ബെംഗളൂരു: കര്‍ണാടകയില്‍ 28,000 കോടി രൂപയുടെ റെയില്‍, റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിക്ക് ജനങ്ങള്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.
ബെംഗളൂരുവിലെത്തിയ അദ്ദേഹം ആദ്യം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) യില്‍ മസ്തിഷ്ക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പിന്നീട് 832 കിടക്കകളുള്ള ബാഗ്ചി-പാര്‍ത്ഥസാരഥി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് തറക്കല്ലിട്ടു. ബെംഗളൂരുവിലെ ഡോ. ബി.ആര്. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് (ബേസ്) സര്‍വ്വകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും അംബേദ്കറുടെ പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിച്ചു. കര്‍ണാടകയിലെ വ്യാവസായിക പരിശീലന സ്ഥാപനങ്ങളെ (ഐടിഐ) രൂപാന്തരപ്പെടുത്തി വികസിപ്പിച്ച 150 സാങ്കേതിക ഹബ്ബുകള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
കൊമ്മഘട്ടയില്‍ 27,000 കോടി രൂപ ചെലവുവരുന്ന വിവിധ റെയില്‍, റോഡ് പശ്ചാത്തലസൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിക്കു തിടക്കം കുറിച്ചു. ബെംഗളൂരു കന്റോണ്‍മെന്റിന്റേയും യശ്വന്ത്പൂര്‍ ജങ്ഷന് റെയില്‍വേ സ്റ്റേഷന്റേയും പുനര്‍വികസനത്തിനും തറക്കല്ലിട്ടു.
രാജ്യത്ത ആദ്യ എയര്‍ കണ്ടീഷന്‍ഡ് റെയില്‍വേ സ്റ്റേഷനായ, 315 കോടി രൂപ ചെലവില്‍ ആധുനിക വിമാനത്താവളത്തിന്റെ മാതൃകയില്‍ വികസിപ്പിച്ച ബൈയപ്പനഹള്ളിയിലെ സര് എം.വിശ്വേശ്വരയ്യ സ്റ്റേഷന്, 100 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ രോഹ (മഹാരാഷ്ട്ര) മുതല്‍ തോക്കൂര്‍ (കര്‍ണാടക) വരെയുള്ള കൊങ്കണ്‍ റെയില്‍വേ പാത, അര്‍സികെരെ മുതല്‍ തുംകുരു വരെയും, യെലഹങ്ക മുതല്‍ പെനുകൊണ്ട വരെയുമുള്ള പാത ഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ തുടങ്ങിയവ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. മുദ്ദലിംഗനഹള്ളിയില്‍ 1800 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കിനു തറക്കല്ലിട്ടു.
മൈസൂരുവിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പൊതു പരിപാടിയെ അഭിസംബോധന ചെയ്തു. നാഗനഹള്ളി റെയില്‍വേ സ്റ്റേഷനില്‍ കോച്ചിങ് ടെര്‍മിനലിനു തറക്കല്ലിട്ടു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (എഐഐഎസ്എച്ച്) ആശയവിനിമയ വൈകല്യമുള്ളവര്‍ക്കുള്ള (കമ്മ്യൂണിക്കേഷന്‍ ഡിസോര്‍ഡേഴ്സ്) മികവിന്റെ കേന്ദ്രം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, മന്ത്രിമാരായ ബി. ശ്രീരാമുലു, വി. സുനില്‍ കുമാര്‍, ഡോ. അശ്വത് നാരായണ്‍, തേജസ്വി സൂര്യ എംപി തുടങ്ങിയവര്‍ പ്രധാനമന്ത്രിയോടൊപ്പം വിവിധ പരിപാടികളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: