷ്കാരുടെ (സംസ്ഥാന സെക്രട്ടറി) ഔദ്യോഗികവസതിയായാണ് ക്ലിഫ് ഹൗസ് പണിതത്. തിരുവിതാംകൂര്‍ ദേവസ്വം ഓഫീസ് നന്ദന്‍കോട് സ്ഥാപിക്കാന്‍ തീരുമാനമെടുത്തതിനാല്‍ പേഷ്കാരുടെ ഔദ്യോഗിക വസതി അതിനടുത്താകണമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സംസ്ഥാന പൊതുമരാമത്തുവകുപ്പ് ഈ കെട്ടിടവും വളപ്പും ഏറ്റെടുക്കുകയും ഇത് ഒരു സംസ്ഥാന അതിഥി മന്ദിരമായി മാറ്റിയെടുക്കുകയും ചെയ്തു. 1956ല്‍ ഇത് മന്ത്രിമന്ദിരമായി പുനര്‍ നിര്‍ണയിക്കപ്പെട്ടു.
1957ല്‍, മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഈ വീടിന്റെ സ്ഥാനത്തിനുള്ള മെച്ചം ചൂണ്ടിക്കാട്ടി തിരുകൊച്ചി മുഖ്യമന്ത്രിമാര്‍ ഔദ്യോഗികവസതിയായി ഉപയോഗിച്ചിരുന്ന റോസ് ഹൗസിനുപകരം തന്റെ ഔദ്യോഗികവസതിയായി തിരഞ്ഞെടുക്കുകയായിരുന്നു.
മിക്ക മുഖ്യമന്ത്രിമാരും ക്ലിഫ് ഹൗസാണ് തങ്ങളുടെ ഔദ്യോഗികവസതിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ സ്ഥാനമാണ് പ്രാഥമികമായി ഈ ഭവനത്തിനുള്ള മെച്ചം. കെ. കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു ശക്തികേന്ദ്രം എന്ന നിലയില്‍ ഈ ഭവനത്തിന്റെ പ്രാധാന്യം ഉന്നതിയിലെത്തി. 1979നുശേഷം തുടര്‍ച്ചയായി കേരളമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ക്ലിഫ് ഹൗസ്.
രണ്ടു നിലകളുള്ള ക്ലിഫ് ഹൗസ് പരമ്പരാഗത കേരള വാസ്തുശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വാസ്തുശില്പരീതിയുടെ ചെറിയ സ്വാധീനവും ഈ കെട്ടിടത്തില്‍ കാണാം. 15,000 ചതുരശ്രഅടിയാണ് വീടിന്റെ വിസ്തീര്‍ണ്ണം. ഏഴ് ബെഡ് റൂമുകളും മന്ത്രിയുടെ ഉദേ്യാഗസ്ഥരുടെ വാസസ്ഥലങ്ങളും ഇവിടെയുണ്ട്. മറ്റേത് ഔേദ്യാഗിക വസതിയെയും പോലെ വീട്ടിനുള്ളില്‍ ഓഫീസ് സൗകര്യങ്ങളില്ല. വീട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സ്വകാര്യ ഉപയോഗത്തിനു മാത്രമുള്ളതാണ്. എങ്കിലും ക്ലിഫ് ഹൗസിനുള്ളില്‍ ഒരു കോണ്‍ഫറന്‍സ് മുറി സജ്ജമാക്കിയിട്ടുണ്ട്. ഇത് അനൗദ്യോഗിക യോഗങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ഇതുവരെ ഒരു കാബിനറ്റ് യോഗവും ഇവിടെവച്ച് നടന്നിട്ടില്ല.
വീടിന് വലിയ നാലു വരാന്തകളുണ്ട്. ഇതില്‍ കിഴക്കേ വരാന്തയാണ് ഏറ്റവും വലിപ്പമുള്ളത്. കിഴക്കേമുറിയാണ് പ്രധാനമായും ഔപചാരിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുറി. ഇവിടെയാണ് അതിഥികളെ സാധാരണഗതിയില്‍ സ്വീകരിക്കുന്നത്. ഔപചാരികാവശ്യങ്ങള്‍ക്കായി രണ്ട് സ്വകാര്യ മുറികള്‍ കൂടി ഇവിടെയുണ്ട്. സ്വകാര്യ ഓഫീസ്, ലൈബ്രറി, കോണ്‍ഫറന്‍സ് മുറി, െ്രെപവറ്റ് സ്റ്റാഫിന്റെ ഓഫീസുകള്‍ എന്നിവ കിഴക്കേ വശത്താണുള്ളത്. ഒരു സ്വകാര്യ ലിവിങ് റൂമും ഭക്ഷണമുറിയും പടിഞ്ഞാറുവശത്ത് മറ്റു മുറികളോടൊപ്പമുണ്ട്. മിക്ക കിടപ്പുമുറികളും രണ്ടാം നിലയിലാണ്.
പ്രൈവറ്റ് സെക്രട്ടറിമാര്‍, അസിസ്റ്റന്റുമാര്‍, സെക്യൂരിറ്റി സ്റ്റാഫ് മുതലായവരുടെ താമസസൗകര്യം പ്രധാന ഭവനത്തിനു വെളിയിലാണ്.
ക്ലിഫ് ഹൗസില്‍ ഔപചാരികമായി പരിപാലിക്കുന്ന പൂന്തോട്ടമൊന്നുമില്ല. കിഴക്കുവശത്ത് നന്നായി പരിപാലിക്കുന്ന ചെറിയൊരു പുല്‍ത്തകിടിയുണ്ട്. ഇവിടെ സ്വകാര്യ ചായസല്‍ക്കാരങ്ങള്‍ നടത്താറുണ്ട്. ഭൂമിയുടെ വലിയൊരു ഭാഗം കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. ഇത് തുടങ്ങിയത് ഇ.കെ. നായനാരുടെ രണ്ടാം മന്ത്രിസഭയുടെ കാലത്താണ്. കെ. കരുണാകരന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ ഭാര്യ കല്യാണി തങ്ങളുടെ സ്വകാര്യ ആവശ്യത്തിനായി ഒരു വലിയ പച്ചക്കറിത്തോട്ടം പരിപാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ താല്‍പ്പര്യത്തില്‍ ഇവിടെ ഒരു വാഴത്തോട്ടം ഉണ്ടായിരുന്നു. 1990കളുടെ തുടക്കത്തില്‍ കെ. കരുണാകരന് അപകടം പറ്റിയശേഷം ഡോക്ടര്‍മാരുടെ ഉപദേശമനുസരിച്ച് ഇവിടെ ഒരു നീന്തല്‍ക്കുളവും സ്ഥാപിച്ചു. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇ.കെ. നായനാര്‍ നീന്തല്‍ക്കുളം പട്ടിയെ കളിപ്പിക്കാനും കുളിപ്പിക്കാനുമാണ് ഉപയോഗിച്ചിരുന്നത്. അമേരിക്കന്‍ ചികിത്സയ്ക്ക് ശേഷമാണ് കരുണാകരന് നീന്തല്‍ക്കുളം വേണമെന്ന് തോന്നിയത്.
അമേരിക്കന്‍ ചികിത്സയ്ക്ക് ശേഷമാണ് മതിലിന് പൊക്കം കൂട്ടാനും തൊഴുത്ത് കെട്ടാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ തീരുമാനം. ക്ലിഫ് ഹൗസില്‍ തൊഴുത്ത് നിര്‍മ്മിക്കാനും ചുറ്റുമതിലിന്റെ ഉയരം കൂട്ടാനും 42.90 ലക്ഷം രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാറായ ‘കിയ കാര്‍ണിവല്‍’ വാങ്ങാന്‍ പണം അനുവദിച്ചതിന് പിന്നാലെയാണിത്. ഇതോടെ തൊഴുത്തിനും കാര്‍ണിവല്‍ കാറിനും മറ്റ് കാറുകള്‍ക്കും കൂടി 1.32 കോടി രൂപയാണ് ചെലവഴിക്കുന്നത്.മതിലും കാലിത്തൊഴുത്തും നിര്‍മ്മിക്കാന്‍ ഈ മാസം 22നാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുക അനുവദിച്ച് പൊതുമരാമത്ത് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്ക് നിലവിലുള്ള മൂന്ന് കാറുകള്‍ക്ക് പുറമെയാണ് 33 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍ വിഭാഗത്തില്‍പ്പെട്ട കറുത്ത നിറത്തിലുള്ള കിയ കാര്‍ണിവല്‍ വാങ്ങുന്നത്. ഏതാനും മാസം മുമ്പ് ഇന്നോവ ക്രിസ്റ്റ വാങ്ങിയിരുന്നു.
ഡിജിപി നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് പുതിയ കാറുവാങ്ങുന്നതെന്നായിരുന്നു അന്ന് ന്യായീകരണം. അതേ ന്യായം നിരത്തിയാണ് ഇപ്പോള്‍ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന് പ്ലസ്7 കാര്‍ വാങ്ങുന്നത്.
2022 ജനുവരിയില്‍ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാനായി 62.46 ലക്ഷം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഇതില്‍ നിന്നും ഹാരിയര്‍ ഒഴിവാക്കി കഴിഞ്ഞ ദിവസം ഉത്തരവ് പുതുക്കിയിറക്കി. ഇതില്‍ കാര്‍ണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്. വാഴകളും പച്ചക്കറി തോട്ടങ്ങളും പിന്നെ ആഡംബര കാറുകളും. നോക്കണേ ഓരോരുത്തര്‍ക്കും ഓരോരോ ടേസ്റ്റ് എന്നല്ലാതെന്ത് പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: