മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) യുടെ നേതാവ് രാജ് താക്കറെ പുതിയ രാഷ്ട്രീയപ്രതിസന്ധിയില്‍ ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ചു. പണ്ട് തന്റെ പാര്‍ട്ടിയായ എംഎന്‍എസിലെ പ്രവര്‍ത്തകരെ ചാക്കിട്ട് പിടിച്ച നേതാവാണ് ഉദ്ധവ് താക്കറെ. നഗരസഭാ തെരഞ്ഞെടുപ്പിനിടയിലാണ് ശിവസേന രാജ് താക്കറെയുടെ പ്രവര്‍ത്തകരെ ചാക്കിട്ട് പിടിച്ചത്.
ഇപ്പോള്‍ വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ഏകദേശം 40 എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് അസമിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന സാഹചര്യത്തില്‍ പഴയ അനുഭവം വീണ്ടും എടുത്തിടുകയാണ് രാജ് താക്കറെ. ‘ഇപ്പോൾ എങ്ങിനെയുണ്ട് അനുഭവം?‘ എന്ന ചോദ്യം ചോദിക്കുക മാത്രമാല്ല, ഈ ചോദ്യമുയര്‍ത്തുന്ന പോസ്റ്ററുകൾ നഗരത്തിൽ പലയിടങ്ങളിലും മഹാരാഷ്ട്ര നവനിർമാൺ സേന സ്ഥാപിച്ചു. “അന്ന് ഞങ്ങളുടെ നഗരസേവകരെ നിങ്ങള്‍ കൊണ്ടുപോയി. ഇപ്പോള്‍ എങ്ങിനെ അനുഭവപ്പെടുന്നു?”- പോസ്റ്റര്‍ ചോദിക്കുന്നു. രാജ് താക്കറെയുടെ പാര്‍ട്ടി പുറത്തിറക്കിയ ഈ പോസ്റ്ററുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു.
മുംബൈയിലെ സാകിനാക മേഖലയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്ന് ഞങ്ങളുടെ നഗര സേവകരെ നിങ്ങൾ കൊണ്ടു പോയി. ഇപ്പോൾ എന്ത് തോന്നുന്നുവെന്നാണ് പോസ്റ്ററുകളിലെ ചോദ്യം. ഉച്ചഭാഷിണി വിവാദത്തിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കി പ്രതിഷേധിച്ച എം എൻ എസ് പ്രവർത്തകരെ ഉദ്ധവ് താക്കറെയുടെ നിര്‍ദേശപ്രകാരം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: