ന്യൂദല്‍ഹി: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ പണപ്പെരുപ്പം മെയ് മാസത്തില്‍ 7.9 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനത്തിലേക്ക് താഴുന്നു. മോദി സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനനഷ്ടം സഹിച്ച് ഇന്ധന വിലയുടെ എക്സൈസ് തീരുവ കുറച്ചതും റിസര്‍വ്വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്തിയതുമാണ് ഇപ്പോഴത്തെ ആശ്വാസത്തിന് കാരണം.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കനുസരിച്ച് ഗ്രാമീണ മേഖലയിലും നഗരമേഖലയിലും പണപ്പെരുപ്പം ചെറിയ തോതില്‍ കുറഞ്ഞു. മെയ് മാസത്തില്‍ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 7.01 ശതമാനം മാത്രമാണ്. എന്നാല്‍ ഏപ്രിലില്‍ ഇത് 8.38 ശതമാനമായിരുന്നു. നഗരമേഖലയില്‍ മെയ് മാസത്തെ പണപ്പെരുപ്പ നിരക്ക് 7.08 ശതമാനമാണ്. ഇത് ഏപ്രില്‍ മാസത്തില്‍ 7.09 ശതമാനമായിരുന്നു.
ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ പണപ്പെരുപ്പ നിരക്ക് 8.31 ശതമാനത്തില്‍ നിന്നും 7.97 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ധാന്യങ്ങളുടെ കാര്യത്തില്‍ വിലക്കയറ്റം ഏപ്രിലിലെ 5.96 ശതമാനത്തില്‍ നിന്നും 5.33 ശതമാനമായി കുറഞ്ഞു. ഭക്ഷ്യഎണ്ണകളുടെ കാര്യത്തിലും കൊഴുപ്പിന്റെ കാര്യത്തിലും വന്‍തോതില്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞിട്ടുണ്ട്. 17.28 ശതമാനത്തില്‍ നിന്നും ഇത് 13.26 ശതമാനത്തിലേക്ക് കുറഞ്ഞു. പഴവര്‍ഗ്ഗങ്ങളുടെ വിലയിലെ പണപ്പെരുപ്പ നിരക്കും 4.99 ശതമാനത്തില്‍ നിന്നും 2.33 ശതമാനമായി കുറഞ്ഞു.
ഗോതമ്പ്, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലവര്‍ധനയാണ് തലവേദനയായി നില്‍ക്കുന്നത്. ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ 39.05 ശതമാനം ഭക്ഷ്യോല്പന്ന വിലയെ അടിസ്ഥാനമാക്കിയുള്ളതാണ്. പച്ചക്കറി വില പൊതുവേ തലവേദനയാണ്. ഇറച്ചിയുല്പ്പന്നങ്ങളുടെ വിലയിലും മത്സ്യവിലയിലും നേരിയ വര്‍ധനയുണ്ട്.
എന്തായാലും റിസര്‍വ്വ് ബാങ്കിന്റെ അനുവദനീയമായ ഉപഭോക്തൃ പണപ്പെരുപ്പമായ ആറ് ശതമാനത്തിന് മുകളിലാണെന്നത് ആശങ്കയുണ്ടെങ്കിലും ഇത് താഴേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ തിരിച്ചടിയും അതിന് തൊട്ടുപിന്നാലെ വന്ന റഷ്യ-ഉക്രൈന് സംഘര്‍ഷവും വന്‍ തിരിച്ചടികള്‍ സൃഷ്ടിക്കുമ്പോഴാണ് മോദി സര്‍ക്കാര്‍ ഇത്തരമൊരു നേട്ടമുണ്ടാക്കുന്നതെന്നത് അഭിനന്ദനാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: