ഡോ മന്‍സുഖ് മാണ്ഡവ്യ
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ആരോഗ്യ മുന്‍ഗണനകളെ പ്രതിഫലിപ്പിക്കാനും ഉചിതമായി പ്രതികരിക്കാനും 2017 ലെ ദേശീയ ആരോഗ്യ നയം വിഭാവനം ചെയ്യുന്നു. 1983ലെയും 2002ലെയും മുന്‍കാല നയങ്ങള്‍ ആരോഗ്യമേഖലയുടെ ആസൂത്രണ സമീപനങ്ങളെ മുന്നോട്ട് നയിക്കുന്നതില്‍ വളരെയധികം സഹായകമായി. ആരോഗ്യ സംവിധാനങ്ങളുടെ സമഗ്രമായ രൂപീകരണം, സേവനവും സേവനവിതരണവും മേഖലാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യ, മാനവവിഭവശേഷി എന്നിവയില്‍ നിക്ഷേപം, സ്ഥാപിത ഘടന എന്നിവയില്‍ സര്‍ക്കാരിന്റെ പങ്ക് നിര്‍വചിക്കാനും ശക്തിപ്പെടുത്താനും മുന്‍ഗണനകള്‍ വ്യക്തമാക്കാനും ലക്ഷ്യമിട്ടാണ് ദേശീയ ആരോഗ്യ നയം 2017 രൂപീകരിച്ചത്.
‘ആരോഗ്യപൂര്ണ്ണ ഇന്ത്യ’ എന്ന ആശയത്തിലൂന്നി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചലനാത്മകവും ദീര്‍ഘവീക്ഷണമുള്ളതുമായ നേതൃത്വത്തിനുകീഴില്‍, ആരോഗ്യ പരിചരണ സംവിധാനങ്ങളിലുടനീളം തുടര്‍ച്ച നിലനിര്‍ത്താനാവുന്ന ആരോഗ്യ പരിരക്ഷാ സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ഒരു ചട്ടക്കൂട് കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ സാക്ഷാത്കരിക്കും വിധം, എട്ട് വര്‍ഷമായി, രാജ്യത്തെ പൊതുജനാരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എല്ലാ പൗരന്മാര്ക്കും അവ കൂടുതല്‍ പ്രാപ്യമാക്കുന്നതിനും ഊന്നല്‍ നല്കുന്നു.
രോഗ കേന്ദ്രീകൃത പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംയോജിത ആരോഗ്യ-ക്ഷേമ സമീപനത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. എട്ട് വര്‍ഷമായി തുടരുന്ന സൗജന്യ ഔഷധ, ചികിത്സാ സേവനങ്ങള്‍, ആയുഷ്മാന്‍ ഭാരതിന്റെ നാല് സ്തംഭങ്ങള്‍ – ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ , പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന, ഡിജിറ്റല്‍ ദൗത്യം, ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ആരോഗ്യ ഗ്രാന്റുകള്‍, ആരോഗ്യ പരിപാലന ചെലവ് കുറയ്ക്കുന്നതിനുള്ള പൗര കേന്ദ്രീകൃത സമീപനങ്ങള്‍ തുടങ്ങിയവ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനുള്ള അനുഭവങ്ങളും പാഠങ്ങളും നമുക്ക് നല്കി. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ലോകോത്തര പരിചരണം ഉറപ്പാക്കുകയും ആവശ്യത്തിന് ആരോഗ്യ പരിപാലന ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ മുന്‍നിര മേഖലാ നവീകരണ സംരംഭമായ ദേശീയ ആരോഗ്യ ദൗത്യത്തിലൂടെ ഈ ദിശയിലുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എട്ട് വര്‍ഷമായി സാര്‍വത്രിക ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള, സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ശേഷി മെച്ചപ്പെടുത്തുന്നതിന് പിന്തുണ നല്‍കുന്നതിനൊപ്പം നിയന്ത്രണം, ധനസഹായം, സംഭരണം, വിവര സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു.
പ്രാഥമികാരോഗ്യ സംരക്ഷണത്തിന്റെ സാര്‍വത്രികത ശക്തിപ്പെടുത്തുന്നതിനുള്ള ശിപാര്‍ശകളുടെ തുടര്‍ച്ച എന്ന നിലയില്‍, ബജറ്റ് വിഹിതം അനുവദിച്ച് ആരോഗ്യ നയങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. 2022 ഡിസംബറോടെ 1.5 ലക്ഷം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ സൃഷ്ടിക്കുമെന്ന് 2018 ല്‍ പ്രഖ്യാപിച്ചു. സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ സമൂഹത്തിന് പ്രാപ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ ഒരു പ്ലാറ്റ്ഫോം എന്ന നിലയിലും സാര്‍വത്രിക ആരോഗ്യ പരിരക്ഷയെന്ന ലക്ഷ്യം നേടുന്നതിനുള്ള ചെലവ് കുറഞ്ഞതും ഫലപ്രദവുമായ മാര്‍ഗമെന്ന നിലയിലും ഈ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു.
ദരിദ്ര, ദുര്‍ബല വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. ഗുണമേന്മയുള്ള ആരോഗ്യ പരിചരണം, ഔഷധങ്ങള്‍, സമയബന്ധിത ചികിത്സ, ആരോഗ്യ സൂചികകളുടെ മെച്ചപ്പെടുത്തല്‍, രോഗികളുടെ സംതൃപ്തി, ഉത്പാദനക്ഷമതയും കാര്യക്ഷമതയും മെച്ചപ്പെടുത്തല്‍, തൊഴിലവസരങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലയിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കുന്ന പ്രാഥമികാരോഗ്യ സംരക്ഷണ പദ്ധതിയാണിത്. പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളിലെ 100 ശതമാനം ജനസംഖ്യാ കണക്കെടുപ്പിലൂടെയും ജനസംഖ്യയിലെ ദുര്‍ബലരായ ഉപവിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംരക്ഷണം നല്‍കുന്നതിലൂടെയും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ ആരും പിന്തള്ളപ്പെട്ടു പോകാതിരിക്കാനാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ലക്ഷ്യമിടുന്നത്. മരുന്നുകളും രോഗനിര്‍ണയ സേവനങ്ങളും ലഭ്യമായ സമീപത്തെ ആരോഗ്യ പരിപാലന സേവനങ്ങളിലേക്ക് പ്രവേശനം എളുപ്പമാക്കിയും സ്വന്തം പോക്കറ്റില്‍ നിന്നുള്ള ചെലവുകളും ആകസ്മികമായ ആരോഗ്യ ചെലവുകളും കുറച്ചും ജനസമൂഹത്തിന് പദ്ധതി സഹായകമാകുന്നു. 2018 ല്‍ ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം ഇതിന്‍പ്രകാരമുള്ള ആശുപത്രി പ്രവേശനം മൂന്ന് കോടി കവിഞ്ഞെന്നു മാത്രമല്ല, 18 കോടിയിലധികം കാര്‍ഡുകള്‍ സൃഷ്ടിച്ച് 36,500 കോടി രൂപയുടെ വിതരണവും പൂര്‍ത്തിയായി.
ഇന്ത്യ, ഒരു ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയിലേക്ക് പരിവര്‍ത്തനപ്പെടുകയാണ്. ഡിജിറ്റല്‍ ഇടപെടലുകളിലൂടെ ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ ഭാഗമായ വിവിധ പങ്കാളികള്‍ക്കിടയില്‍ മെച്ചപ്പെട്ട സമന്വയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് 2020ല്‍ ആരംഭിച്ചു. ഈ മഹാമാരിക്കാലത്ത് രാജ്യം സങ്കീര്‍ണമായ ഒരു കൂട്ടം വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍, സമഗ്രവും ശക്തവും വേഗതയാര്‍ന്നതുമായ ഒരു പ്രതികരണ സംവിധാനം കെട്ടിപ്പടുക്കുന്നതിന് അനുഗുണമായ ‘സമഗ്രതയുള്ള സര്‍ക്കാര്‍’, ‘സമഗ്രതയുള്ള സമൂഹം’ എന്ന സമീപനത്തിന്റെ ആവശ്യകത പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഓര്‍മ്മിപ്പിച്ചു. ഇത് മുന്നില്‍ക്കണ്ട് 2021-ല്‍, രാജ്യവ്യാപകമായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ഇത് എല്ലാ തലത്തിലുമുള്ള ആരോഗ്യ പരിചരണ സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍, നിരീക്ഷണം, ഗവേഷണം എന്നിവ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഈ പദ്ധതി ജില്ലകളെ ശക്തിപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സ്വാശ്രയത്വം വര്‍ധിപ്പിക്കുകയും നിരീക്ഷണത്തിനും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. പൗരന്മാര്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍, കുട്ടികള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് തുല്യ അവസരത്തോടെയുള്ള പ്രവേശനവും പ്രാഥമിക-ഗുരുതര പരിചരണവും ലഭ്യമാക്കും. ആരോഗ്യരംഗത്ത് സമഗ്ര സമീപനം സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയതോടെ, ദേശീയ ആരോഗ്യ ദൗത്യവും ആയുഷ്മാന്‍ ഭാരതിന്റെ നാല് സ്തംഭങ്ങളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള ആരോഗ്യ സംവിധാനങ്ങള്‍ പ്രദാനം ചെയ്യുന്നു. ലക്ഷ്യം കൈവരിക്കുന്നതിനുള്ള പുതു സമീപനം എന്ന നിലയില്‍,സ്വാതന്ത്ര്യ ദിന വേളയില്‍, ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം’ എന്ന ആപ്തവാക്യം മോദി മുന്നോട്ട് വച്ചു. അത് സാക്ഷാത്കരിക്കുകയെന്നത് സുപ്രധാനമാണ്. പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന്റെ ചുവട് പിടിച്ച്, ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ 2017 ലെ ദേശീയ ആരോഗ്യ നയം പ്രാവര്‍ത്തികമാക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള പ്രയാണത്തിലാണ് രാജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: