ന്യൂദല്‍ഹി: കശ്മീരില്‍ ഹിന്ദുക്കള്‍ക്ക് (കശ്മീരി പണ്ഡിറ്റുകള്‍) നേരെ നടന്ന വംശഹത്യ കന്നുകാലി കള്ളക്കടത്തുകാര്‍ക്ക് നേരെ നടക്കുന്ന ഒറ്റപ്പെട്ട അക്രമം പോലെയേ കാണാനാവൂ എന്ന പ്രസ്താവനയുമായി നടി സായ് പല്ലവി. കശ്മീരില്‍ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് നടിയെ ക്ഷണിച്ച് കശ്മീരി പണ്ഡിറ്റുകള്‍. സമൂഹമാധ്യമങ്ങളില്‍ സായ് പല്ലവിയ്ക്ക് നേരെയുള്ള വിമര്‍ശനം കാട്ടുതീ പോലെ പടരുകയാണ്.
ഗ്രേറ്റ് ആന്ധ്രയ്ക്ക് നല്കിയ അഭിമുഖത്തിലെ ഒരു ഭാഗത്തിലാണ് ഈ വിവാദ പരാമര്‍ശം സായ് പല്ലവി നടത്തിയത്. കന്നുകാലി കള്ളക്കടത്തുകാര്‍ക്ക് നേരെ നടക്കുന്ന ഒറ്റപ്പെട്ട അക്രമവുമായി കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ താരതമ്യം ചെയ്യുക വഴി തന്റെ രാഷ്ട്രീയ അജ്ഞത കൂടി വെളിപ്പെടുത്തുകയായിരുന്നു സായ് പല്ലവി.
കശ്മീരി ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന കൂട്ടക്കൊലയും കന്നുകാലി കള്ളക്കടത്ത് നടത്തുന്ന മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമവും ഒരു പോലെയാണെന്നായിരുന്നു സായ് പല്ലവിയുടെ മറ്റൊരു പരാമര്‍ശം. ഇത് രണ്ടും നടക്കാന്‍ പാടില്ലെന്നായിരുന്നു സായ് പല്ലവിയുടെ അഭിപ്രായം. ഉടനെ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.
കശ്മീരി പണ്ഡിറ്റായ പവന് ഡുറാനിയുടെ പ്രതികരണം ശ്രദ്ധേയമായി:” എനിക്ക് സായ് പല്ലവിയോട് വെറുപ്പില്ല. ഇന്ത്യക്കാരില്‍ പലര്‍ക്കും ഒരു സമുദായം എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് സംഭവിച്ചത് എന്താണെന്നറിയില്ല. ഞങ്ങളുടെ പ്രശ്നത്തെ പശുക്കള്ളക്കടത്തുകാരുമായി താരതമ്യം ചെയ്തത് ഗൂഡോദ്ദേശ്യത്തോടെയായിരിക്കില്ല. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് നേരിട്ടറിയാന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് സായ് പല്ലവിയെ ക്ഷണിക്കുന്നു.”
തെലുങ്കില്‍ നടന്ന അഭിമുഖത്തില്‍ വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനെപ്പറ്റി ചോദിച്ചപ്പോഴാണ് സായ് പല്ലവി കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയെ കന്നുകാലി കള്ളക്കടത്ത് നടത്തിയ മുസ്ലിമിനെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവവുമായി താരതമ്യം ചെയ്തത്.
ഒരു പശുക്കള്ളക്കടത്തുകാരനെതിരെ നടന്ന മര്‍ദ്ദനവും ഒരു സമുദായത്തിനെതിരെ നടത്തിയ ആസൂത്രിതമായ വംശഹത്യയും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ടെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചു. ഞങ്ങളുടെ വേദനയെ നിസ്സാരവല്ക്കരിക്കരുതെന്നായിരുന്നു കശ്മീരി പണ്ഡിറ്റുകൂടിയായ ഒരു ഉപയോക്താവിന്റെ പ്രതികരണം.
വന്ന് ഞങ്ങളുടെ തകര്‍ത്ത കുടുംബവും ഹൃദയവും കാണുക. ഞങ്ങള്‍ വംശഹത്യയ്ക്ക് സാക്ഷികളായി. പക്ഷെ ഇപ്പോള്‍ നീതിക്ക് വേണ്ടി കാത്തിരിക്കുന്നു. – കശ്മീരി ഹിന്ദു എന്ന ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു.
1990കളില്‍ കശ്മീരിലെ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം 30,000 കശ്മീരി പണ്ഡിറ്റുകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. പീഢനം ഭയന്ന് ബാക്കിയുള്ള 1,20,000 മുതല്‍ 1,40,000 വരെ വരുന്ന കശ്മീരി പണ്ഡിറ്റുകള്‍ ഇസ്ലാമിക തീവ്രവാദികളില്‍ നിന്നും അക്രമം ഭയന്ന് ജീവനും കൊണ്ട് കശ്മീര്‍ താഴ് വര വിട്ടോടിപ്പോയി. ഇതേക്കുറിച്ചുള്ള പച്ചയായ ചിത്രീകരണമാണ് വിവേക് അഗ്നി ഹോത്രിയുടെ ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: