എസ്. ശ്രീനിവാസ് അയ്യര്‍
‘പഞ്ചാംഗം’ എന്നതിലെ അഞ്ച് അംഗങ്ങളില്‍ ഒന്നാണ് തിഥി. വാരം, നക്ഷത്രം, തിഥി, കരണം, യോഗം എന്നിവയഞ്ചുമാണ്, പഞ്ചാംഗത്തിലെ അംഗങ്ങള്‍ അഥവാ ഘടകങ്ങള്‍. ഇവയില്‍ തിഥി എങ്ങനെ കണക്കാക്കുന്നു എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഇത് ജ്യോതിഷപഠിതാക്കളെയും ജിജ്ഞാസുക്കളായ സാധാരണക്കാരേയും ഉദ്ദേശിച്ചുള്ള ലളിതമായ പ്രകരണമാണ്.
ട്രാക്കിലെ ഓട്ടപ്പന്തയങ്ങള്‍ നാം കണ്ടിട്ടുണ്ടാവും. അതുപോലെ, തുടങ്ങിയ ഇടം തന്നെ ഒടുക്കവുമാകുന്ന വൃത്താകൃതിയിലുള്ള ഒരു ട്രാക്കാണ് രാശിചക്രം എന്ന് തല്ക്കാലം സങ്കല്പിക്കുക.
360 ഡിഗ്രിയാണ് വൃത്തത്തിന്റെ വ്യാസം/ദൈര്‍ഘ്യം. ഇവിടെ ഓട്ടക്കാര്‍ സൂര്യനും ചന്ദ്രനുമാണ്. ഓട്ടക്കാര്‍ക്ക് ഒരിക്കലും തുല്യ വേഗമായിരിക്കില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? സൂര്യനെക്കാള്‍ ഏതാണ്ട് പന്ത്രണ്ട് – പതിമൂന്ന് ഇരട്ടിവേഗത്തിലാണ് ചന്ദ്രന്റെ ഓട്ടം അഥവാ പ്രയാണം. സൂര്യന് ഒരു ഡിഗ്രി താണ്ടുമ്പോള്‍ ചന്ദ്രന് പന്ത്രണ്ട് ഡിഗ്രി മുന്നിലെത്തിയിരിക്കും.
സൂര്യനില്‍ നിന്നും ചന്ദ്രന് മുന്നോട്ട് നീങ്ങിത്തുടങ്ങുന്നു. പന്ത്രണ്ട് ഡിഗ്രി വരെയുള്ള അകലത്തെ ഒരു തിഥിയായി കണക്കാക്കുന്നു. അതിന്റെ പേരാണ് ശുക്ലപക്ഷ പ്രഥമ അഥവാ വെളുത്ത പ്രഥമ. (പ്രതിപദം എന്ന വാക്കുമുണ്ട്.) സൂര്യനില്‍ നിന്നും 12 മുതല്‍ 24 ഡിഗ്രി വരെ അകലത്തില്‍ ചന്ദ്രന് സഞ്ചരിക്കുമ്പോള്‍ അത് ശുക്ലപക്ഷ ദ്വിതീയാ (വെളുത്ത ദ്വിതീയ) എന്ന രണ്ടാം തിഥിയായി. 24 ഡിഗ്രി മുതല്‍ 36 ഡിഗ്രി വരെ ചന്ദ്രന് സൂര്യനില്‍ നിന്നും അകലുമ്പോള്‍ തൃതീയാ തിഥിയായി. അതായത് മൂന്നാം തിഥി. ഇതിങ്ങനെ പുരോഗമിക്കുന്നു.
ക്രമത്തില്‍ ഇപ്രകാരം ഒന്നൊന്നായി 14 തിഥികള്‍, പ്രഥമ മുതല്‍ ചതുര്‍ദ്ദശി വരെ, ചന്ദ്രന് സൂര്യനില്‍ നിന്നും അകലുമ്പോള്‍ (14 തിഥികള്‍ ഃ 12 ഡിഗ്രി)= 168 ഡിഗ്രിയാകും. അപ്പോള്‍ മുതല്‍ പൗര്‍ണമി ആരംഭിക്കുന്നു. അതായത് 168 ഡിഗ്രി മുതല്‍ 180 ഡിഗ്രി വരെ. സൂര്യചന്ദ്രന്മാര് അക്കാലത്ത് രാശിചക്രത്തിന്റെ കൃത്യം നേര്ക്കുനേരാവും. സൂര്യന് നില്‍ക്കുന്നതിന്റെ ഏഴാം രാശിയിലാവും അപ്പോള്‍ ചന്ദ്രന്.
ഇനി നാം കൃഷ്ണപക്ഷത്തിലേക്ക് അഥവാ കറുത്തപക്ഷത്തിലേക്ക് കടക്കുകയാണ്. സൂര്യനില്‍ നിന്നും 180 ഡിഗ്രി മുതല്‍ 192 ഡിഗ്രി വരെ ചന്ദ്രന് അകലുമ്പോള്‍ അത് കൃഷ്ണപക്ഷത്തിലെ/കറുത്തപക്ഷത്തിലെ ഒന്നാം തിഥിയായ പ്രഥമയായി. സത്യത്തില്‍ സൂര്യനില്‍ നിന്നും 180 ഡിഗ്രി അകന്നിട്ട് പിന്നീട് സൂര്യന് നില്‍ക്കുന്നിടത്തേക്ക് ഓരോ തിഥിയായി, 12 ഡിഗ്രി വീതം കുറഞ്ഞ് കുറഞ്ഞ് അടുക്കുകയാണ് ചന്ദ്രന്. 192 ഡിഗ്രി മുതല്‍ 204 ഡിഗ്രി വരെ കൃഷ്ണ പക്ഷത്തിലെ/ കറുത്തപക്ഷത്തിലെ രണ്ടാം തിഥിയായ ദ്വിതീയ. ഇങ്ങനെ വീണ്ടും 13 തിഥികള്‍ പിന്നിടുമ്പോള്‍ കൃഷ്ണപക്ഷ ചതുര്ദശിയാവുന്നു. അതായത് വെളുത്തപക്ഷത്തിലെ 15 തിഥികള്‍ (180 ഡിഗ്രി) കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ വെളുത്തപക്ഷത്തിലെ 15 തിഥികള്‍ + കറുത്തപക്ഷത്തിലെ 14 തിഥികള്‍ = 29 തിഥികള്‍ ആവുമല്ലോ?
29 തിഥികള്ഃ 12 ഡിഗ്രി = 348 ഡിഗ്രിയാവും. സൂര്യന് നില്ക്കുന്ന തിഥിയെ 360 ആയി കണക്കാക്കി അതില്‍ നിന്നും ചന്ദ്രന് ചെന്ന, നില്ക്കുന്ന 348 ഡിഗ്രി കുറച്ചാല്‍ ശിഷ്ടം 12 ഡിഗ്രിയാണല്ലോ. അതായത് സൂര്യനും ചന്ദ്രനും തമ്മില്‍ 12 ഡിഗ്രിയുടെ മാത്രം വിടവ് /അകലം ആണ് കൃഷ്ണപക്ഷ/കറുത്തപക്ഷ ചതുര്ദശിയില് കാണുന്നത്. അതുമുതല്‍, അതായത് 348 ഡിഗ്രി മുതല്‍ 360 ഡിഗ്രി വരെ കറുത്തവാവ് അഥവാ അമാവാസി എന്ന തിഥിയായി. തുടങ്ങിയ ഇടത്തെന്നപോലെ സൂര്യചന്ദ്രന്മാര് തുല്യഡിഗ്രിയില്‍ വന്നെത്തുകയായി.
ഗ്രഹനിലയില്‍ അമാവാസി ദിനത്തില്‍ സൂര്യചന്ദ്രന്മാര് ഒരു രാശിയിലായിരിക്കും നില്ക്കുക. കൂടിയിരിക്കുക, സംഗമിക്കുക എന്നൊക്കെയാണ് ‘അമാ’ എന്ന വാക്കിന്റെ അര്‍ത്ഥമെന്ന് പണ്ഡിതന്മാര് വ്യക്തമാക്കുന്നു. സൂര്യചന്ദ്രന്മാര് കൂടിയിരിക്കുന്ന കാലമെന്നര്‍ത്ഥം.
‘ദര്‍ശം’ എന്ന പദവുമുണ്ട്, അമാവാസിയെക്കുറിക്കാന്. ‘രാകാ’ എന്ന വാക്ക് പൗര്ണമിയെക്കുറിക്കുന്നതാണ്. പൗര്‍ണമിച്ചന്ദ്രന്‍ എന്ന അര്‍ത്ഥത്തില്‍ ‘രാകേന്ദു’ എന്ന പദം പ്രശസ്തമാണ്.
നക്ഷത്രഫലം മാത്രമാണ് നാം പ്രായേണ പരിഗണിക്കുന്നത്. മുഹൂര്‍ത്താദികള്‍ക്ക് തിഥി ബലവും പ്രധാനമാണ്. ജാതകത്തില്‍ തിഥിയുടെ ഫലം ദൈവജ്ഞര്‍ രേഖപ്പെടുത്താറുണ്ട്. ജന്മനക്ഷത്രം പോലെ ജന്മതിഥിയും നമ്മെ സ്വാധീനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: