ആലപ്പുഴ: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ അമ്പലപ്പുഴ കെ.കെ. കുഞ്ചു പിള്ള സ്മാരക സ്കൂളിലെത്തി വിദ്യാര്‍ഥികളെയും അധ്യാപകരെയും അനുമോദിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ദേശീയ നിലവാരത്തിലും സാര്‍വ്വദേശീയ നിലവാരത്തിലുമുള്ള വിഷയങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. സാമൂഹിക പ്രതിബദ്ധത, ഭരണഘടനാ മൂല്യങ്ങള്‍, കൃഷി, സംസ്കാരം, ഭാഷ തുടങ്ങിയവയും ഉള്‍പ്പെടുത്തും. പാഠപുസ്തകം പൂര്‍ണരൂപത്തില്‍ എത്തിക്കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ഓരോ സ്കൂളിലും ഇത് ചര്‍ച്ച ചെയ്യുന്നതിന് അവസരമൊരുക്കും. ഈ വര്‍ഷം സാധാരണ ക്ലാസുകള്‍ ഉള്ളതുപോലെ തന്നെ ഓണ്‍ലൈന്‍ ക്ലാസുകളും ഉണ്ടാകും.
എസ്എസ്എല്‍സി വിജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപരി പഠനം ഉറപ്പാക്കും. ഒരു കുട്ടിക്ക് പോലും പ്രവേശനം കിട്ടാതെ വരുന്ന സാഹചര്യമുണ്ടാകില്ല. പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: