തൊടുപുഴ: ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി മുതല്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥ തൊടുപുഴ നഗരത്തെ രണ്ടാം ദിനം പോര്‍ക്കളമാക്കി. നിരവധി തവണയാണ് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു.
ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണിന് മാരകമായി പരിക്കേറ്റു. ബിലാല്‍ സമദിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്ക്കല്‍, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ്, പ്രവര്‍ത്തകനായ അബ്ദുള്‍കരീം എന്നിവര്‍ക്കും പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ഉന്തിലും തള്ളിലുമാണ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ഇരുകൂട്ടരെയും നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30ന് തൊടുപുഴ രാജീവ് ഭവനില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം തടയാന്‍ സ്റ്റേഷന് മുന്നില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് സ്റ്റേഷന് മുന്നിലേക്ക് പോകാതെ അപ്രതീക്ഷിതമായി അമ്പലം ബൈപ്പാസ് റോഡിലേക്ക് തിരിഞ്ഞ പ്രവര്‍ത്തകര്‍ മിനിസിവില്‍ സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പിന്നാലെ പാഞ്ഞെത്തിയ പോലീസ് സംഘം ഇവരെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ആദ്യഘട്ടം ലാത്തിച്ചാര്‍ജ്ജ് നടന്നത്. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു.
ഏതാനും നേരം പോലീസുമായി ഉന്തും തള്ളും നടത്തിയ ശേഷം പ്രവര്‍ത്തകര്‍ വീണ്ടും മുന്നോട്ട് പോയി. റോട്ടറി ജങ്ഷന് ചുറ്റി ഇടുക്കി പ്രസ് ക്ലബ്ബിന് സമീപമെത്തിയപ്പോള്‍ റോഡരികില്‍ നിന്ന സിപിഎമ്മിന്റെ കൊടിമരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളച്ചൊടിച്ചു. ഇത് കത്തിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടാം ഘട്ടം ലാത്തിച്ചാര്‍ജ്ജുണ്ടായത്. ഇവിടെ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബിലാല്‍ സമദിനെയും എബി മുണ്ടയ്ക്കലിനെയും പോലീസ് ചേരി തിരിഞ്ഞ് ലാത്തി കൊണ്ട് അടിച്ചു. ബിലാല്‍ പോലീസിനെ പ്രതിരോധിക്കുന്നതിനിടെ കൂട്ടമായെത്തിയ പോലീസുകാരിലൊരാള്‍ ലാത്തികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. ഇതിനിടെയാണ് കണ്ണ് തകര്‍ന്നത്.
മുഖംപൊത്തി പിന്മാറാന് ശ്രമിക്കുന്നതിനിടെ വീണ്ടും പോലീസ് അടി തുടര്‍ന്നു. ഇതിനിടെയാണ് മറ്റ് നാല് പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റത്. ഇവരുടെ തല പൊട്ടി രക്തമൊഴുകുന്ന നിലയിലായിരുന്നു. ഇതോടെ കൊടികെട്ടിയ പൈപ്പുകളും മറ്റുമായി പ്രവര്‍ത്തകര്‍ പോലീസിന് നേരെ തിരിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ പലക ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെ പോലീസ് ശക്തമായ ലാത്തിച്ചാര്‍ജ് തുടര്‍ന്നു.
പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലും വാഹനത്തിനുനേരെ പോലീസ് ലാത്തി വീശീ. സംഘര്‍ഷം 20 മിനിറ്റോളം നീണ്ടു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരിടപെട്ട് മറ്റ് പൊലീസുകാരെയും നിയന്ത്രിച്ചതോടെയാണ് രംഗം ശാന്തമായത്. ഈ പ്രശ്നങ്ങളില്‍ റോഡ് തടഞ്ഞതിനടക്കം 75 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ലാത്തിച്ചാര്‍ജ്ജിനിടെ ഏതാനും മാദ്ധ്യമപ്രവര്ക്കര്ക്കും പരിക്കേറ്റു. സംഘര്‍ഷത്തിന് ശേഷം മാര്‍ച്ച് തുടര്‍ന്ന പ്രവര്‍ത്തകര്‍ ഗാന്ധിസ്ക്വയറിന് സമീപം സംഘടിച്ച് രണ്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചു. വൈകിട്ട് 4.30ന് തൊടുപുഴയിലെ ചാഴികാട്ട് ആശുപത്രിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഡിസിസി പ്രസിഡന്റിനെയും പോലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സന്ദര്‍ശിച്ചു
ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന് മര്‍ദനമേറ്റ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. എം.എസ്. ശരത്ത്, അജയ് ചെറിയാന്, അനന്ദു മോന്, ജെയിന് കെ.രാജ്, ശരത്ത് ബാബു എന്നിവരെയാണ് സി.പി. മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ക്ക് പുറമേ സംഭവുമായി ബന്ധപ്പെട്ട് 42 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയുളള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: