കൊച്ചി: പരിസ്ഥിതി ലോലമേഖല സംബന്ധിച്ച് മൂന്നിന് സുപ്രീം കോടതി പ്രസ്താവിച്ച വിധിക്കെതിരെ കള്ളപ്രചരണങ്ങള്‍ നടത്തുന്നതിനെ നിശിതമായി വിമര്‍ശിച്ച് ്പ്രകൃതി സംരക്ഷണവേദി. അഖിലേന്ത്യാ തലത്തില്‍ ബാധകമായ ഒരു കോടതി ഉത്തരവിനെതിരെ കള്ളപ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധരിപ്പിക്കുന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്ന് വേദി കണ്‍വീനര്‍ മഞ്ഞപ്പാറ സുരേഷും സമിതിയംഗം ഡോ.സി.എം. ജോയിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംരക്ഷിത പ്രദേശങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയോട് ചേര്‍ന്ന ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളാണ് പരിസ്ഥിതി ലോല മേഖലകള്‍. നിലവിലെ വിധിയില്‍ പരിസ്ഥിതി ലോല മേഖലയുടെ നിയന്ത്രണങ്ങള്‍ ഓരോ സംരക്ഷിത പ്രദേശത്തിനും വ്യത്യസ്ത തരത്തിലാണ്. ആളുകളെ കുടിയൊഴിപ്പിക്കണമെന്നോ ഭൂമിയുടെ ക്രയവിക്രയം നടക്കുകയില്ലെന്നോ സുപ്രീം കോടതി വിധി പറയുന്നില്ല. സംരക്ഷിത മേഖലയുടെ നിലനില്‍പ്പിനായി അതിന്റെ ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനമോ റെഡ് കാറ്റഗറി വ്യവസായമോ പാടില്ല എന്ന ഉത്തരവാണുള്ളത്.
സുപ്രീം കോടതി വിധിയുടെ പേരില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ തയ്യാറാക്കണമെന്നും സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സംസ്ഥാനം തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മഞ്ഞപ്പാറ സുരേഷ് പറഞ്ഞു. ആര്.വി. ബാബു, ഏലൂര്‍ ഗോപിനാഥ്, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: