രവി മേനോന്
പ്രിയപ്പെട്ട ഭക്തിഗാനങ്ങളെക്കുറിച്ച് സംസാരിക്കേ, പി. ഭാസ്കരന് മാഷ് ഒരിക്കല്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്…’ എന്ന ഗാനത്തെക്കുറിച്ച് മതിപ്പോടെ എടുത്തുപറഞ്ഞതോര്ക്കുന്നു. ഗുരുവായൂരിന്റെ കളഭചന്ദന സുഗന്ധമുള്ള അന്തരീക്ഷം മുഴുവന്‍ ആ പാട്ടിലേക്ക് ചൊവ്വല്ലൂര്‍ ആവാഹിച്ചിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഗുരുപവനേശപുരവുമായുള്ള ആത്മബന്ധമാണ് ചൊവ്വല്ലൂരിന്റെ രചനകളെ വേറിട്ടു നിര്‍ത്തുന്നത് എന്നൊരു അഭിപ്രായം കൂടി പങ്കുവെച്ചു മാഷ്.
”എല്ലാം ഭഗവത് കൃപ. ആ പാട്ടു മാത്രമല്ല, കൊള്ളാമെന്ന് നിങ്ങള്‍ പറയുന്ന എന്റെ എല്ലാ കൃഷ്ണഭക്തി ഗാനങ്ങളും എഴുതിയത് സാക്ഷാല്‍ ഗുരുവായൂരപ്പന് തന്നെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം” എന്നായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ എപ്പോഴുമുള്ള പ്രതികരണം. ”ഞാന്‍ പോലുമറിയാതെ പിറന്നുവീണതാണ് ആ പാട്ടുകള്‍ അധികവും. ഏതോ സ്വപ്നത്തിലെന്നോണം. പല പാട്ടുകളും എഴുതുമ്പോള്‍ ഇത്രയേറെ ജനപ്രിയമാകും അവയെന്ന് സങ്കല്പിച്ചിട്ടു പോലുമില്ല. യാത്രകള്‍ക്കിടെ അപരിചിതരായ എത്രയോ പേര് വന്ന് ആ പാട്ടുകള്‍ സ്വന്തം ജീവിതത്തെ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്തതായി പറഞ്ഞുകേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും. ഭഗവാന് നന്ദി പറയും.”
ചൊവ്വല്ലൂരിന്റെ ഭക്തിഗാനപ്രപഞ്ചത്തിലൂടെ വെറുതെ ഒന്നു കണ്ണോടിക്കുക. മലയാളികള്‍ ജാതിമതഭേദമന്യേ ഏറ്റെടുത്ത പാട്ടുകളല്ലേ അവയില്‍ ഭൂരിഭാഗവും? ഒരു നേരമെങ്കിലും, അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു, മൂകാംബികേ ദേവി ജഗദംബികേ, അമ്പലപ്പുഴയിലെന്‍ മനസ്സോടിക്കളിക്കുന്നു, തിരുവാറന്മുള കൃഷ്ണാ, ഒരു കൃഷ്ണതുളസീ ദളമായി ഞാനൊരു ദിനം, ആനയിറങ്ങും മാമലയില്‍, ഉദിച്ചുയര്‍ന്നൂ മാമല മേലെ, കാനനവാസാ കലിയുഗവരദാ, മാമലവാഴും സ്വാമിക്ക്, രാധേ പറഞ്ഞാലും, ഒരു വിഷുപ്പാട്ടിന്റെ ചിറകില്‍ ഞാനിന്നലെ…… ഭക്തിസാഗരത്തില്‍ മുങ്ങിനിവര്‍ന്ന സൃഷ്ടികള്‍.
മുരളി പൊഴിക്കുന്ന ഗാനാപാലം
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എന്ന ഭക്തിഗാനരചയിതാവിനെ മലയാളിമനസ്സിനോട് ചേര്‍ത്തു നിര്‍ത്തിയത് ഒരു നേരമെങ്കിലും…എന്ന പാട്ടാണല്ലോ. ആ ഗാനത്തിന്റെ പിറവിയും ഒരത്ഭുതമാണ് ചൊവ്വല്ലൂരിന്. 1982 മാര്‍ച്ചിലാണെന്നാണ് ഓര്‍മ്മ. ഗുരുവായൂരില്‍ ഉത്സവക്കാലം. ഒരു നാള് ഉച്ചപ്പൂജയ്ക്ക് തൊഴാന്‍ ചെന്നപ്പോള്‍ നടയില്‍ നില്ക്കുന്നു ടി.എസ് രാധാകൃഷ്ണന്. അന്ന് വൈകുന്നേരം അദ്ദേഹത്തിന്റെ ഭക്തിഗാനമേളയുണ്ട്. പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം ഒരു പ്രദക്ഷിണം കഴിഞ്ഞു കൊടിമരത്തിന് അടുത്തെത്തിയപ്പോള്‍ കണ്മുന്നില് വീണ്ടും രാധാകൃഷ്ണന്. ഭഗവാന് അദ്ദേഹത്തെ കരുതിക്കൂട്ടി അവിടെ കൊണ്ടുനിര്ത്തിയപോലെ. ഇത്തവണ ഞാന്‍ ഒരാഗ്രഹം പറഞ്ഞു, ഒരു പാട്ടെഴുതിത്തന്നാല്‍ വൈകുന്നേരം ചിട്ടപ്പെടുത്തി പാടാമോ? അത്ഭുതം തോന്നിയിരിക്കണം രാധാകൃഷ്ണന്.
എങ്കിലും മറുപടി ഉടന്‍ വന്നു: അതിനെന്താ, എഴുതിത്തരൂ….”
അതുവരെ, ആ നിമിഷം വരെ പാട്ടെഴുതുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു പോലുമില്ല താനെന്ന് ചൊവ്വല്ലൂര്‍. അമ്പലത്തിനടുത്ത് കഴകക്കാര്‍ താമസിക്കുന്ന സ്ഥലത്തേക്കാണ് നേരെ പോയത്. എന്തെഴുതണമെന്നതിനെ കുറിച്ച് അപ്പോഴുമില്ല രൂപം.
പക്ഷേ തിരക്കൊഴിഞ്ഞ ഒരു കോണില്‍ ചെന്നിരുന്ന് പേന കയ്യിലെടുത്തതും ആദ്യ വരി കടലാസില്‍ വാര്‍ന്നുവീണതും ഒപ്പം: ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന് ദിവ്യരൂപം, ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന് മുരളി പൊഴിക്കുന്ന ഗാനാലാപം.” എഴുതിയത് ഒരിക്കല്‍ കൂടി വായിച്ചുനോക്കിയപ്പോള്‍ കണ്ണ് നിറഞ്ഞു പോയി ചൊവ്വല്ലൂരിന്. ആ വരികളില്‍ നിറഞ്ഞുനിന്നത് താന്‍ തന്നെയാണല്ലോ; തന്റെ മനസ്സാണല്ലോ. ഗുരുവായൂരപ്പനെ കണ്ടു തൊഴാന്‍ പറ്റാത്ത ഒരു ദിവസത്തെക്കുറിച്ച് സങ്കല്പ്പിക്കാന് പോലും ആകുമായിരുന്നില്ല. അങ്ങനെയൊരു കാലം വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന കൂടിയായിരുന്നു ആ പല്ലവി. ബാക്കി വരികള്‍ പിറകെ വന്നു.
രാധാകൃഷ്ണനും സംഘവും താമസിക്കുന്നിടത്ത് ചെന്നുകണ്ട് പാട്ട് അദ്ദേഹത്തെ ഏല്‍പ്പിക്കുകയാണ് പിന്നെ ചൊവ്വല്ലൂര്‍ ചെയ്തത്. വൈകുന്നേരം ഭക്തിഗാനമേള കേള്‍ക്കാന്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ ഒരാളായി ചെന്നിരുന്നപ്പോള്‍ തുടക്കക്കാരന്റെ ആകാംക്ഷയും ജിജ്ഞാസയുമായിരുന്നു ഉള്ളില്‍. ഇത്രയും പെട്ടെന്ന് ഒരു പാട്ട് എഴുതുകയും അത് മറ്റൊരാള്‍ ചിട്ടപ്പെടുത്തി പാടിക്കേള്‍ക്കുകയും ചെയ്ത അനുഭവങ്ങള്‍ വേറെയില്ല ജീവിതത്തില്‍. ഏതാനും മണിക്കൂറുകള്‍ മുന്‍പ് ചൊവ്വല്ലൂര്‍ എഴുതിത്തന്ന പാട്ടാണ് ഇനി പാടാന്‍ പോകുന്നതെന്ന് ഗാനമേളക്കിടെ ഗായകന് പ്രഖ്യാപിച്ചപ്പോള്‍ സദസ്സിലിരുന്ന കവിയുടെ ഹൃദയമിടിപ്പ് ഇരട്ടിയായി. എന്തായിരിക്കും ആളുകളുടെ പ്രതികരണം എന്നോര്‍ത്തായിരുന്നു വേവലാതി. പല്ലവി പാടിത്തുടങ്ങിയത്തോടെ സദസ്സ് നിശ്ശബ്ദമാകുന്നു. കണ്ണുകള്‍ ചിമ്മി ഗാനത്തിന്റെ ആത്മാവിലൂടെ ഒരു മുരളീഗാനം പോലെ ഒഴുകുകയാണ് രാധാകൃഷ്ണന്. ഈശ്വരാ ഇതെന്റെ പാട്ടു തന്നെയോ എന്ന് തോന്നി ഒരു നിമിഷം ചൊവ്വല്ലൂരിന്. എത്ര മനോഹരമായ ഈണം. അറിയാതെ കണ്ണുകള്‍ നിറഞ്ഞു. ഗാനം പാടിത്തീര്‍ന്നപ്പോള്‍ ഓഡിറ്റോറിയത്തിലെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിച്ചത് ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു ചൊവ്വല്ലൂര്‍. മുന്നിലിരുന്ന പലരും ഭക്തിലഹരിയില്‍ കൈകള്‍ മുകളിലേക്കുയര്‍ത്തി ഗുരുവായൂരപ്പാ എന്ന് ഉറക്കെ വിളിക്കുന്നു. ചിലര്‍ കണ്ണീരടക്കാന്‍ പാടുപെടുന്നു.
ദ്വിജാവന്തി രാഗത്തിന്റെ വൈകാരികാനുഭൂതി
ദ്വിജാവന്തി രാഗത്തിന്റെ നേര്‍ത്ത നൊമ്പരം കലര്‍ന്ന ഭക്തിഭാവം കൂടി ചേര്‍ന്നതുകൊണ്ടാവാം ഗാനം അത്രയേറെ വികാരസാന്ദ്രമായത്. നാല് വര്‍ഷം കഴിഞ്ഞു യേശുദാസ് തരംഗിണി സ്റ്റുഡിയോയില്‍ തുളസീതീര്‍ത്ഥം എന്ന ആല്‍ബത്തിന് വേണ്ടി ആ ഗാനം പാടി റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അതേ വൈകാരികാനുഭൂതി വീണ്ടും അനുഭവിച്ചറിഞ്ഞു സ്റ്റുഡിയോയിലെ സര്‍വ്വചരാചരങ്ങളും. ഇത്തവണ കരഞ്ഞുപോയത് ഗാനഗന്ധര്‍വനാണ്. എഴുതിയത് ഗുരുവായൂരപ്പന്, ചിട്ടപ്പെടുത്തിയത് ഗുരുവായൂരപ്പന്, എങ്കില്‍ പിന്നെ എന്റെ ഉള്ളിലിരുന്ന് പാടിയതും ഭഗവാന് തന്നെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, പിന്നീട് യേശുദാസ് പറഞ്ഞു.
ഒരു നേരമെങ്കിലും എന്ന പാട്ടുമായി ബന്ധപ്പെട്ട ഓരോ ഓര്‍മ്മയും അമൂല്യമാണ് ചൊവ്വല്ലൂരിന്. കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷത്തിനിടെ, ജീവിതത്തിലെ ദശാസന്ധികളെ ആ പാട്ടിലൂടെ അതിജീവിച്ച എത്രയോ പേരെ കണ്ടുമുട്ടിയിരിക്കുന്നു അദ്ദേഹം. ഒരുനേരമെങ്കിലും കേള്‍ക്കാത്ത ഒരൊറ്റ ദിവസം പോലുമില്ല ജീവിതത്തില്‍ എന്ന് ഫോണില്‍ വിളിച്ചുപറയുന്നവര്‍ വേറെ. കടുത്ത യുക്തിവാദികള്‍ക്കിടയില്‍ പോലുമുണ്ട് ആ ഗാനത്തിന് ആരാധകര്‍ എന്നത് അത്ഭുതമുളവാക്കുന്ന മറ്റൊരു സത്യം. സംവിധായകന് ജയരാജിനൊപ്പം തന്നെ കാണാന്‍ വന്ന ഒരു ദുബായ് മലയാളിയുടെ മുഖം ചൊവ്വല്ലൂരിന്റെ ഓര്‍മ്മയിലുണ്ട്. ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തില്‍ സ്വമേധയാ മരണം വരിക്കാന്‍ തീരുമാനിച്ചയാള്‍. ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് നിശ്ചയിച്ചു നടക്കുന്നതിനിടെയാണ് ഒരു നാള് യാദൃച്ഛികമായി ഒരു നേരമെങ്കിലും എന്ന പാട്ട് അയാള്‍ കേള്‍ക്കുന്നത്. ”യേശുദാസ് അല്ല ഈശ്വരനാണ് ആ പാട്ട് പാടുന്നത് എന്ന് തോന്നി എനിക്ക്. ഇത്രകാലമായിട്ടും എന്തുകൊണ്ട് നീ ഗുരുവായൂരില്‍ എന്നെക്കാണാന്‍ വന്നില്ല എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ച പോലെ. പിന്നെ സംശയിച്ചില്ല. അടുത്ത ഫ്ളൈറ്റില്‍ കയറി നാട്ടില്‍ വന്നു. ഗുരുവായൂരപ്പനെ കണ്‍കുളിര്‍ക്കെ കണ്ടു. മരണചിന്ത അതിനകം എന്റെ മനസ്സിനെ വിട്ടൊഴിഞ്ഞിരുന്നു. എന്നെങ്കിലും ആ പാട്ടെഴുതിയ ആളെ നേരില്‍ കാണണം എന്നു തോന്നി. സുഹൃത്തായ ജയരാജാണ് ആ മോഹം സാധിപ്പിച്ചുതരാം എന്നുപറഞ്ഞു എന്നെ ഇവിടെ കൂട്ടികൊണ്ടുവന്നത്.” അപരിചിതനായ ആ മനുഷ്യന്റെ വാക്കുകള്‍ കേട്ട്, ഗുരുവായൂരിലെ നാരായണാലയത്തിനു മുന്നില്‍ തൊഴുകൈയോടെ കണ്ണടച്ചു നിന്നു ചൊവ്വല്ലൂര്‍.
ഹൃദയശസ്ത്രക്രിയക്ക് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് ചൊവ്വല്ലൂരിന്റെ മറ്റൊരു മറക്കാനാവാത്ത അനുഭവം. അതേ ദിവസം യേശുദാസിന് കേരള കലാമണ്ഡലത്തില്‍ ഒരു കച്ചേരിയുണ്ട്. കച്ചേരിയായതുകൊണ്ട് ലളിതഗാനങ്ങള്‍ ഒന്നും പാടില്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു അദ്ദേഹം. എങ്കിലും സുഹൃത്തുക്കളായ കലാമണ്ഡലം ഗീതാനന്ദനും ബാലസുബ്രഹ്മണ്യനും കൃഷ്ണകുമാറും കൂടി വേദിയുടെ പിന്നിലൂടെ കയറിച്ചെന്ന് ശസ്ത്രക്രിയയുടെ കാര്യം വിനീതമായി അറിയിച്ചപ്പോള്‍, മൈക്കിലൂടെ യേശുദാസ് പ്രഖ്യാപിച്ചു; പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു ഭക്തിഗാനം പാടാന്‍ പോകയാണെന്ന്. പ്രിയസുഹൃത്തായ ചൊവ്വല്ലൂരിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്ന വിശേഷണത്തോടെ ആയിരുന്നു ആലാപനം. അന്ന് പാടിയ പോലെ ഹൃദയസ്പര്‍ശിയായി ഒരു നേരമെങ്കിലും അദ്ദേഹം മുന്‍പൊരിക്കലും പാടിക്കേട്ടിട്ടില്ല എന്ന് പലരും പറഞ്ഞറിഞ്ഞപ്പോള്‍ മനസ്സ് വികാരഭരിതമായി. പാട്ടിനിടക്ക് അദ്ദേഹത്തിന്റെ തൊണ്ട ഇടറുക വരെ ചെയ്തത്രേ. നാഴികകള്‍ക്കിപ്പുറം അസ്വസ്ഥമായ മനസ്സോടെ ശസ്ത്രക്രിയ കാത്ത് കിടന്ന എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആ പാട്ടു തന്നെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്നാണ് ചൊവ്വല്ലൂര്‍ പിന്നീടു പറഞ്ഞത്.
(ഫെയ്സ്ബുക് കുറിപ്പില്‍ നിന്നു തയാറാക്കിയത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: