തൃശൂർ: നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനായി കേരള പോലീസ് സ്ഥാപിച്ച ‘പപ്പു സീബ്ര’പ്രതിമ തകർത്തു. കോർപറേഷൻ ഓഫീസിന് സമീപത്ത് പോലീസിന്റെ റെഡ് ബട്ടണോട് ചേർന്ന് സ്ഥാപിച്ചിരുന്ന പപ്പു സീബ്രയുടെ ഫൈബർ പ്രതിമയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത പ്രതിമയാണിത്.
വിവിധ ഭാഗങ്ങളിലേക്ക് വഴികളുടെ സൂചനകൾ അറിയിച്ച ബോർഡുകൾ ഘടിപ്പിച്ച കൈ ആണ് തകർത്തത്. തൃശൂർ പൂരത്തിന് തൊട്ട് മുൻപായിരുന്നു തൃശൂർ നഗരത്തിലെത്തുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാനായി പപ്പുവിനെ സ്ഥാപിച്ചത്. പൂരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ ഗതാഗത സുരക്ഷാ ബോധവൽക്കരണ പ്രചാരണവുമായിരുന്നു വഴി കാട്ടിയാവുന്ന പപ്പു സീബ്ര.
തൃശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ പപ്പുവിനെ സ്ഥാപിച്ചിട്ടുണ്ട്. കേരളാ പൊലീസ് ആവിഷ്കരിച്ച റോഡ് സെൻസ് പദ്ധതിയുടെ ഭാഗമായാണ് പപ്പുവിന്റെ മനോഹരമായ ഫൈബർ പ്രതിമകൾ തിരക്കേറിയ ജംഗ്ഷനുകളിൽ വഴികാട്ടികളാകുന്നത്. ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയാണ് പപ്പുവിന്റെ സ്രഷ്ടാവ്. മികച്ച റോഡ് സുരക്ഷാപ്രചാരണത്തിന് അന്താരാഷ്ട്ര മീഡിയ സേഫ്റ്റി അവാര്‍ഡ് നേടിയിട്ടുള്ളതാണ് ഈ പദ്ധതി.
റോഡ് സെന്‍സ് പപ്പു എന്ന കഥാപാത്രത്തിലൂടെ കേരളാപോലീസ് നടത്തിയ ശുഭയാത്ര അവബോധ പ്രചാരണം റോഡപകടങ്ങള്‍ ഗണ്യമായി കുറച്ചിരുന്നു. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയ പദ്ധതിയില്‍ അന്ന് ഐ.ജി.യായിരുന്ന ഡോ. ബി. സന്ധ്യയും ഡി.ജി.പി.യായിരുന്ന ജേക്കബ് പുന്നൂസുമാണ് നന്ദന്‍പിള്ള സൃഷ്ടിച്ച കഥാപാത്രത്തിന് പപ്പു എന്ന പേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: